ഇരുട്ടിന്റെ ലോകത്തെ സംഗീത സാന്ദ്രമാക്കി നിസാര്‍ മാസ്റ്റര്‍

Posted on: January 5, 2017 11:54 am | Last updated: January 5, 2017 at 11:54 am
SHARE

തിരൂര്‍: ജില്ലാ സ്‌കൂള്‍ കലാ മേളയില്‍ താരമായി നിസാര്‍ മാസ്റ്റര്‍. ഇരുട്ടിന്റെ ലോകത്തെ സംഗീത സാന്ദ്രമാക്കി നേട്ടം കൊയ്യുകയാണ് നിസാര്‍ മാസ്റ്ററും കുട്ടികളും. കലാ മേളകളില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രവുമായാണ് നിസാര്‍ മാസ്റ്റര്‍ ജില്ലാ കലോത്സവത്തിനെത്തിയത്. എന്നാല്‍ നേട്ടങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു നിസാര്‍ മാസ്റ്റര്‍ക്ക് 29 ാം മത് ജില്ലാ കലോത്സവത്തിലും. ജന്മനാ കാഴ്ച ശക്തി നഷ്ടപ്പെട്ട നിസാര്‍ മാസ്റ്റര്‍ തൊടുപുഴ സ്വദേശിയാണ്. 18 വര്‍ഷമായി വള്ളിക്കാപ്പറ്റയില്‍ സ്ഥിര താമസമാക്കിയ നിസാര്‍ മാസ്റ്റര്‍ മഞ്ചേരി സബ് ജില്ലക്ക് വേണ്ടിയാണ് ജില്ലാ മേളയിലെത്തിയത്. ഇന്നലെ നടന്ന യു പി വിഭാഗം സംഘ ഗാന മത്സരത്തിലും ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിലും എ ഗ്രേഡോടെ ഇദ്ദേഹത്തിന്റെ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടി. മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ റജീയ ഷെഹിന്‍ മാസ്റ്ററുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. തന്റെ പരിശീലനത്തിലൂടെ ജില്ലാ കലാമേളയില്‍ നാട്ടുകാരി കൂടിയായ റജിയ ഷെഹിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ച സന്തോഷത്തിലാണ് നിസാര്‍ മാസ്റ്റര്‍. മഞ്ചേരി സബ്ജില്ലയിലെ പി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ റജിയ ഷെഹിന്‍ മാപ്പിളപ്പാട്ട് മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. നിസാര്‍ മാസ്റ്റര്‍ പരിശീലിപ്പിച്ച പ്രവാചക പത്‌നി ഖദീജയുടെ ചരിത്രം വിവരിക്കുന്ന ‘അദനിന്‍ റോജാ…’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. അറബി ഗാനം, ഗസല്‍, അറബിപദ്യം, അറബി സംഘഗാനം എന്നീ മത്സരങ്ങള്‍ കൂടിയുണ്ട് ഇനി റജിയക്ക്. ഇതെല്ലാം പരിശീലിപ്പിച്ചത് നിസാര്‍ മാസ്റ്റര്‍ തന്നെയായിരുന്നു.

സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാര്‍ 1997 ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ കലാ പ്രതിഭയായിരുന്നു. ഇപ്പോള്‍ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ സംഗീത അധ്യാപകനാണ്. മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, സംഘ ഗാനം, ഉറുദു ഗസല്‍, ലളിത ഗാനം, ശാസ്ത്രീയ ഗാനം എന്നിവയാണ് മാസ്റ്ററുടെ പ്രധാന പരിശീലന ഇനങ്ങള്‍. വിവിധ ടെലിവിഷന്‍ റിയാലിറ്റി ഷോകള്‍ക്ക് വേണ്ടി ഇതുവരെ നൂറിലധികം കുട്ടികളെ പരിശീലിപ്പിച്ചതായി നിസാര്‍ മാസ്റ്റര്‍ പറഞ്ഞു. ഇന്നും നാളെയുമായി വിവിധ സ്‌റ്റേജുകളില്‍ നിസാര്‍ മാസ്റ്റര്‍ പരിശീലനം നല്‍കിയ കുട്ടികള്‍ മാറ്റുരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here