Connect with us

National

നിതീഷിനെ വാഴ്ത്തി വീണ്ടും മോദി

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വാഴ്ത്തി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്യ നിരോധനം ഏര്‍പ്പെടുത്തിയതിനെ ധീരമായ തീരുമാനം എന്നാണ് മോദി വിശേഷിപ്പിച്ചത്. നിരോധനം ശക്തമായ നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
ഗുരു ഗോവിന്ദ് സിംഗിന്റെ 350ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിതീഷ് കുമാറും സഖ്യകക്ഷിയായ ആര്‍ ജെ ഡിയുടെ മേധാവി ലാലു പ്രസാദ് യാദവും മോദിയോടൊപ്പം വേദി പങ്കിട്ടു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മദ്യനിരോധനത്തിനായി നിലപാടെടുത്തയാളാണെന്ന് തന്റെ പ്രസംഗത്തില്‍ നിതീഷും പറഞ്ഞു. എന്നാല്‍, ലാലുവിന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ പരാമര്‍ശിച്ചില്ല.

നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് നിതീഷ് രംഗത്തെത്തിയത് പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കിയിരുന്നു. ഇതിന് പിറകേ നിതീഷിന്റെ നിലപാടിനെ പുകഴ്ത്തി പ്രധാനമന്ത്രി പ്രസ്താവനയിറക്കുകയും ചെയ്തു. നിതീഷിന്റെ നിലപാടിനെതിരെ സഖ്യകക്ഷികളായ കോണ്‍ഗ്രസും ആര്‍ ജെ ഡിയും രംഗത്തെത്തിയിരുന്നു. എന്നാല്‍, നിതീഷ് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
2013ല്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ബി ജെ പി നീക്കത്തില്‍ പ്രതിഷേധിച്ച് 18 വര്‍ഷം നീണ്ട ബന്ധം ഉപേക്ഷിച്ച് നിതീഷിന്റെ ജനതാദള്‍ യുനൈറ്റഡ് എന്‍ ഡി എ വിടുകയായിരുന്നു. തുടര്‍ന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷിന്റെ പാര്‍ട്ടി രണ്ട് സീറ്റില്‍ ഒതുങ്ങി.

2015ല്‍ രാഷ്ട്രീയ ശത്രുക്കളായ ആര്‍ ജെ ഡിയുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോണ്‍ഗ്രസ് കൂടി വന്നപ്പോള്‍ അത് മഹാസഖ്യമായി മാറി. തിരഞ്ഞെടുപ്പില്‍ സഖ്യം ബി ജെ പിക്ക് ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു.

Latest