ശൈഖ് ജീലാനി(റ): ജീവിതവും ദര്‍ശനവും

Posted on: January 6, 2017 6:47 am | Last updated: January 6, 2017 at 11:48 am

അന്ത്യ പ്രവാചകര്‍ക്ക് ശേഷം ഇസ്‌ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും നിയുക്തരായവരാണ് സ്വഹാബത്തും താബിഉകളും പില്‍കാല പണ്ഡിതരും. നബി (സ)യുടെ ജീവിതകാലം ഇസ്‌ലാമിന്റെ ഏറ്റവും തിളക്കമാര്‍ന്ന സുവര്‍ണ കാലഘട്ടമായിരുന്നു. ഖുലഫാഉ റാശിദുകള്‍, അഇമ്മത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഖൈറുല്‍ കുറൂന്‍ (ഉത്തമ നൂറ്റാണ്ടുകള്‍) കഴിഞ്ഞതോടെ ഉജ്ജ്വലമായിരുന്ന ഇസ്‌ലാമിക പ്രഭക്ക് മങ്ങലേറ്റു തുടങ്ങി. ഇസ്‌ലാമിക ശരീഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഷണം സംഭവിച്ചു കൊണ്ടിരുന്ന ഈ സന്ദര്‍ഭത്തില്‍, ഹിജ്‌റ ആറാം നൂറ്റാണ്ടിലെ ആത്മീയനവോത്ഥാന ഗുരുവായിക്കൊണ്ടായിരുന്നു ഹിജ്‌റ 491ല്‍ വിശുദ്ധ റമസാന്‍ ഒന്നിന് ശൈഖ് ജീലാനി തങ്ങളുടെ ആഗമനം. പ്രവാചക പേരമകന്‍ ഹസന്‍ (റ) വിന്റെയും മാതാവ് വഴി ഹുസൈന്‍ (റ)വിന്റെയും പരമ്പരയിലാണ് ശൈഖ് അവര്‍കളുടെ ജനനം. തൊണ്ണൂറ്റി ഒന്ന് വര്‍ഷവും ഏഴ് മാസവും ജീവിച്ചു. ഹിജ്‌റ 583ല്‍ ഇതു പോലൊരു റബിഉല്‍ ആഖിര്‍ മാസം 11ന് അനുകരണീയരായ ലക്ഷക്കണക്കിന് പ്രബോധകരെ ലോകത്തിന് സംഭാവന ചെയ്തുകൊണ്ടായിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്.

ആറാം നൂറ്റാണ്ടില്‍ മാത്രമല്ല, ഇന്നും ആഗോള തലത്തിലുള്ള ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ തലപ്പത്തിരിക്കുന്നത് ആ ശിഷ്യ പരമ്പരയില്‍ പെട്ട ആത്മജ്ഞാനികളായ പണ്ഡിത ശ്രേഷ്ഠരാണ്. ശൈഖ് ജീലാനി(റ) തങ്ങളുടെ നാമധേയത്തില്‍ അറിയപ്പെടുന്ന ആത്മീയ മാര്‍ഗമാണ് ഖാദിരിയ്യ ത്വരീഖത്ത്. പരിഷ്‌കാരത്തിന്റേ പേരില്‍ ഇന്ന് ലോകത്ത് എന്തൊക്കെ നടക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കായ വിശ്വാസികള്‍ ഖാദിരിയ്യ ത്വരീഖത്ത് അവലംബിച്ചുകൊണ്ട് ആത്മ പരിപോഷണവും ധാര്‍മിക മുന്നേറ്റവും നടത്തിവരുന്നുണ്ട്. മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചപ്പോള്‍ വിശുദ്ധ ദീനിന് പുതു ജീവന്‍ നല്‍കിയ ശൈഖ് അവര്‍കള്‍ മുഹ്‌യിദ്ദീന്‍ എന്ന നാമം അര്‍ഥപൂര്‍ണമാക്കി കൊണ്ട് ആത്മീയ സരണി തേടുന്നവര്‍ക്ക് ഇന്നും പുതുജീവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ജനന-മരണ സമയത്തും ശൈശവകാലത്തും എന്നല്ല ജീവിതത്തിലുടനീളം ചിന്താര്‍ഹമായ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ കാണാം. വിശുദ്ധ ഖുര്‍ആനും മറ്റു പ്രമാണങ്ങളും ഈ കാര്യം ഉണര്‍ത്തുന്നുണ്ട്. ഒട്ടേറെ അസാധാരണ സംഭവങ്ങളുമായിക്കൊണ്ടായിരുന്നല്ലോ തിരുനബി (സ) യുടെ ജനനം. ഈസാ നബി(അ) തൊട്ടിലില്‍ കിടന്ന് സംസാരിച്ച കാര്യം വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് എന്ന പോലെ ഔലിയാക്കള്‍ക്ക് കറാമത്തും പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ശൈഖ് ജീലാനി തങ്ങള്‍ മുലകുടി പ്രായത്തില്‍ തന്നെ അത്ഭുതങ്ങള്‍ കാണിച്ചു. റമസാന്‍ മാസത്തിലെ പകല്‍ സമയം മുഴുവന്‍ പാലുകുടിക്കാതെ നോമ്പുകാരെപ്പോലെ കഴിഞ്ഞു കൂടി. ശവ്വാല്‍ മാസപ്പിറവിയെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ അവരുടെ വന്ദ്യ മാതാവിനോട് അന്വേഷിക്കുകയുണ്ടായി. അവരുടെ മറുപടി ഇന്നലെ മാസം പിറന്നിട്ടില്ല, എന്റെ മകന്‍ ഇന്നും മുലപ്പാല് കുടിച്ചിട്ടില്ല എന്നായിരുന്നു. ഇതേ കുറിച്ച് പണ്ഡിതന്‍ ഖാളി മുഹമ്മദ് പറഞ്ഞത് പ്രസിദ്ധമാണല്ലോ. ”മുതലായ റമളാനില്‍ മുപ്പത് നാളിലും മുല കുടിക്കും കാലം മുലനെ തൊടാതോവര്‍”.
ശൈശവ കാലഘട്ടത്തില്‍ തന്നെ ആത്മീയ നേതൃനിയോഗത്തിന്റെ ശുഭലക്ഷണങ്ങള്‍ വിശ്വാസികള്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. ബാല്യകാല ചാപല്യങ്ങളില്‍ നിന്ന് സുരക്ഷ ലഭിക്കുമാറ് ഇലാഹീ ശിക്ഷണത്തില്‍ ചെറുപ്പം. സത്യം തുറന്ന് പറഞ്ഞ,് കള്ളന്റെ കൈയില്‍ പൊന്നു കൊടുത്ത് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു ആ വിദ്യാര്‍ഥി. തെറ്റ് തിരുത്തി സത്യമാര്‍ഗം അവലംബിക്കുകയായിരുന്നല്ലോ ആ കവര്‍ച്ചാ സംഘം. മറ്റൊരിക്കല്‍ സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം വിനോദത്തിലേര്‍പ്പെടുകയും ഒരു പശുവിന്റെ പിന്നാലെ ഓടാനൊരുങ്ങിയപ്പോള്‍ ”അ ലിഹാദാ ഖുലിഖ്ത യാ അബ്ദല്‍ ഖാദിര്‍” (ഇതിനാണോ നീ സൃഷ്ടിക്കപ്പെട്ടത് അബ്ദുല്‍ ഖാദിറേ) എന്ന് പശു സംസാരിച്ചതും സുവിദിതമാണ്. മഹത്തമേറിയ അറഫാ ദിനത്തില്‍ വിശേഷിച്ചും അക്ഷന്തവ്യമായ യാതൊന്നുമുണ്ടായിക്കൂടെന്ന ലോകാന്ത്യം വരെയുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണിത്. സല്‍കാര്യങ്ങള്‍ക്കായി സൃഷ്ടാവ് തിരഞ്ഞെടുക്കുന്നവരുടെ സവിശേഷതകളാണിതെല്ലാം. ‘ഏറും അറഫനാള്‍ പശുവെ പായിച്ചാരെ ഇതിനോ പടച്ചെന്ന് പശു പറഞ്ഞോവര്‍’ എന്ന ചിത്രീകരണത്തില്‍ പുണ്യ പുരുഷന്മാരോട് മനുഷ്യേതര ജീവികള്‍ സംവദിച്ചതും ഗുണകരമല്ലാത്ത ചെറുകര്‍മങ്ങളില്‍ നിന്ന് പോലും അല്ലാഹു തന്റെ ഇഷ്ടദാസന്‍മാരെ ചെറുപ്പകാലം മുതലേ സംരക്ഷിച്ചെടുത്തതുമടക്കം ഒരുപാട് സന്ദേശങ്ങള്‍ ഈ വരികളില്‍ നിന്ന് വായിച്ചെടുക്കാം. ബാല്യകാലത്ത് അറേബ്യയില്‍ പതിവുണ്ടായിരുന്ന രാക്കഥ പറയുന്ന സദസ്സിലേക്ക് കൂട്ടുകാര്‍ പോകാനൊരുങ്ങിയപ്പോള്‍ പുണ്യനബിയെ ഉറക്കം നല്‍കിക്കൊണ്ട് നാഥന്‍ സുരക്ഷിതനാക്കിയ സംഭവം പ്രസിദ്ധമാണല്ലോ. നബിമാരുടെയും മഹത്തുക്കളുടെയും ചരിത്രത്തില്‍ സമാനമായ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാം. ജീവിതാരംഭത്തിലേ തിന്മകളില്‍ നിന്നും തടഞ്ഞു നിര്‍ത്തി നന്മയിലേക്കും ആത്മീയതയുടെ ഉത്തുംഗതയിലേക്കും പ്രപഞ്ച സ്രഷ്ടാവ് ശൈഖ് ജീലാനി തങ്ങളെ കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു.
സുദീര്‍ഘമായ അര നൂറ്റാണ്ടോളം സജ്ജന സമ്പര്‍ക്കവും ആത്മ സംസ്‌കരണാന്വേഷണവുമായി കഴിച്ചുകൂട്ടി, അമ്പതാം വയസ്സിന് ശേഷമാണ് ശൈഖ് പൊതു രംഗത്ത് സജീവമാകുന്നത്. വിജ്ഞാന പ്രസരണത്തിനും മാനവ സംരക്ഷണ പ്രക്രിയക്കും സ്വയം കരുത്ത് നേടുകയായിരുന്നു ഇത്രയും നീണ്ട കാലം. ശേഷം 40 വര്‍ഷക്കാലം പ്രഭാഷണം, ഗ്രന്ഥപാരായണം, ഗ്രന്ഥരചന, മുജാഹദ, മുഹാസബയുമായി കഴിഞ്ഞു കൂടുകയും, പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷങ്ങളെ വിശുദ്ധ ഇസ്‌ലാമിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയുമായിരുന്നു ശൈഖവര്‍കള്‍. ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. ‘നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠകരമായ കാര്യം നീറുന്ന മനസ്സുകള്‍ക്ക് സന്തോഷം പകരലാണെന്ന’ സുന്ദര ആശയം അവിടുന്ന് ലോകത്തോട് പ്രഖ്യാപിച്ചു. കര്‍മങ്ങളുടെ ആധിക്യമോ വലിപ്പമോ അല്ല, ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയുമാണ് മനുഷ്യരെ ആത്മീയോന്നതിയിലെത്തിക്കുന്നതെന്ന് ഉദ്‌ഘോഷിച്ചു. മനുഷ്യരില്‍ മാത്രമല്ല, ജിന്നുകള്‍ക്കിടയിലും ശൈഖവര്‍കള്‍ ഇടപെടലുകള്‍ നടത്തി. ആത്മീയോത്കര്‍ഷത്താല്‍ ആകാശത്തിലും ഭൂമിയിലും അവിടുത്തെ കീര്‍ത്തിയും യശസ്സും നിറഞ്ഞു നിന്നു.

ശൈഖ് അബ്ദുല്‍ഖാദിര്‍ തങ്ങളുടെ ഈ മാര്‍ഗം തിരഞ്ഞെടുത്ത് സത്യദീനിന്റെ പ്ര ചാരണം നടത്തിയവരാണ് നമ്മുടെ നാട്ടിലേയും പൂര്‍വസൂരികളായ പണ്ഡിതന്മാര്‍. ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും ഇസ്‌ലാമിന്റെ പ്രചുര പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സുല്‍ത്വാനുല്‍ ഹിന്ദ് അജ്മീര്‍ ശൈഖും സയ്യിദ് ഇബ്രാഹീം ബാദ്ഷാ തങ്ങളും ഗൗസുല്‍ അഅഌമില്‍ നിന്ന് ആശീര്‍വാദങ്ങള്‍ വാങ്ങിയവരായിരുന്നു. ‘മുബ്തദിഅ് ഒരു വഴിയില്‍ പ്രവേശിച്ചാല്‍ നീ മറ്റൊരു മാര്‍ഗം സ്വീകരിക്കുക.’ തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുന്‍യത്തുത്വാലിബീനിലെ പ്രഖ്യാപനമാണിത്. വിശ്വാസ വൈകല്യമുള്ളവരോട് സ്വീകരിക്കേണ്ട സമസ്തയുടെ നയരേഖ ഈ വരികളില്‍ പ്രകടമാണല്ലോ. ‘സമസ്ത’യുടെ സ്ഥാപകനേതാക്കളായ കഴിഞ്ഞകാല പണ്ഡിതരെല്ലാം ഇത് അക്ഷരാര്‍ഥത്തില്‍ അനുധാവനം ചെയ്യുന്നവരായിരുന്നു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് അത്ഭുത സിദ്ധികളിലൂടെ (കറാമത്ത്) മഹാനവര്‍കള്‍ പരിഹാരം കാണിച്ചുകൊടുത്തു. കറാമത്തുകളില്‍ ആകൃഷ്ടരായി നിരവധിപേര്‍ ഇസ്‌ലാം ആശ്ലേഷിച്ചു. ആ പാത പിന്‍പറ്റികൊണ്ട് മുസ്‌ലിംകള്‍ ഇന്നും ശൈഖ് ജീലാനി തങ്ങളെ സാദരം സ്മരിക്കുന്നു. ഹിജ്‌റ 583 റബീഉല്‍ആഖില്‍ 11ന് ഈ ലോകത്തോട് വിടപറഞ്ഞു.
‘അവര്‍ക്കൊരു ഫാത്തിഹ എപ്പോഴും ഓതുകില്‍, അവരെ ദുആയും ബര്‍ക്കത്തുമെത്തുമെ’