Connect with us

Kerala

റേഷന്‍ മുന്‍ഗണനാ പട്ടിക: അനര്‍ഹരെ വലയിലാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ്‌

Published

|

Last Updated

മലപ്പുറം: റേഷന്‍ ഗുണഭോക്താക്കളുടെ മുന്‍ഗണനാ പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയവരെ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയാണ് അനര്‍ഹരെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്. ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ക്കെതിരെ ലഭിച്ച 5090 പരാതികളില്‍ 931 എണ്ണം പരിശോധിച്ചു. ഇതില്‍ 586 എണ്ണം അനര്‍ഹരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ക്ക് സ്വമേധയാ പട്ടികയില്‍ നിന്നും ഒഴിവാകാന്‍ ജനുവരി ഏഴുവരെ സമയം നല്‍കിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ മുഴുവന്‍ താലൂക്കുകളിലും പ്രത്യേക ടീമുണ്ടാക്കിയാണ് പരിശോധന. അനര്‍ഹര്‍ കയറിക്കൂടിയതായുളള പരാതികളിലും സംശയമുളളവയിലും വീടുകളിലെത്തി സംഘം പരിശോധന നടത്തും.

തിരൂരിലും തീരദേശ മേഖലകളിലും അനര്‍ഹര്‍ വലിയതോതില്‍ കയറിക്കൂടിയിട്ടുണ്ടെന്ന പരാതികളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. മഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അനര്‍ഹര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്കുകളിലെ പരിശോധനയിലും അനര്‍ഹരെ കണ്ടെത്തിയതോടെ മുഴുവന്‍ താലൂക്കുകളിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ഈമാസം ഏഴിന് മുമ്പായി സ്വയം ഒഴിവാകാത്തവരില്‍ നിന്നും പിഴ ഈടാക്കും. അനര്‍ഹരെ മുഴുവന്‍ ഒഴിവാക്കിയാലേ കൂടുതല്‍ അര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവൂ. ഈ മാസം അവസാനത്തോടെ മുന്‍ഗണനാ ലിസ്റ്റ് കുറ്റമറ്റതാക്കി പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇതിന് മുമ്പായി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുക എന്നത് ശ്രമകരമായ ജോലിയാണ്.

Latest