റദ്ദാക്കിയ 97 ശതമാനം 500, 1000 നോട്ടുകളും തിരിച്ചെത്തിയെന്ന് ബ്ലൂംബര്‍ഗ് ഡോട്ട് കോം

Posted on: January 5, 2017 10:28 am | Last updated: January 5, 2017 at 2:39 pm

ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

റദ്ദാക്കിയ 97 ശതമാനം 500, 1000 നോട്ടുകളും തിരിച്ചെത്തീയെന്ന് ബ്ലൂംബര്‍ഗ് ഡോട്ട് കോം. ഇതുവരെ 14.97 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയത്രേ. 15.4 ലക്ഷം കോടി രൂപയുടെ 500, 1000 രൂപയുടെ നോട്ടുകളാണ് നവംബര്‍ 8 ന് പ്രചാരത്തില്‍ ഇരുന്നിരുന്നതായി റിസര്‍വ്വ് ബാങ്ക് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 5 ലക്ഷം കോടി രൂപയുടെയെങ്കിലും കള്ളപ്പണം തിരിച്ചു വരില്ലെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. നവംബര്‍ അവസാനം ആയപ്പോഴേക്കും ഇത് 3 ലക്ഷം കോടിയായി കുറഞ്ഞു. റിസര്‍വ്വ് ബാങ്കാണെങ്കില്‍ ഡിസംബര്‍ രണ്ടാംവാരത്തിനുശേഷം എത്രയെത്ര നോട്ടുകള്‍ തിരിച്ചു വരുന്നൂവെന്നതിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതും അവസാനിപ്പിച്ചു. അതുകൊണ്ട് തിരിച്ചുവന്ന ആകെ നോട്ടുകളെക്കുറിച്ച് ഊഹാപോഹങ്ങളേയുള്ളൂ. ആദ്യമായിട്ടാണ് ഒരു പ്രമുഖ ഏജന്‍സി കണക്ക് രഹസ്യകേന്ദ്രങ്ങളെ ഉദ്ദരിച്ചുകൊണ്ട് പ്രസ്താവിച്ചിരിക്കുന്നത്. ഇനിയെങ്കിലും റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ പുറത്തുവിടണം.

ബ്ലൂംബര്‍ഗിന്റെ കണക്ക് ശരിയെങ്കില്‍ ഗൗരവമായ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഭൂട്ടാനിലെയും നേപ്പാളിലെയും ബാങ്കുകളിലെ റദ്ദാക്കിയ നോട്ടുകള്‍ ഇതുവരെ തിരിച്ചു വാങ്ങിയിട്ടില്ല. ഇതിനു പുറമേയാണ് വിദേശ ഇന്ത്യക്കാരുടെ കൈവശമുള്ള 500, 1000 രൂപ നോട്ടുകള്‍. ഇതെല്ലാം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യയില്‍

പ്രചാരണത്തിലുണ്ടായിരുന്ന കള്ളനോട്ടുകളില്‍ ഗണ്യമായൊരു ഭാഗം ബാങ്കുകളില്‍ എത്തിയിട്ടുണ്ടെന്ന് കരുതേണ്ടിവരും. മോഡിയുടെ കള്ളപ്പണവേട്ട കള്ളനോട്ടുകള്‍ വെളുപ്പിക്കാനുള്ള ഒരു പരിപാടിയായി മാറിയോ ഇല്ലയോ എന്നതിന് റിസര്‍വ്വ് ബാങ്ക് ഉത്തരം പറയേണ്ടതുണ്ട്.
ബ്ലൂംബര്‍ഗ് ലിങ്ക് ആദ്യ കമന്റില്‍

https://www.bloomberg.com/news/articles/2017-01-04/india-said-to-get-97-banned-notes-in-setback-to-graft-crackdown