പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു

Posted on: January 6, 2017 10:21 am | Last updated: January 6, 2017 at 3:27 pm

മുംബൈ: പ്രശസ്ത ചലച്ചിത്രതാരം ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. പുലര്‍ച്ചെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. രാവിലെ അന്ധേരിയിലെ വസതിയിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ ഓംപുരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.

നാടകലോകത്തു നിന്ന സിനിമയിലെത്തിയ ഓംപുരി 1976ല്‍ മറാത്തി സിനിമയിലൂടെയായിരുന്നു ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. പാക്കസ്ഥാനി, ബ്രിട്ടീഷ്, ഹോളിവുഡ് ചിത്രങ്ങളിലും ഓംപുരി സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലും ഓംപുരി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആടുപുലിയാട്ടം ആണ് അവസാനം അഭിനയിച്ച മലയാളചിത്രം. പുരാവൃത്തം, സംവത്സരങ്ങള്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.