സ്‌കൂള്‍ കലോത്സവത്തില്‍ കൈക്കൂലി: വിധികര്‍ത്താവ് കുടുങ്ങി

Posted on: January 5, 2017 6:40 am | Last updated: January 4, 2017 at 11:41 pm
SHARE

കൊച്ചി: പറവൂരില്‍ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരാര്‍ഥികളെ വിജയിപ്പിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട വിധികര്‍ത്താവ് കുടുങ്ങി. കലോത്സവത്തില്‍ നൃത്ത മത്സരങ്ങളുടെ വിധിനിര്‍ണയത്തിനെത്തിയ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ജയരാജ് എന്നയാളാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്.

മത്സരാര്‍ഥികളെ വിജയിപ്പിക്കാന്‍ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി എ സന്തോഷ് മത്സരാര്‍ഥിയുടെ ബന്ധുവെന്ന വ്യാജേന ജയരാജിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മത്സരാര്‍ഥിയെ വിജയിപ്പിക്കാന്‍ ഇയാള്‍ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഈ തുകയുടെ അഡ്വാന്‍സ് ആയ ഒരു ലക്ഷം രൂപ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാനും അറിയിച്ചു. എന്നാല്‍, ഈ സംഭാഷണങ്ങള്‍ ഫോണില്‍ റെക്കാര്‍ഡ് ചെയ്ത് വിജിലന്‍സിനു കൈമാറുകയായിരുന്നു. പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്, കൗണ്‍സിലര്‍മാരായ ബെന്നി തോമസ്, പ്രദീപ് തോപ്പില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫോണില്‍ ബന്ധപ്പെട്ടത്.