അബുദാബിയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 24.1 കോടി ദിര്‍ഹം

Posted on: January 5, 2017 4:33 pm | Last updated: January 9, 2017 at 7:53 pm
SHARE

അബുദാബി: എമിറേറ്റില്‍ 24.1 കോടി ദിര്‍ഹം ചെലവഴിച്ചുള്ള വികസനത്തിന് അധികൃതര്‍ അംഗീകാരം നല്‍കി. അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സിലിന് കീഴിലെ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പൊതുജന സേവനം കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ഭരണാധികാരികളുടെ നിലപാടിന്റെ ഭാഗമാണിതെന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ സഈദ് ഈദ് അല്‍ ഗഫ്‌ലി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി അല്‍ ഐന്‍ നഗരത്തിലും പരിസരങ്ങളിലുമായി വൈദ്യുതി പ്രസരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. പ്രദേശത്ത് വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം പരിഗണിച്ചാണിത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കൂടി സ്ഥാപിക്കും. ആറ് പ്രാഥമിക വൈദ്യുതി സ്റ്റേഷനുകളും നിര്‍മിക്കും. 13 കിലോമീറ്റര്‍ നീളത്തില്‍ പുതിയതായി കേബിളുകള്‍ സ്ഥാപിക്കും. 5.5 കോടി ദിര്‍ഹമാണ് പദ്ധതിക്ക് വകയിരുത്തിയതെന്ന് അല്‍ ഗഫ്‌ലി വ്യക്തമാക്കി.
അബുദാബി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളാണ് കമ്മിറ്റി അംഗീകാരം നല്‍കിയ മറ്റൊരു പ്രധാന പദ്ധതി. നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളെയാണ് പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്. പ്രദേശവാസികളുടെ ജീവിത സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 7.6 കോടി ദിര്‍ഹമാണ് പദ്ധതിക്ക് നീക്കിവെച്ചതെന്ന് അല്‍ ഗഫ്‌ലി പറഞ്ഞു.
നഗരത്തിലെ പാര്‍കിംഗ് സൗകര്യങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവിടങ്ങളിലെ സൗകര്യ വികസനത്തിനും പദ്ധതിയില്‍ വന്‍ പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.