സന്തോഷ് ട്രോഫി യോഗ്യതാ മത്സരം: കേരളത്തിന് വിജയത്തുടക്കം

Posted on: January 5, 2017 9:36 pm | Last updated: January 5, 2017 at 9:39 pm
കോഴിക്കോട് സ്റ്റേഡിയത്തില്‍ ആരംഭിച്ച സന്തോഷ് ട്രോഫി സൗത്ത് സോണ്‍ യോഗ്യാത മത്സരത്തില്‍ കേരളവും പുതുച്ചേരിയും തമ്മില്‍ നടന്ന മത്സരത്തില്‍ കേരളത്തിന്റെ ജോബി ജെസ്റ്റിന്റെ ഗോളിനായുള്ള ശ്രമം പുതുച്ചേരിയുടെ ഗോള്‍ കീപ്പര്‍ ഡാനിയല്‍ റോക്ക് തടയുന്നു. ■ ഫോട്ടോ: ശിഹാബ് പള്ളിക്കല്‍

കോഴിക്കോട്: പുതുച്ചേരിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സന്തോഷ് ട്രോഫി സൗത്ത് സോണ്‍ യോഗ്യാത മത്സരത്തില്‍ കേരളം പടയോട്ടം തുടങ്ങി. കുറിയ പാസുകളും അതിവേഗ നീക്കങ്ങളുമായി ജോബിയും ജിഷ്ണുവും ഉസ്മാനും സഹലുമെല്ലാം കളം നിറഞ്ഞ മത്സരത്തില്‍ കേരളത്തിന്റെ സമ്പൂര്‍ണ ആധിപത്യത്തിനാണ് കോര്‍പറേഷന്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. പുതുച്ചേരിയുടെ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കേരള ഗോളി മിധുന് കാര്യമായ ഒരു പരീക്ഷവും നേരിടേണ്ടിവന്നില്ല.

ജിഷ്ണുവും ജോബി ജസ്റ്റിനും തമ്മിലുള്ള ഒത്തിണക്കം കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ കേരളത്തെ മുന്നിലെത്തിച്ചു. ജോബി ജസ്റ്റിന്റെ മനോഹരമായ ഹെഡര്‍ എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചു. 57-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ ഉസ്മാനിലൂടെ കേരളം ലീഡ് ഉയര്‍ത്തി. പത്ത് മിനുറ്റിനകം തന്നെ ഉസ്മാനിലൂടെ കേരളം മൂന്നാം ഗോളും നേടിയതോടെ മലയാളി ആധിപത്യം സമ്പൂര്‍ണം. കളിയുടെ അവസാനത്തില്‍ ആശ്വാസ ഗോളിനായി പുതുച്ചേരിയുടെ ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ കേരള പ്രതിരോധത്തില്‍ വിഫലമായതോടെ ഏകപക്ഷീയ ജയം കേരളത്തിന് സ്വന്തമായി.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ കര്‍ണാടകയെ (2-1) അട്ടിമറിച്ച് ആന്ധ്രപ്രദേശ് ആദ്യ വിജയം കുറിച്ചു. ക്യാപ്റ്റന്‍ ടി ചന്ദ്രശേഖറിന്റെ രണ്ട് പെനാല്‍ട്ടി ഗോളുകളാണ് ആന്ധ്രക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. കനത്ത വെയിലില്‍ വാടി തളര്‍ന്ന കര്‍ണാടകയുടെ ആശ്വാസ ഗോള്‍ ക്യാപ്റ്റന്‍ വിഗ്‌നേഷ് ഗുണശേഖറിന്റെ വകയായിരുന്നു.

വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ഉച്ചക്ക് 1.45ന് നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് തെലുങ്കാനയെയും വൈകിട്ട് നാലിന് രണ്ടാം മത്സരത്തില്‍ തമിഴ്‌നാട് ലക്ഷദ്വീപിനെയും നേരിടും. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി നേടിയ ടീമിലെ ഏഴ് പേര് അടക്കം നിരവധി പ്രമുഖരുമായെത്തുന്ന സര്‍വീസസിനെ തന്നെയാണ് ഇത്തവണയും ഫേവറേറ്റുകളായി എണ്ണപ്പെടുന്നത്.