Connect with us

International

കൊലയാളി സൈനികന്റെ മോചനം ആവശ്യപ്പെട്ട് ഇസ്‌റാഈലിന്റെ മുറവിളി

Published

|

Last Updated

വിചാരണക്കെത്തിയ അസാറി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം

ടെല്‍ അവീവ്: നിരായുധനും പരുക്കേറ്റവനുമായ ഫലസ്തീന്‍ യുവാവിനെ പ്രകോപനങ്ങളൊന്നുമില്ലാതെ വെടിവെച്ച് കൊന്ന കേസില്‍ വിചാരണ നേരിടുന്ന ഇസ്‌റാഈല്‍ സൈനികന്‍ സെര്‍ജെന്റ് എലോര്‍ അസാറിയക്ക് വേണ്ടിയുള്ള മുറവിളി ആക്രമണങ്ങളിലേക്കും ആക്ഷേപങ്ങളിലേക്കും വഴിമാറുന്നു. 20കാരനായ സൈനികനെ ശിക്ഷിക്കരുതെന്നും ഇയാള്‍ക്ക് മോചനം വേണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായി. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഇസ്‌റാഈല്‍ സൈനിക കോടതിയെയും സര്‍ക്കാറിനെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.

കൊലപാതകം നടത്തിയതിന് കൃത്യമായ വീഡിയോ തെളിവായി പ്രതിഭാഗത്തിനെതിരെ സമര്‍പ്പിച്ചതാണ് സൈനികനെതിരായ വിധിയിലേക്ക് കോടതിയെ നയിച്ചത്. ഇസ്‌റാഈലിലെ തന്നെ മനുഷ്യാവകാശ സംഘടന വിഷയം ഏറ്റെടുത്തതും ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതും കോടതിയെ കൃത്യമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു. ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പേരില്‍ അപൂര്‍വമായി മാത്രമാണ് ഇസ്‌റാഈല്‍ സൈനികര്‍ക്കും പൗരന്മാര്‍ക്കുമെതിരെ കോടതി വിധിയുണ്ടാകാറുള്ളത്. കോടതി നടപടിയുണ്ടാകുകയാണെങ്കില്‍ തന്നെ ബലഹീനമായ കുറ്റങ്ങളാണ് ഇത്തരക്കാര്‍ക്ക് നേരെ ചുമത്താറുള്ളത്.

സൈനികന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചുരുങ്ങിയത് 20 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, കോടതി വിധി അട്ടിമറിക്കാനും പ്രക്ഷോഭം വ്യാപിപ്പിച്ച് സൈനികനെ മോചിപ്പിക്കാനുമുള്ള ശ്രമമാണ് തീവ്രവലതുപക്ഷ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോടതിക്കും ജഡ്ജിമാര്‍ക്കുമെതിരെ ആക്ഷേപവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ ആക്ഷേപിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമാസക്തമായ പ്രക്ഷോഭം നടത്തിയതിനും പലര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കൊലയാളിയായ സൈനികന് പൊതുമാപ്പ് നല്‍കി വിട്ടയക്കണമെന്നാവശ്യവും ശക്തമാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഈ ആവശ്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉന്നയിച്ചിട്ടുണ്ട്.
ഇസ്‌റാഈലിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ തങ്ങള്‍ക്ക് നീതി കിട്ടാനുള്ള സാധ്യതയില്ലെന്ന് കൊല്ലപ്പെട്ട ഫലസ്തീന്‍ യവാവിനെ ബന്ധുക്കള്‍ വ്യക്തമാക്കി. വിചാരണ തുടങ്ങിയതോടെ കൊലയാളിയായ ഇസ്‌റാഈല്‍ സൈനികനെ സ്വന്തം മകനായിട്ടാണ് പലരും കാണുന്നതെന്നും അവര്‍ ആരോപിച്ചു.

കൊല്ലപ്പെട്ട അബദുല്‍ ഫത്താഹ് എന്ന 21കാരനെതിരെ നിരവധി ആരോപണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു. സംഭവ സമയം ഫത്താഹ് ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നായിരുന്നു പ്രധാന ആരോപണം.

Latest