Connect with us

International

ഗ്വാണ്ടനാമോയിലെ സഊദി പൗരന്മാരെ ഉടന്‍ കൈമാറും

Published

|

Last Updated

റിയാദ്/വാഷിംഗ്ടണ്‍: ഗ്വാണ്ടനാമോയിലെ തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി നാല് പേരെ ഉടന്‍ തന്നെ സഊദിയിലേക്ക് അയക്കുമെന്ന് അമേരിക്ക ഉറപ്പ് നല്‍കി. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന നാല് സഊദി പൗരന്മാരടക്കം 19 പേരെ മോചിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. മനുഷ്യാവകാശ ധ്വംസനങ്ങളും ക്രൂരമായ പീഡനങ്ങളും നടക്കുന്ന രഹസ്യ തടവറയില്‍ നിന്ന് തടവുകാരെ കൈമാറുമെന്ന തന്റെ പ്രഖ്യാപനം സ്ഥാനം ഒഴിയുന്നതിന് മുമ്പ് പാലിക്കാനാണ് യു എസ് പ്രസിഡന്റ് ഒബാമ ശ്രമിക്കുന്നത്. ഒമാന്‍, യു എ ഇ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് തടവുകാരെ കൈമാറാന്‍ അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്. തീവ്രവാദ കുറ്റം ആരോപിച്ചാണ് ഇവരെ ക്യൂബയിലെ യു എസ് സൈനിക ആസ്ഥാനത്തെ തടവറയില്‍ അടച്ചത്.

വിചാരണ പോലുമില്ലാതെയാണ് ഇവരെ പീഡിപ്പിക്കുന്നതെന്നും മൂന്നാം മുറകള്‍ ഇവര്‍ക്ക് നേരെ പ്രയോഗിക്കാറുണ്ടെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഗ്വാണ്ടനാമോ ജയില്‍ അടച്ചൂപൂട്ടുന്നതിനെതിരെ രംഗത്തെത്തിയ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മറികടന്നാണ് തടവുകാരെ അധികൃതര്‍ കൈമാറുന്നത്. സഊദിയടക്കമുള്ള ജി സി സി രാജ്യങ്ങളിലും മറ്റുമുള്ള 40 പേരാണ് ഗ്വാണ്ടനാമോയില്‍ അവശേഷിക്കുന്നതെന്നാണ് ഔദ്യോഗിക വിവരം. ട്രംപ് അധികാരത്തിലേറുന്ന ഈ മാസം 20ന് മുമ്പ് ഇവരെ മുഴുവനും അതത് രാജ്യങ്ങള്‍ക്കോ മറ്റ് രാജ്യങ്ങള്‍ക്കോ കൈമാറാനാണ് തീരുമാനം.

ജയില്‍ സംവിധാനം കാര്യക്ഷമമല്ലാത്ത യമന്‍ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരെ അയല്‍ രാജ്യമായ ഒമാനിലേക്കോ സഊദി അറേബ്യയിലേക്കോ കൈമാറലാണ് പതിവ്. ഗ്വാണ്ടനാമോയില്‍ നിന്ന് കഴിഞ്ഞ വര്‍ഷവും തടവുകാരെ കൈമാറിയിരുന്നു.
ഗ്വാണ്ടനാമോയില്‍ നിന്ന് ഇനി മോചനം ഉണ്ടാകരുതെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം വകവെക്കാതെയാണ് സഊദി പൗരന്മാരെയടക്കം 19 പേരെ കൈമാറാന്‍ അമേരിക്ക തീരുമാനിച്ചത്. ഒബാമയുടെ പ്രത്യേക നിര്‍ദേശത്തോടെയാണ് ഈ നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്. തടവുകാരെ മോചിപ്പിക്കരുതെന്ന റിപ്പബ്ലിക്കനായ ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ വൈറ്റ്ഹൗസ് അധികൃതര്‍ സന്നദ്ധമായില്ലെന്നാണ് റിപ്പോര്‍ട്ട്. കടുത്ത മുസ്‌ലിംവിരുദ്ധ നിലപാടുള്ള ട്രംപ് അധികാരത്തിലേറിയാല്‍ ഗ്വാണ്ടനാമോയിലെ തടവുകാരുടെ മോചനം ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയാണ് തിരക്കിട്ട് അമേരിക്ക ഈ നടപടി സ്വീകരിച്ചത്.
2009ല്‍ ഒബാമ അധികാരത്തിലേറുമ്പോള്‍ 242 തടവുകാര്‍ ഗ്വാണ്ടനാമോയിലുണ്ടായിരുന്നു. ഇവരെ ഘട്ടംഘട്ടമായി വിവിധ രാജ്യങ്ങള്‍ക്ക് കൈമാറുകയായിരുന്നു. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു അമേരിക്ക ഇവരെ പിടികൂടിയിരുന്നത്. പലരും തീവ്രവാദി കേസുകളില്‍ ബന്ധമില്ലാത്ത നിരപരാധികളായിരുന്നുവെന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

Latest