ഫലസ്തീന്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമെന്ന്

Posted on: January 5, 2017 6:47 am | Last updated: January 4, 2017 at 11:50 pm
SHARE

ജറുസലേം: കൈയേറ്റ വെസ്റ്റ് ബാങ്കിലും ജറുസലേമിലും ഒരു ദശാബ്ദത്തിനിടെ ഇസ്‌റാഈല്‍ സേന ഏറ്റവും കൂടുതല്‍ ഫലസ്തീനിയന്‍ കുട്ടികളെ കൊന്നൊടുക്കിയത് കഴിഞ്ഞ വര്‍ഷമെന്ന് മനുഷ്യാവകാശ സംഘടനയായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷനല്‍ (ഡി സി ഐ) പറഞ്ഞു. കഴിഞ്ഞ വര്‍ഷം 18 വയസിന് താഴെയുള്ള 32 ഫലസ്തീനിയന്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായി സംഘടനയുടെ ഇസ്‌റാഈല്‍ കൈയേറിയ ഫലസ്തീന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഘടകം രേഖപ്പെടുത്തിയ കണക്കുകള്‍ പറയുന്നു. പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ വര്‍ഷം ഫലസ്തീന്‍ കുട്ടികള്‍ക്ക് നേരെയുണ്ടായിരിക്കുന്നതെന്ന് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈയേറ്റ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ടൗണുകളിലേക്ക് കടന്നുകയറിയ ഇസ്‌റാഈല്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തിലോ നിരായുധമായ പ്രതിഷേധത്തിനിടെയോ ആണ് നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കാണുന്ന മാത്രയില്‍ വെടിവെച്ച് കൊല്ലുകയെന്ന നയമാണ് ഇസ്‌റാഈല്‍ സൈന്യം പിന്തുടരുന്നത്. ഇവര്‍ക്ക് ഫലസ്തീനികളെ കൊന്നൊടുക്കാനുള്ള അവകാശമുണ്ടെന്നവിധമാണിത്. ഫലസ്തീനികളെ കൊന്നൊടുക്കിയാലും ശിക്ഷയില്‍നിന്നും രക്ഷപ്പെടാമെന്നും മറ്റ് പ്രത്യാഘാതങ്ങളുണ്ടാകില്ലെന്നും ഇവര്‍ക്കറിയാമെന്നും ഫലസ്തീനിലെ ഡി സി ഐ പ്രോഗ്രാം ഡയറക്ടര്‍ അയേദ് അബു ഇഖ്‌തേഷ് അല്‍ ജസീറയോട് പറഞ്ഞു.

2015 ഒക്‌ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ സൈനികരും കുടിയേറ്റക്കാരും ചേര്‍ന്ന് ഏകദേശം 244 ഫലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട്. നിരായുധരായ പ്രതിഷേധക്കാര്‍, അക്രമികളെന്ന് ആരോപിക്കപ്പെടുന്നവര്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. ഫലസ്തീനികള്‍ നടത്തിയ കത്തിക്കുത്തിലും വെടിവെപ്പിലും 36 ഇസ്‌റാഈലികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2016ല്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ കുട്ടികളില്‍ 19 പേര്‍ 16നും 17നും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ 13 പേര്‍ 13നും 15നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഡി സി ഐ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here