Connect with us

Editorial

മോദി പറഞ്ഞ കള്ളപ്പണമെവിടെ?

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ കള്ളപ്പണമെവിടെ? രാജ്യത്ത് കള്ളപ്പണത്തിന്റെ തോത് ഭീമമായി വര്‍ധിച്ചിട്ടുണ്ടെന്നും അത് മൂല്യരഹിതമാക്കാനാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതെന്നുമായിരുന്നു നവംബര്‍ എട്ടിന് രാത്രി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നത്. അന്ന് വിപണിയില്‍ അഞ്ച് ലക്ഷം കോടിയോളം കള്ളപ്പണമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്. നോട്ട് നിരോധത്തോടെ അവ കത്തിച്ചുകളയുകയല്ലാതെ കള്ളപ്പണക്കാര്‍ക്കു മറ്റു മാര്‍ഗമുണ്ടാകില്ലെന്നും അവകാശപ്പെട്ടു. തിരിച്ചെത്താത്ത ഈ അഞ്ച് ലക്ഷം കോടി റിസര്‍വ് ബേങ്കിന്റെ ബാധ്യതകളില്‍ ലയിപ്പിച്ച് പൊതുഖജനാവിന് മുതല്‍ക്കൂട്ടാക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടി. എന്നാല്‍ ഡിസംബര്‍ 30 വരെയുള്ള കണക്കനുസരിച്ചു 14.97 ലക്ഷം കോടിയുടെ നോട്ടുകള്‍ ബേങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. തിരികെ എത്തിയ നോട്ടുകളുടെ കണക്ക് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിമുഖത കാണിക്കവെ പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ച് ഒരു ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ബേങ്കിംഗ് വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐയും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ എട്ടിന് നോട്ടുകള്‍ അസാധുവാക്കുമ്പോള്‍ 15.04 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ കറന്‍സികളായിരുന്നു രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. അതനുസരിച്ചു ഏഴ് കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് ഇനിയും വിപണിയില്‍ അവശേഷിക്കുന്നത്. വിദേശ ഇന്ത്യക്കാര്‍ക്ക് നോട്ട് മാറ്റത്തിനുള്ള അവസരം ജൂണ്‍ 30 വരെയുണ്ട്. ആര്‍ ബി ഐ ബേങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനുള്ള കാലാവധിയും മൂന്ന് മാസത്തോളം അവശേഷിക്കുന്നു. ഇതിനകം ബാക്കിയുള്ള നോട്ടുകളും തിരിച്ചെത്താനാണ് സാധ്യത.

ഒന്നുകില്‍ രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്. അല്ലെങ്കില്‍ കള്ളപ്പണക്കാര്‍ സര്‍ക്കാറിന്റെ കണ്ണുവെട്ടിച്ചു അവരുടെ പണം ബേങ്കിലെത്തിച്ചിരിക്കണം. രണ്ടായാലും കള്ളപ്പണക്കാരെ വേട്ടയാടുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പരാജയപ്പെട്ടു. ഡിസംബര്‍ 31ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ എത്ര രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നോ നോട്ട് നിരോധത്തിന്റെ ഫലങ്ങളെക്കുറിച്ചോ പറയാതെ കുറേ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു തടിയൂരിയത് ഇതുകൊണ്ടാണെന്നാണ് കരുതപ്പെടുന്നത്. പൂര്‍ണമായ കണക്കുകള്‍ തന്റെ വശമില്ലെന്നു പറഞ്ഞു ഇതുസംബന്ധിച്ച ചോദ്യത്തിന് മുന്നില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഒഴിഞ്ഞു മാറുകയാണ്.
കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള “സര്‍ജിക്കല്‍ സ്‌ട്രൈക്ക്” എന്ന രീതിയിലാണ് നോട്ട് നിരോധം നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കള്ളപ്പണക്കാരല്ല; രാജ്യത്തെ സാധാരണക്കാരാണ് ഇതുമൂലം പ്രയാസം അനുഭവിക്കേണ്ടി വന്നത്. ആവശ്യത്തിന് നോട്ടുകള്‍ ലഭിക്കാതെ അവര്‍ നെട്ടോട്ടമോടി. നോട്ട് മാറ്റാന്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അവശരായും രോഗചികിത്സക്ക് പണം ലഭ്യമല്ലാത്തതിനെ തുടര്‍ന്നും മറ്റും നൂറിലേറെ പേരുടെ ജീവന്‍ നഷ്ടമായി. പണം മാറിക്കിട്ടാന്‍ ജോലി നഷ്ടപ്പെടുത്തി ബേങ്കുകളില്‍ ചടഞ്ഞിരിക്കേണ്ട അവസ്ഥ പല പ്രദേശങ്ങളിലും ഇപ്പോഴും തുടരുകയാണ്. എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ യൂസേഴ്‌സ് ചാര്‍ജ്, സേവന നികുതി ഇനത്തില്‍ ഇരുപതോളം രൂപ നഷ്ടമാകുന്നു. റിസര്‍വ് ബേങ്കിന് അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിയാത്തതിനാല്‍ മിക്ക ബേങ്കുകളും ഉപഭോക്താക്കള്‍ക്ക് രണ്ടായിരത്തിന്റെ നോട്ടുകളാണ് നല്‍കുന്നത്. എ ടി എമ്മുകളിലും ഇതുതന്നെ അവസ്ഥ. ഇതുമായി കടകളിലെത്തിയാല്‍ അവിടെയും ആവശ്യത്തിന് ചെറിയ നോട്ടുകളില്ല.

നോട്ടുകള്‍ അസാധുവാക്കുന്നത് കള്ളപ്പണവും കള്ളനോട്ടും പ്രതിരോധിക്കാന്‍ സഹായകമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മ്യാന്മര്‍, പാക്കിസ്ഥാന്‍, സോവിയറ്റ് യൂനിയന്‍. ആസ്‌ത്രേലിയ, ഉത്തര കൊറിയ, ഘാന, സിംബാബ്‌വേ, ഫിലിപ്പൈന്‍സ് തുടങ്ങി കള്ളപ്പണ വേട്ടയുടെ ഭാഗമായി നോട്ടുകള്‍ അസാധുവാക്കിയ രാജ്യങ്ങളിലൊന്നും അത് പ്രതീക്ഷിച്ച ഫലമുളവാക്കിയിട്ടില്ല. ഇന്ത്യയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ളതും വികസനത്തില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുമായ ആസ്‌ത്രേലിയയില്‍ നോട്ടുകള്‍ പിന്‍വലിച്ച് പുതിയത് നടപ്പിലാക്കുന്നതിന് ഏകദേശം നാലുവര്‍ഷം വേണ്ടിവന്നു. ഉത്തര കൊറിയയില്‍ നോട്ട് നിരോധം പരാജയപ്പെട്ടപ്പോള്‍ ധനകാര്യ മന്ത്രിയെ വിചാരണ ചെയ്താണ് ജനങ്ങളുടെ പ്രതിഷേധം തണുപ്പിച്ചത്. ഘാനയിലും നൈജീരിയയിലും സയറിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവും ഭരണമാറ്റവുമായിരുന്നു ഫലം. റൂബിളിന്റെ മൂല്യം ഇല്ലാതാക്കിയതാണ് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയുടെയും ഗോര്‍ബച്ചേവിന്റെ പതനത്തിന്റെയും മുഖ്യകാരണങ്ങളിലൊന്ന്. ഇന്ത്യയിലും നോട്ട് നിരോധം വന്‍പരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പറഞ്ഞു ജാള്യത മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിന് പകരം പരാജയം സമ്മതിച്ചു ജനങ്ങളോട് മാപ്പ് പറയുകയാണ് പ്രധാനമന്ത്രിയും സര്‍ക്കാറും ചെയ്യേണ്ടത്.

---- facebook comment plugin here -----

Latest