കോടതിയെ കബളിപ്പിച്ച് കാര്‍ കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: January 6, 2017 11:15 am | Last updated: January 6, 2017 at 11:02 am
SHARE

തൊടുപുഴ: കഞ്ചാവ് കടത്തിന് കസ്റ്റഡിയിലെടുത്ത ആഡംബര കാര്‍ കോടതിയെ കബളിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അറക്കുളം മുളയ്ക്കല്‍ വീട്ടില്‍ വിഷ്ണു ജയനാണ് അറസ്റ്റിലായത്. കാര്‍ കോടതിയില്‍ നിന്നും കടത്താന്‍ വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. എഗ്രിമെന്റ് ഉണ്ടാക്കാന്‍ കോടതി ജീവനക്കാരും അഭിഭാഷകനും സഹായിച്ചുവെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.കഞ്ചാവ് കടത്തിക്കൊണ്ട് വരുന്ന വഴിക്ക് മൂലമറ്റത്തിന് സമീപത്ത് മതിലില്‍ ഇടിച്ച് തകര്‍ന്ന കാറാണ് കോടതിയെ കബളിപ്പിച്ച് കൊണ്ടുപോയത്.
വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമ അറിയാതെയാണ് വ്യാജരേഖ ചമച്ചതും കാര്‍ പോലിസ് കസ്റ്റഡിയില്‍ നിന്നും കടത്തിയതും.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം സ്വദേശിയും വാഹനത്തിന്റെ ഉടമയുമായ പ്രസാദ് തന്റെ കാര്‍ അഞ്ചര ലക്ഷം രൂപയ്ക്ക് പണയ വ്യവസ്ഥയില്‍ ജോജി ഡേവിഡിന് നല്‍കിയിരുന്നു.
ഇയാള്‍ ഉടമസ്ഥനറിയാതെ കാര്‍ റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കുകയായിരുന്നു.തുടര്‍ന്ന് ഈ വാഹനം അഞ്ചോളം പേര്‍ കൈമറിഞ്ഞ് കാഞ്ഞാര്‍ സ്വദേശികളായ കോളേജ് വിദ്യാര്‍ഥികളുടെ കൈവശമെത്തി. ഇവര്‍ ഈ കാറില്‍ കഞ്ചാവ് കടത്തികൊണ്ട് വരുന്ന വഴിക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് എതാണ്ട് പൂര്‍ണമായും തകര്‍ന്നു.

തുടര്‍ന്ന് കാഞ്ഞാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത കാര്‍ കോടതിയില്‍ ഹാജരാക്കി.ആലുവയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ഫറൂഖ് ഉള്‍പ്പടെ നിരവധി പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് മുട്ടം പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here