Connect with us

National

പ്രവാസി ഭാരതീയ ദിവസിന് നാളെ തുടക്കമാകും

Published

|

Last Updated

ബെംഗളൂരു: പതിനാലാമത് പ്രവാസി ഭാരതീയ ദിവസിന് ഉദ്യാന നഗരിയായ ബെംഗളൂരുവില്‍ നാളെ തുടക്കമാകും. തുംക്കൂരു റോഡിലെ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം ഒമ്പതിന് സമാപിക്കും. മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുക.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, വിദേശ മന്ത്രിമാര്‍ മൂന്ന് ദിവസത്തെ പരിപാടിയില്‍ സംബന്ധിക്കും. പ്രവാസികാര്യ വകുപ്പ് ഇല്ലാത്തതിനാല്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ വര്‍ഷം സമ്മേളനം സംഘടിപ്പിക്കുന്നത്. ആസ്‌ത്രേലിയ, കാനഡ, ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍ സ്, നെതര്‍ലാന്‍ഡ്, പശ്ചിമേഷ്യ ന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തിനെത്തും.
നാളെ പ്രവാസി ഭാരതീയ ദിവസ് യുവ സമ്മേളനം നടക്കും. ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ഇടപഴകല്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സംസാരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകീട്ട് നഗരത്തിലെത്തും. എട്ടിന് പ്രവാസി ഭാരതീയ ദിവസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റോണിയ കോസ്ത മുഖ്യാതിഥിയായിരിക്കും. ഒമ്പതിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുഖ്യാതിഥിയായി സംബന്ധിക്കും. വ്യവസായ മേഖലയില്‍ മികവ് തെളിയിച്ച 30 പേര്‍ക്കുള്ള പ്രവാസി ഭാരതീയ ദിവസ് പുരസ്‌കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്യും.

സമ്മേളനംത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വമാനത്താവളത്തില്‍ നിന്ന് വേദിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. നഗരത്തിലെ ഹോട്ടലുകളില്‍ താമസിക്കുന്ന സമ്മേളന പ്രതിനിധികള്‍ക്ക് വേദിയിലെത്തുന്നതിന് പ്രത്യേക ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സമ്മേളന സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2015ലെ ഗുജറാത്ത് പ്രവാസി സമ്മേളനത്തിന് ശേഷം വിപുലമായ പരിപാടികള്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സമ്മേളനം സംഘടിപ്പിക്കാത്ത വര്‍ഷങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, ഇതുവരെ നടന്ന സമ്മേളനങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഉത്സവങ്ങളായിരുന്നുവെന്ന് പ്രവാസി കാര്യ മന്ത്രാലയം തന്നെ തുറന്നുസമ്മതിക്കുന്നുണ്ട്.