പാതയോരങ്ങളില്‍ ഇനി കശുമാവ് പൂക്കും

Posted on: January 6, 2017 10:41 am | Last updated: January 6, 2017 at 10:41 am

കണ്ണൂര്‍: സംസ്ഥാനത്തെ പാതയോരങ്ങളില്‍ കശുമാവ് പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടിയൊരുങ്ങുന്നു. കശുമാവ് കൃഷിയിലുള്ള കേരളത്തിന്റെ പഴയ പാരമ്പര്യം തിരിച്ചു പിടിക്കാനും പാതയോരങ്ങളെ സസ്യസമ്പുഷ്ടമാക്കാനുമാണ് പുതിയ പദ്ധതി വരുന്നത്. കശുവണ്ടി വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തിലാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കുക.

റോഡ്് പുനരുദ്ധാരണത്തിന്റെ ഭാഗമായും മറ്റും വരുന്ന ഒഴിഞ്ഞ സ്ഥലങ്ങളിലാണ് കശുമാവുകള്‍ വെച്ചു പിടിപ്പിക്കുക. പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നതുപോലുള്ള കാര്യങ്ങള്‍ ഒഴിവാക്കാനും ഇത്തരം പദ്ധതി കൊണ്ട് സാധ്യമാകുമെന്നു കണക്കുകൂട്ടുന്നുണ്ട്. ആവശ്യമുള്ള എല്ലാ ജില്ലാ ഭണകൂടത്തിനും ഇതിനുള്ള സഹായം കശുവണ്ടി കോര്‍പറേഷന്‍ നല്‍കും.
കശുവണ്ടി മേഖലയുടെ സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജനകീയ കശുമാവ് കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് സംഘടിപ്പിക്കുമെന്ന് കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയും തോട്ടണ്ടി ഉത്പാദനവും ഉണ്ടായിരുന്നത് കേരളത്തിലാണ്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം കൃഷിയില്‍ ആറാം സ്ഥാനത്തും തോട്ടണ്ടി ഉത്പാദനത്തില്‍ നാലാം സ്ഥാനത്തുമാണ്. 1985ല്‍ 1.38 ലക്ഷം ഹെക്ടര്‍ വിസ്തൃതി ഉണ്ടായിരുന്ന കശുമാവ് കൃഷി 80,000 ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. കശുമാവ് കൃഷിയില്‍ വ്യാപൃതരായിരുന്ന ഭൂരിഭാഗം കര്‍ഷകരും റബ്ബര്‍ കൃഷിയിലേക്ക് മാറിയതാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. ഇതില്‍ നിന്നു കരകയറാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ തുടര്‍ച്ചയാണ് പാതയോരങ്ങളിലെ കശുമാവ് പാര്‍ക്കും.