Connect with us

Sports

നട്ടുച്ചക്ക് കിക്കോഫ് !

Published

|

Last Updated

വാര്‍ത്താ സമ്മേളനത്തിന് ശേഷം ക്യാപ്റ്റന്‍മാരായ പി.ഉസ്മാന്‍(കേരളം) വിഘ്‌നേഷ് (കര്‍ണാടക) ഇസ്മയില്‍ (ലക്ഷദ്വീപ്) രാരി. എസ്. രാജ് (സര്‍വീസസ്) സുകുമാരന്‍ (പുതുച്ചേരി) മുരുഗപ്പന്‍ (തമിഴ്‌നാട് ) ചന്ദ്രശേഖര്‍ (ആന്ധ്ര)

കോഴിക്കോട്: സന്തോഷ്‌ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കിക്കോഫ്. ഉച്ചക്ക് 1.45ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കര്‍ണാടക ആന്ധ്രപ്രദേശിനെയും വൈകിട്ട് നാലിന് നടക്കന്ന രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം പോണ്ടിച്ചേരിയേയും നേരിടും.

നേരത്തെ കേരളത്തിന്റെ മത്സരമായിരുന്നു അദ്യം നിശ്ചയിച്ചിരുന്നത്. മത്സര ഷെഡ്യൂളില്‍ ചെറിയ മാറ്റം വരുത്തിയ സംഘാടക സമിതി കേരളത്തിന്റെ മുഴുവന്‍ മത്സരങ്ങളും ഉച്ചക്ക് ശേഷമാണെന്ന് അറിയിക്കുകയായിരുന്നു. വൈകിട്ട് നടക്കുന്ന മത്സരത്തിന് വെളിച്ചക്കുറവ് ബാധിക്കുമെന്നതിനാല്‍ ആദ്യ മത്സരം നേരത്തെ നിശ്ചയിച്ച 2.30ല്‍ നിന്ന് 1.45ലേക്ക് മാറ്റുകയായിരുന്നു. കനത്ത ചൂട് നിലനില്‍ക്കന്നതിനാല്‍ ഉച്ചക്ക് നടക്കുന്ന മത്സരങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് മേഖലകളിലും ഒരേ സമയത്താണ് മത്സരം നടക്കന്നതെന്നും ഒരിടത്ത് മാത്രം മാറ്റാന്‍ കഴിയില്ലെന്നും അറിയിച്ച ഐ എഫ് എ ഇത് നിരസിക്കുകയായിരുന്നു.
സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കേരളം മികച്ച പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്. ഏറെ ഒത്തിണക്കമുള്ള ടീമാണ് കേരളത്തിന്റെതെന്നും ഗ്രൂപ്പിലെ മുഴുവന്‍ മത്സരങ്ങളും ജിയച്ച് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ടീമിന് കഴിയുമെന്നും ക്യാപ്റ്റന്‍ പി ഉസ്മാന്‍ പ്രതികരിച്ചു.
ഗ്രൂപ്പിലെ ഒരു ടീമിനയും നിസാരരായി കാണുന്നില്ല. എങ്കിലും കര്‍ണാടകയുമായുള്ള മത്സരമായിരിക്കും ഏറെ കടുത്തത്. യൂണിവേഴ്‌സിറ്റി താരങ്ങളുമായെത്തുന്ന പോണ്ടിച്ചേരിക്ക് മേല്‍ മികച്ച വിജയമാണ് ടീം പ്രതീക്ഷിക്കുന്നത്. കനത്ത വെയിലില്‍ സൗത്ത് സോണ്‍ മത്സരങ്ങള്‍ നടക്കുന്നത് അല്‍പ്പം ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും ഏത് സമയത്തും കളിക്കാന്‍ ടീം സജ്ജമാണെന്നും ഉസ്മാന്‍ പറഞ്ഞു. 11 പുതുമുഖ താരങ്ങളാണ് കേരള ടീമിലുള്ളത്. ഇതില്‍ കൂടുതല്‍ പേരും അണ്ടര്‍ 19 താരങ്ങളാണ്. എട്ട് പേര്‍ മുന്‍ സന്തോഷ്‌ട്രോഫി താരങ്ങളാണ്. സന്തോഷ്‌ട്രോഫി ടീം ക്യാപ്റ്റനും മുന്‍ വിവ കേരള താരവുമായിരുന്ന വി കെ ഷിബിന്‍ലാലും ചിരാഗ് യുണൈറ്റഡ് മുന്‍ താരം നൗഷാദുമാണ് ടീമിലെ കോഴിക്കോട്ടുകാര്‍, ഫിറോസ് കളത്തിങ്ങല്‍ വൈസ് ക്യാപ്റ്റനും കോച്ച് വി പി ഷാജി. ഗോള്‍ കീപ്പറുള്‍ഉള്‍പ്പടെ രണ്ട് പേര്‍ കണ്ണൂര്‍ക്കാരാണ്.

കേരളത്തിന്റെ അന്തിമ ഇലവനെ മത്സരത്തിന്റെ തൊട്ട്മുമ്പാണ് പ്രഖ്യാപിക്കുക. പരിചയ സമ്പന്നനായ വി മിഥുനായിരിക്കും ആതിഥേരയുടെ ഗോള്‍വല കാക്കുക. പ്രതിരോധത്തില്‍ എം നജേഷ്, കെ നൗഷാദ്, എസ് ലിജോ, രാഹുല്‍ വി രാജ് എന്നിവര്‍ അണിനിരക്കും. മധ്യനിരയില്‍ മുതിര്‍ന്ന താരങ്ങളായ വി കെ ഷിബിന്‍ലാലോ എസ് സിസണോ ഇറങ്ങും. ഇവര്‍ക്കൊപ്പം യുവതാരങ്ങളെ നിയോഗിക്കാനാണ് തീരുമാനം. നായകന്‍ പി ഉസ്മാനും ജോബി ജെസ്റ്റിനും മുന്നേറ്റത്തില്‍ ഇറങ്ങും. ടീം മികച്ച ഫോമിലാണെന്ന് പരിശീലകന്‍ വി പി ഷാജി പറഞ്ഞു. ടീം ഗെയിമാണ് ഉദേശിക്കുന്നത്. യുവതാരങ്ങള്‍ തിളങ്ങുമെന്നാന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പുതുച്ചേരിയുടെ 20 അംഗ ടീമില്‍ നാല് സീനിയര്‍ താരങ്ങളെ കൂടാതെ നാല് മലയാളി താരങ്ങളുണ്ട്. റഫീഖ് തൃശൂര്, നിധിന്‍ തിരുവനന്തപുരം, നിസാം വയനാട്, അജ്മല്‍ പാലക്കാട് എന്നിവരാണ് ടീമിലെ മലയാളികള്‍. കേരളത്തിനെതിരെ മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന് പോണ്ടിച്ചേരി ക്യാപ്റ്റന്‍ കെ സുകുമാരന്‍ പ്രതികരിച്ചു. ഡാനിയല്‍ റോക്ക്, ആല്‍ബിന്‍, ബാലാജി തുടങ്ങിയ പരിചയ സമ്പന്നര്‍ ടീമലുണ്ടെന്നും ഒപ്പം മലയാളി താരങ്ങളും പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു ഗ്രൂപ്പിലുമായി മാറ്റുരക്കുന്ന എട്ട് ടീമുകളും ഇന്നലെയോടെ കോഴിക്കോട്ട് എത്തി. നിരവധി തവണ സന്തോഷ് ട്രോഫി കളിച്ചവരായ പരിചയ സമ്പന്നരെയും ഒപ്പം പുത്തന്‍ താരങ്ങളെയും കോര്‍ത്തിണക്കിയാണ് ടീമുകളെല്ലാം എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍പട്ടം നേടിയ ടീമിലെ ഏഴ് പേരെ നിലനില്‍ത്തികൊണ്ടാണ് സര്‍വീസസ് എത്തിയിരിക്കുന്നത്.
ഇതില്‍ ആറ് മലയാളി താരങ്ങളുമുണ്ട്. യോഗ്യത മത്സരത്തില്‍ തമിഴ്‌നാടിനെയാണ് കടുത്ത എതിരാളികളായി കാണുന്നതെന്നും എങ്കിലും ഗ്രൂപ്പില്‍ ഒന്നാമതായി ഫൈനല്‍ റൗണ്ടിലെത്തുമെന്നും കിരീടം നിലനില്‍ത്തുമെന്നും സര്‍വീസസ് ക്യാപ്റ്റന്‍ രാരി എസ് രാജ് പറഞ്ഞു. വിവിധ ടീമുകളുടെ ക്യാപ്റ്റന്‍മാരായ മുരുകപ്പ (തമിഴ്‌നാട്), പി ഇസ്മാഈല്‍ (ലക്ഷദ്വീപ്), ചന്ദ്രശേഖര്‍ (ആന്ധ്ര) എന്നിവരും ആത്മവിശ്വാസം പങ്കുവെച്ചു.

നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവ എ ഗ്രൂപ്പിലും സര്‍വീസസ്, തമിഴ്‌നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവ ഗ്രൂപ്പ് ബിയിലുമാണുള്ളത്. ഇരു ഗ്രൂപ്പുകളിലുമായി 12 മത്സരങ്ങളാണുള്ളത്. ഈ മാസം 10 വരെയാണ് യോഗ്യതാ മത്സരങ്ങള്‍ നടക്കുക. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും.