പാറമടകളിലെ മുങ്ങിമരണം: മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടുന്നു

Posted on: January 6, 2017 8:42 am | Last updated: January 6, 2017 at 10:43 am
SHARE

തിരുവനന്തപുരം: ഉപയോഗശൂന്യമായ ക്വാറികളിലെ പാറമടകളില്‍ മുങ്ങിമരണം പതിവായതോടെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടുന്നു. തിരുവനന്തപുരത്ത് രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ച സാഹചര്യത്തിലാണ് ഇടപെടല്‍. ഉപയോഗ ശൂന്യമായ പാറമടകള്‍ക്ക് സംരക്ഷണ മതില്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം കാണിച്ച് റവന്യൂ വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ നസീര്‍, മീന സി യു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.

ഉപയോഗശൂന്യമായ ക്വാറികളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതരും ജില്ലാ ജിയോളജിസ്റ്റുകളും ജില്ലാ കലക്ടര്‍മാര്‍ക്ക് ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍മാരും പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

അപകടസാധ്യതയുളള ക്വാറികള്‍ക്കും പാറമടകള്‍ക്കും സമീപം അപായസൂചന നല്‍കുന്ന ബോര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം. ഇതിനു വേണ്ടിവരുന്ന ചെലവ് ക്വാറി ഉടമകളില്‍നിന്ന് ഈടാക്കാവുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഉചിതമെന്നു തോന്നുന്നപക്ഷം, ഉപയോഗശൂന്യമായ ക്വാറികളും പാറമടകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം അവയുടെ ഉടമകളില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തുന്ന കാര്യം പരിഗണിക്കാകുന്നതാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 50 ദിവസത്തിനുളളില്‍ കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ മരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയും റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഉപയോഗശൂന്യമായ പാറമടകളില്‍ മുങ്ങി മരണം നിത്യസംഭവമാണെന്ന് പരാതിപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

അപകടം ഒഴിവാക്കാന്‍ പാറമടകളില്‍ സുരക്ഷാ വേലികള്‍ നിര്‍മിക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിയമമുള്ളപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ മരിച്ച ചേങ്കോട്ടുകോണം കല്ലിടിച്ചാന്‍ വിളയിലെ പാറമടയില്‍ ഏഴ് വര്‍ഷത്തിനിടെ പൊലിഞ്ഞത് ആറ് ജീവനുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here