ഉപ്പുവെള്ള പ്രശ്‌നം; തടയണയുമായി കര്‍ഷക കൂട്ടായ്മ

Posted on: January 5, 2017 3:22 pm | Last updated: January 5, 2017 at 3:22 pm
വിയ്യം ചിറ പാലത്തിന് സമീപം തോടിന് കുറുകെ കര്‍ഷക കൂട്ടായ്മയില്‍ നിര്‍രിച്ച തടയണ

മേപ്പയ്യൂര്‍: അറുന്നൂറ് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കരുവോട് ചിറയിലേക്ക് ഉപ്പ വെള്ളം കയറാതിരിക്കാന്‍ കര്‍ഷക കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചു. കുറ്റിയാടി പുഴക്ക് സമീപം വിയ്യം ചിറ പാലത്തില്‍ സ്ഥാപിച്ച ഷട്ടര്‍ ദ്രവിച്ചത് കാരണം പുഴയില്‍ നിന്നും ചിറയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ പാലത്തിന് സമീപത്തുള്ള തോട്ടിലാണ് ഒരു കൂട്ടം കര്‍ഷകര്‍ രാപകല്‍ അധ്വാനിച്ച് ചളി കൊണ്ട് തടയണ നിര്‍മിച്ചിരിക്കുന്നത്. തടയണയുടെയും ഷട്ടറിന്റെയും ഇടയിലേക്ക് ഊര്‍ന്നിറങ്ങുന്ന ഉപ്പ് വെള്ളം പമ്പ് സെറ്റ് വഴി പുറത്തേക്കടിക്കാന്‍ ഒരാളെ കര്‍ഷകര്‍തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈയിടെയായി കരുവോട് ചിറയില്‍ മന്ത്രിമാരുടെ നീണ്ട നിര തന്നെ പങ്കെടുത്ത കാര്‍ഷിക ഉത്സവങ്ങള്‍ അരങ്ങേറിയെങ്കിലും അടിസ്ഥാനം പ്രശനം പരിഹരിക്കാത്തതില്‍ കര്‍ഷകര്‍ ആശങ്കാകുലരാണ്.

കഴിഞ്ഞ മാസം കരുവോട് ചിറയില്‍ നടീല്‍ ഉത്സവത്തിന് പങ്കെടുത്ത സമയത്ത് ചിറയിലേക്ക് ഉപ്പുവെള്ളം കയറിയത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ മൈനര്‍ ഇറിഗേഷന്‍ എ ഇ യോട് അടിയന്തരമായി ഇടപെട്ട് വിയ്യം ചിറ പാലത്തിന് കുറുകെ ബണ്ട് നിര്‍മിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് തടയണ നിര്‍മാണവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. 45 വര്‍ഷം മുന്‍പ് 1971 ല്‍ നിര്‍മിച്ച പാലത്തിനോടനുബന്ധിച്ചുള്ള ചീര്‍പ്പില്‍ ഒരു ലിഫ്റ്റിംഗ് ഷട്ടറും മൂന്ന് ഭാഗത്ത് പലകയുമാണ് ഉള്ളത്. ഇവ ദ്രവിച്ച് ഉപയോഗശൂന്യമായത് കൊണ്ടാണ് ഉപ്പുവെള്ളം ചിറയിലേക്ക് കയറുന്നത്.

കരുവോട് ചിറയുടെ നീലഞ്ചേരി ഭാഗത്തെ 80 ഓളം കര്‍ഷകരുടെ കൂട്ടായ്മ ഏകദേശം 25,000 രൂപ ചെലവിട്ടാണ് തടയണ നിര്‍മ്മിച്ചത്. ശാസ്ത്രീയമായ രീതിയില്‍ ബണ്ട് നിര്‍മിച്ചില്ലെങ്കില്‍ 250 ഓളം ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കൃഷി ഉപ്പ് വെള്ളം കയറി നശിക്കുന്നതോടൊപ്പം ചിറയുടെ മറ്റു ഭാഗങ്ങളിലുള്ള കൃഷികളെയും ഇത് ബാധിക്കുമെന്നതിനാല്‍ കര്‍ഷകര്‍ ഏറെ ആശങ്കയിലാണെന്ന് പാടശേഖര സമിതി ഭാരവാഹികള്‍പരാതിപ്പെടുന്നു. പ്രശനം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോപത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.