Connect with us

National

തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

Published

|

Last Updated

ബെംഗളൂരു: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് പ്രതിദിനം രണ്ടായിരം ഘനയടി വെള്ളം നല്‍കണമെന്ന് കര്‍ണാടകക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. കാവേരി കേസില്‍ ഇന്നലെ തുടര്‍വാദം കേട്ട ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതവ റോയ്, എ എം ഖാന്‍ വില്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. അടുത്ത വാദം കേള്‍ക്കുന്ന ഫെബ്രുവരി ഏഴ് വരെയാണ് വെള്ളം നല്‍കേണ്ടത്.
കര്‍ണാടകയിലെ വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആ ഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് കാവേരി യില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം വന്നിരിക്കുന്നത്.

അതിനിടെ, തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്ന മണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ വെള്ളം വിട്ടുകൊടുക്കുന്നില്ല. കുടിവെള്ള ആവശ്യത്തിന് മാത്രമാണ് വെള്ളം നല്‍കുന്നത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഇന്ന് മുതല്‍ തമിഴ്‌നാടിന് വെള്ളം നല്‍കിത്തുടങ്ങിയാല്‍ കര്‍ണാടകയില്‍ സ്ഥിതിഗതികള്‍ പതിന്മടങ്ങ് രൂക്ഷമാകും. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്താല്‍ കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങാനും സാധ്യതയുണ്ട്.

ഇന്ന് വൈകീട്ട് ന്യൂഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് തുടങ്ങിയവരും സംബന്ധിക്കും. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത മേഖലകളില്‍ കാവേരി സാങ്കേതിക സമിതി കഴിഞ്ഞ മാസം സന്ദര്‍ശനം നടത്തിയിരുന്നു.

Latest