Connect with us

Articles

ഒരു രാജ്യം ഡിജിറ്റലാക്കുന്ന വിധം

Published

|

Last Updated

ഡിസംബര്‍ 30ന് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി “ഭീം ആപ്” പുറത്തിറക്കിയപ്പോള്‍ തന്നെ ജനങ്ങളുടെ കാര്യം ഏതാണ്ട് ആപ്പിലാകുമെന്ന് കരുതിയതാണ്. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ചതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് അമ്പത് ദിവസം എനിക്ക് തരൂ എല്ലാം ശരിയാക്കിത്തരാമെന്നാണ്. ഈ അമ്പത് ദിവസത്തിനിടയില്‍ ജനങ്ങള്‍ പലതും പഠിച്ചു. ആപ് മുതല്‍ ഇ-വാലറ്റ് വരെ. അങ്ങനെ പലതും ജനങ്ങള്‍ വരി നിന്ന് പഠിച്ചു. എന്നാല്‍ രാജ്യത്തെ ഭരണാധികാരികള്‍ ഒന്നും പഠിച്ചിട്ടില്ലെന്നതാണ് സത്യം. ഏറ്റവും ചുരുങ്ങിയപക്ഷം കള്ളപ്പണം തടയാനുള്ള മാര്‍ഗം കറന്‍സി പിന്‍വലിക്കലല്ല എന്നെങ്കിലും പഠിച്ചിരുന്നെങ്കില്‍. കള്ളപ്പണത്തിനും തീവ്രവാദത്തിനുമെതിരെ എന്ന് പറഞ്ഞ് നിരോധം കൊണ്ടുവന്ന് പിന്നീട് കറന്‍സിരഹിത ഇന്ത്യ എന്ന നിലപാടിലേക്കെത്തുമ്പോഴുള്ള കാലയളവില്‍ ജനങ്ങളനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമെവിടെ? ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുവര്‍ഷത്തലേന്ന് നടത്തിയ പ്രസംഗത്തില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിച്ച വാക്കുകള്‍. മോദി അധികാരത്തിലേറിയതുമുതല്‍ പ്രത്യേകിച്ച് പണികളൊന്നുമില്ലാതെ നടക്കുന്ന വിദേശകാര മന്ത്രിയുടെ കൂട്ടത്തിലേക്ക് ഇനി ധനകാര്യമന്ത്രിയുമുണ്ടാകും. ഇത് മാത്രമാണ് ഡിസംബര്‍ 31ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലായ ഒരേയൊരു കാര്യം.

15.4 ലക്ഷം കോടി രൂപ പിന്‍വലിച്ചതില്‍ 97 ശതമാനത്തിലേറെ രാജ്യത്തെ വിവിധ ബേങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ അതിനുപകരം പുതിയ നോട്ടുകള്‍ ബേങ്കുകളിലെത്തിക്കാന്‍ റിസര്‍വ് ബേങ്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തെ കറന്‍സി അച്ചടിക്കുന്ന പ്രസുകളില്‍ ഓവര്‍ടൈം പണിയെടുത്തിട്ടും ഇതാണ് അവസ്ഥ. ഈ നിലയില്‍ പ്രിന്റ് ചെയ്താല്‍ തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും പ്രിന്റിംഗിനായി എടുക്കും. ഇനിയും ഓവര്‍ടൈം ജോലി ചെയ്യാന്‍ കഴിയില്ല എന്ന് ചില പ്രസുകളിലെ ജീവനക്കാര്‍ അറിയിച്ചിരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ പ്രിന്റിംഗ് ജോലികള്‍ നീണ്ടുപോകാനാണ് സാധ്യത. എ ടി എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധിയില്‍ കുറച്ച് വര്‍ധനവ് വരുത്തിയെന്നല്ലാതെ ഇഷ്ടാനുസരണം പണം പിന്‍വലിക്കാമെന്ന അവസ്ഥയിലേക്ക് ബേങ്കുകള്‍ സജ്ജമായിട്ടില്ല.

കള്ളപ്പണത്തിനെതിരെ എന്നു പറഞ്ഞ് നടപ്പാക്കിയ പദ്ധതിയുടെ കാലാവധി അവസാനിച്ചിട്ടും എവിടെയാണ് കള്ളപ്പണമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇനി രാജ്യത്തുണ്ടായിരുന്ന കള്ളപ്പണമെല്ലാം ഏതെങ്കിലും വഴിയിലൂടെ ബേങ്കുകളില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതും ഈ പദ്ധതി പരാജയമായിരുന്നു എന്നതിന് തെളിവാകും. അസാധുവാക്കിയ 15.4 ലക്ഷം കോടി കറന്‍സിയില്‍ ഏതാണ്ട് അഞ്ചോ, ആറോ ശതമാനം മാത്രമാണ് തിരിച്ചെത്താത്തത്. ഇതില്‍ രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന തൊണ്ടിമുതലായ പണവും ഉള്‍പ്പെടും. അപ്പോള്‍ കള്ളപ്പണമെവിടെ എന്ന ചോദ്യം പ്രസക്തമാവുകയാണ്. എന്തിനായിരുന്നു തങ്ങള്‍ ദുരിതങ്ങള്‍ അനുഭവിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയോ, നോട്ട് നിരോധനം തെറ്റായ നടപടിയായിരുന്നു എന്ന രീതിയിലുള്ള കുമ്പസാരമോ പ്രധാനമന്ത്രിക്ക് നല്‍കാന്‍ കഴിയുന്നില്ല.
അസാധുവാക്കിയ നോട്ടുകളില്‍ മൂന്നോ, നാലോ ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയില്ല എന്ന സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍ പാളിയതാണ് പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത മോദിയുടെ പ്രസംഗത്തെ “ബജറ്റ്” നിലവാരത്തിലേക്കെത്തിച്ചത്. ഈ അവസ്ഥയില്‍ തിരിച്ചെത്തിയ പണത്തില്‍ കള്ളപ്പണമുണ്ടോ എന്ന് കണ്ടെത്താനായി സര്‍ക്കാര്‍ തുടരുന്ന നടപടികളായിരിക്കും രാജ്യത്തെ ജനങ്ങള്‍ ഇനി അഭിമുഖീകരിക്കേണ്ടി വരിക. എവിടെ കള്ളപ്പണം എന്ന ചോദ്യത്തിന് ഏതെങ്കിലും വഴിയിലൂടെ ഉത്തരം കണ്ടെത്തല്‍ നരേന്ദ്രമോദിയുടെയും സര്‍ക്കാറിന്റെയും ബാധ്യതയായിരിക്കുകയാണല്ലോ. എന്നു പറഞ്ഞാല്‍ നോട്ട് നിരോധവുമായി ബന്ധപ്പെട്ട ദുരിതം തുടരുമെന്നര്‍ഥം. ഈ നടപടികളില്‍ താഴെത്തട്ടിലുള്ള സാധാരണക്കാരന്‍ മുതല്‍ വലിയ പണക്കാര്‍ വരെ കുടുങ്ങുമെന്നു തന്നെയാണ് വിലയിരുത്തല്‍. ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയ പണം പരിശോധിക്കുമെന്നും നവംബര്‍ എട്ടിന് ശേഷം പുതിയ കാറുകള്‍ വാങ്ങിയവരുടെ വിവരം സര്‍ക്കാറിന് കൈമാറണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഇതാണ് കാണിക്കുന്നത്.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തികരംഗത്ത് രാജ്യത്തിനുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ക്ക് ആര് ഉത്തരം പറയും എന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുകയാണ്. ഉത്പാദന മേഖലയിലും വ്യവസായമേഖലയിലും ഇതുവഴിയുണ്ടായിട്ടുള്ള നഷ്ടം ആയിരക്കണക്കിന് കോടികളാണ്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയേയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ട് വരെയുള്ള കാലയളവില്‍ ഒഴിവാക്കിയ ടോള്‍ ഇനത്തില്‍ മാത്രം ദേശീയപാത അതോറിറ്റി 922 കോടിയോളം രൂപ വിവിധ ടോള്‍ ബൂത്തുകള്‍ ലേലത്തിലെടുത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കേണ്ടതായിട്ടുണ്ട്. ഇതിനുപകരം ഈ ഏജന്‍സികള്‍ക്ക് ലേല കാലാവധി നീട്ടി നല്‍കുകയായിരിക്കും ചെയ്യുക. അപ്പോഴും ആ ഭാരം വഹിക്കേണ്ടത് ജനം തന്നെയായിരിക്കും. ഇതുപോലെ നിരവധി മേഖലകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കേണ്ട നികുതിയിനത്തിലുണ്ടായ ചോര്‍ച്ചയും നോട്ട് അസാധുവാക്കല്‍ കൊണ്ട് ലഭിക്കുന്ന നേട്ടങ്ങളേക്കാള്‍ എത്രയോ മടങ്ങായിരിക്കും.

ഇക്കാലയളവില്‍ നിശ്ചിത പരിധിയിലധികമുള്ള എ ടി എം ഇടപാടുകള്‍ക്ക് ബേങ്കുകള്‍ ഈടാക്കിയിരുന്ന ചാര്‍ജുകള്‍ ആര്‍ ബി ഐ ഒഴിവാക്കിയതുമൂലമുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബേങ്കുകളും സമീപിച്ചുകൂടായ്കയില്ല. അധികജോലി ചെയ്തതിന് കൂടുതല്‍ വേതനം നല്‍കണമെന്ന് ബേങ്ക് തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ന്യായമായ ആവശ്യമാണിത്. പണത്തിനായി നെട്ടോട്ടമോടിയ ജനത്തെ കലാപത്തിലേക്ക് നയിക്കുന്നതില്‍ നിന്നും ഒരു പരിധിവരെയെങ്കിലും തടഞ്ഞത് ബേങ്ക് ജീവനക്കാരുടെ ആത്മാര്‍ഥമായ അധിക സേവനമാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള ദുരിതം മൂലം തനിക്കും പാര്‍ട്ടിക്കും ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള പ്രതിച്ഛായ നഷ്ടം, സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് എന്നിവയെല്ലാം പരിഗണിച്ച് ചില ജനക്ഷേമ പദ്ധതികള്‍ക്ക് മോദി രൂപംനല്‍കുമെന്ന ജനങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.

നോട്ട് പിന്‍വലിക്കല്‍ പദ്ധതി ഏതാണ്ട് പകുതിയായപ്പോഴാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും ഈ നടപടി രാജ്യം കറന്‍സി രഹിതമാകുന്നതിന്റെ ആദ്യപടിയാണെന്ന് പറഞ്ഞത്. ജനങ്ങള്‍ കുറച്ചെങ്കിലും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് വന്നു എന്നതാണ് ആകെയുണ്ടായ ഒരു നേട്ടം. ഗതികെട്ട ജനം ചിലതെല്ലാം പഠിച്ചുവെന്നത് ശരിയാണ്. എന്നാല്‍ ഇവിടെയും ചില വസ്തുതകള്‍ ഓര്‍ക്കേണ്ടതുണ്ട്. ഈ അമ്പത് ദിവസം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മേല്‍ ഏല്‍പ്പിച്ച ആഘാതവും നഷ്ടവും ഒന്നുമില്ലാതെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് പോകല്‍ സാധ്യമായിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സൈബര്‍ ഹാക്കേഴ്‌സിന് ഒരു പുതിയ വാതിലുകൂടി തുറന്നു കൊടുക്കുകയാണ് സര്‍ക്കാര്‍. ഇത്തരം ഇടപാടുകള്‍ക്ക് അത്യാവശ്യമായ ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ലോകത്ത് 96-ാം സ്ഥാനത്താണ് ഇന്ത്യ. അതായത് ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും പിറകില്‍. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിന്റെ കാര്യത്തില്‍ ശ്രീലങ്ക, ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി രാജ്യങ്ങള്‍ ഇന്ത്യയേക്കാളും മുകളിലാണ്. ഇപ്പോഴും രാജ്യത്തെ 85 ശതമാനം ജനങ്ങളും ഡിജിറ്റല്‍ ഇടപാടുകള്‍ സുരക്ഷിതമായ രീതിയില്‍ നടത്തുന്നതില്‍ അജ്ഞരാണെന്നതാണ് വസ്തുത.
സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും എതിര്‍ശബ്ദങ്ങള്‍ ഇല്ലാത്തതും പ്രതിപക്ഷനിരയുടെ ഏകോപനമില്ലായ്മയുമാണ് ഇത്തരം ഏകാധിപത്യ നടപടികളുമായി മുന്നോട്ടുപോകാന്‍ മോദിക്ക് സഹായകമാകുന്ന ഘടകങ്ങള്‍. നോട്ട് നിരോധിച്ചതിനെ ആദ്യഘട്ടത്തില്‍ വിമര്‍ശിച്ച ശിവസേനയും അകാലിദളും എന്‍ ഡി എ യോഗത്തിനെത്തിയപ്പോള്‍ മോദിക്ക് മുമ്പില്‍ മുട്ടുകുത്തുന്നത് നാം കണ്ടതാണ്. ഇത്രയും ജനവിരുദ്ധമായ നടപടിയെടുത്തിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്. മുന്നില്‍നിന്ന് നയിക്കാന്‍ ആളില്ലാത്ത അവസ്ഥ. കുറച്ചെങ്കിലും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നീക്കങ്ങള്‍ നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയും എ എ പി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളുമാണ്.
മോദി അധികാരമേറ്റതിനു ശേഷം ചെയ്തിട്ടുള്ള ഓരോ കാര്യവും വീക്ഷിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. തന്റെ ഇമേജ് വര്‍ധിപ്പിക്കാനുള്ള ഒരു ഉപകരണമായി നരേന്ദ്ര മോദി സര്‍ക്കാറിനെ ഉപയോഗിക്കുന്നു എന്നതാണത്. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ രണ്ട് വന്‍ പരാജയങ്ങളാണ് നോട്ട് പിന്‍വലിക്കലും സര്‍ജിക്കല്‍ സ്‌ട്രൈക്കും. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ കശാപ്പ് ചെയ്യപ്പെടാന്‍ അവസരമൊരുക്കിയും സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ മുഴുവന്‍ വെട്ടിനിരത്തിയും അധികാരത്തിലേറിയ മോദിയുടെ വളര്‍ച്ചയുടെ പടിയിറക്കമായി ഇതിനെ വിലയിരുത്താം. ഭാവിയില്‍ മോദിയെ ചോദ്യം ചെയ്യാന്‍ ബി ജെ പിയില്‍നിന്ന് തന്നെ കൈകള്‍ ഉയരുമെന്നതില്‍ സംശയമില്ല. ആദ്യഘട്ടത്തില്‍ അമ്പത് ശതമാനത്തോളം ജനങ്ങള്‍ അനുകൂലിച്ച കറന്‍സി പിന്‍വലിക്കലിനെ ഡിസംബര്‍ 30 കഴിയുമ്പോള്‍ അനുകൂലിക്കുന്നവരായിട്ട് കുറച്ച് ബി ജെ പിക്കാര്‍ മാത്രമേയുള്ളൂ എന്നത് ഇത് തെളിയിക്കുന്നുണ്ട്. എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങി അസാധുവാക്കപ്പെട്ട നേതാക്കളുടെ പട്ടികയില്‍ മോദിയേയും എണ്ണപ്പെടുന്ന കാലം വിദൂരമല്ല.