അബുദാബിയില്‍ നായകളെ വളര്‍ത്താന്‍ ലൈസന്‍സ് കര്‍ശനമാക്കി

Posted on: January 5, 2017 4:31 pm | Last updated: January 5, 2017 at 4:31 pm

അബുദാബി: നായകളെ വളര്‍ത്താനുള്ള ലൈസന്‍സ് രാജ്യ ത്ത് കര്‍ശനമാക്കി. ഇതുസംബന്ധിച്ച നിയമത്തിന് പ്രസിഡന്റ് ശൈഖ് ഖീലഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അംഗീകാരം നല്‍കി.

പൊതുസ്ഥലങ്ങളില്‍ കൊണ്ടുവരുമ്പോള്‍ നായകള്‍ക്ക് നിര്‍ബന്ധമായും കോളറും തോല്‍വാറും ഉപയോഗിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. നായകളെ വളര്‍ത്താന്‍ പ്രാദേശിക അധികൃതരില്‍നിന്നു ലൈസന്‍സ് വാങ്ങാത്തവര്‍ 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയൊടുക്കേണ്ടിവരും. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഉടമകളില്‍നിന്നും ഒരു ലക്ഷം വരെ പിഴ ഈടാക്കാനും ഉത്തരവായി. അപകടകാരികളായ മൃഗങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമത്തിലാണ് ഇക്കാര്യങ്ങള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ജൂണ്‍ പകുതി വരെയാണ് ലൈസന്‍സും പ്രതിരോധ കുത്തിവെപ്പും എടുക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
ലൈസന്‍സുള്ള നായകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും അവയുടെ ഉടമസ്ഥരുടെയും എല്ലാ വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കും. മൃഗശാലകള്‍ക്കും സര്‍ക്കസുകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് വന്യമൃഗങ്ങളെ കൈവശംവെക്കാന്‍ അനുമതിയുള്ളത്. പൊതുജനങ്ങള്‍ തങ്ങളുടെ പക്കലുള്ള വന്യമൃഗങ്ങളെക്കുറിച്ചും വളര്‍ത്തു മൃഗങ്ങളെക്കുറിച്ചും പെട്ടെന്നു തന്നെ അധികൃതര്‍ക്കു വിവരം നല്‍കണം. പുള്ളിപ്പുലി, കടുവ തുടങ്ങിയവയെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആറു മാസം ജയില്‍ ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും നല്‍കും. അപകടകാരികളായ മൃഗങ്ങളെ കച്ചവടത്തിനായി സൂക്ഷിക്കുന്നതും കുറ്റകരമാണ്.

മറ്റുള്ളവരെ ആക്രമിക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ചാല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കും. ആക്രമണത്തെ തുടര്‍ന്ന് ആള്‍ മരണപ്പെട്ടാല്‍ ജീവപര്യന്തമായി ശിക്ഷ വര്‍ധിക്കും. ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.