പട്ടാപ്പകല്‍ വിദേശവനിതക്ക് നേരെ പീഡനശ്രമം

Posted on: January 6, 2017 11:11 am | Last updated: January 6, 2017 at 11:11 am

ആലപ്പുഴ: നഗരത്തില്‍ വിദേശ വനിതയെ പട്ടാപ്പകല്‍ യുവാവ് കടന്നുപിടിച്ചതായി പരാതി. ഭൂട്ടാന്‍ സ്വദേശിനിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു. ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടന നടത്തുന്ന പരിശീലന പരിപാടിക്ക് എത്തിയ ഭൂട്ടാന്‍ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.

ഇന്നലെ രാവിലെ പത്തിന് മുല്ലയ്ക്കലിന് സമീപം റോഡിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ സമയം റോഡില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
യുവതി ബഹളം ഉണ്ടാക്കിയതോടെ യുവാവ് ബൈക്കില്‍ കടന്നു കളഞ്ഞു.

റോഡിന് സമീപമുള്ള വീടുകളിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
കറുത്ത ബൈക്കിലാണ് യുവാവ് എത്തിയതെന്നും ബൈക്കിന്റെ നമ്പര്‍ 711ലാണ് അവസാനിക്കുന്നതെന്നും യുവതി പറഞ്ഞു.