ജിഷ വധം: ആദ്യ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായില്ലെന്ന്‌ പോലീസ്

Posted on: January 5, 2017 12:33 am | Last updated: January 4, 2017 at 11:36 pm

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ആദ്യ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ്. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ആദ്യ അന്വേഷണത്തില്‍ ഒരു വീഴ്ചയും ഉണ്ടായില്ലെന്നും തെളിവൊന്നും നഷ്ടപെട്ടിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. ആദ്യ അന്വേഷണത്തില്‍ പാളിച്ചയുണ്ടായോ, ആരെങ്കിലും വീഴ്ച വരുത്തിയോ എന്ന ചോദ്യത്തിനും വീഴ്ച ഉണ്ടായതായി സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്ന ചോദത്തിനും ഇല്ല എന്നാണ് മറുപടി.

കൊല്ലപ്പെട്ട ജിഷയുടെ പിതൃത്വം ഡി എന്‍ എ പരിശോധനയില്‍ വ്യക്തമായോ എന്ന ചോദ്യത്തിന് പരിശോധനയില്‍ ജിഷയുടെ പിതാവ് പാപ്പു ആണെന്ന് സ്ഥിരീകരിച്ചെന്നാണ് പോലീസ് നല്‍കുന്ന മറുപടി. കസ്റ്റഡി മരണമോ, വിവാഹത്തിന് ഏഴ് വര്‍ഷത്തിനുള്ളിലുണ്ടായ മരണമോ അല്ലാത്തതിനാല്‍, എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ ആവശ്യകതയില്ലെന്നാണ് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യമില്ലാതെ ഇന്‍ക്വസ്റ്റ് നടത്തിയതില്‍ നിയമപ്രശ്‌നം ആരോപിച്ചവര്‍ക്കുള്ള വിശദീകരണം.