Connect with us

Kozhikode

മുസ്‌ലിം വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ യുവജന സംഘടനകളുടെ യോഗത്തില്‍ തീരുമാനം

Published

|

Last Updated

കോഴിക്കോട്: ധൈഷണിക കൂട്ടായ്മക്ക് കരുത്ത് പകരുന്നതിനും സമുദായങ്ങള്‍ തമ്മിലും സമുദായത്തിനകത്തും സൗഹൃദം ശക്തിപ്പെടുത്തുന്നതിനും മുസ്‌ലിം യുവജന സംഘടനാ നേതാക്കളുടെ സംയുക്ത യോഗം തീരുമാനിച്ചു. മുസ്‌ലിം വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കുവാനും സാമൂഹിക നന്മക്കും മത സൗഹാര്‍ദത്തിനും മുസ്‌ലിം ചെറുപ്പക്കാരെ ദിശാബോധത്തോടെ നയിക്കാനും രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കാനും ഒന്നിച്ചു നില്‍ക്കും.
സമൂഹത്തിനകത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെ സമഗ്രമായി നിരീക്ഷിക്കാനും യുവാക്കളുടെ ക്രിയാശേഷിയെ കൂടുതല്‍ നിര്‍മാണാത്മകമാക്കുന്നതിനുമുള്ള വ്യത്യസ്ത പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ എം എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ എം മുഹമ്മദ് സാദിഖ്, എസ് ഷറഫുദ്ദീന്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ടി അബ്ദുല്‍ മജീദ്, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, ഐ എസ്എം (വിസ്ഡം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സജ്ജാദ്, വൈസ് പ്രസിഡന്റ് ഡോ സി എം സാബിര്‍ നവാസ്, കെ എം വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ് തൗഫീഖ് മൗലവി, മുഹമ്മദ് സാജിദ് അലി ബദ്‌രി കുമ്മനം, മുഹമ്മദ് സഹല്‍ അലി ബദ്‌രി ഇടുക്കി, എം എസ് എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് പി വി താജുദ്ദീന്‍, കെ ഫൈജാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest