Connect with us

Kerala

ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കിലും ശമ്പള, പെന്‍ഷന്‍ വിതരണം സുഗമം

Published

|

Last Updated

തിരുവനന്തപുരം: ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കിലും ശമ്പള പെന്‍ഷന്‍ വിതരണം ബുദ്ധിമുട്ടില്ലാതെ നടന്നതായി ധനവകുപ്പ്. ട്രഷറികളിലേക്ക് ആകെ ആവശ്യപ്പെട്ടത് 201.96 കോടി രൂപയാണെങ്കിലും ലഭിച്ചത് 130 കോടി രൂപ (64 %)യാണ്. പണം കിട്ടാത്ത ട്രഷറികള്‍ നാലാണ് (ജില്ലാട്രഷറി, മട്ടന്നൂര്‍, സബ് ട്രഷറി, മട്ടന്നൂര്‍, സബ് ട്രഷറി, പയ്യന്നൂര്‍; സബ് ട്രഷറി, വേങ്ങര) ഇന്നലത്തെ വരവും ബാക്കിയും ഉള്‍പ്പെടെ ഇന്ന് ട്രഷറികള്‍ ആകെ വിതരണം ചെയ്തത് 645.3 കോടി രൂപയാണ്. അതിനാല്‍ ട്രഷറികളില്‍ പെന്‍ഷന്‍, ശമ്പളം വിതരണത്തില്‍ ബുദ്ധിമുട്ടുണ്ടായില്ല.

ഇതില്‍ 41286 പേരാണ്( 74.49 കോടി) പെന്‍ഷന്‍ പിന്‍വലിച്ചത്: ശമ്പളക്കാരും മറ്റ് ട്രഷറി സേവിംഗ്‌സ് അക്കൗണ്ടുടമകളും പിന്‍വലിച്ചത് 6500ഓളം പേ രാണ് (17.36 കോടി). ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തത് 36.8 കോടി രൂപ. വിവിധ വകുപ്പുകള്‍ക്കു വിവിധ ആവശ്യങ്ങള്‍ക്കു നല്‍കിയത് 516.6 കോടി രൂപയാണ്. ആദ്യദിനത്തില്‍ സാങ്കേതിത പ്രശ്‌നങ്ങളാല്‍ ചിലയിടങ്ങളില്‍ ശമ്പളപെന്‍ഷന്‍ വിതരണം മുടങ്ങിയെങ്കിലും ഇന്നലെ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
പുതുവര്‍ഷത്തിലെ ആദ്യ ശമ്പള ദിനത്തില്‍ ശമ്പളവും പെന്‍ഷനും വാങ്ങാന്‍ ട്രഷറികളില്‍ വന്‍ തിരക്കായിരുന്നെങ്കില്‍ ഇന്നലെ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ആവശ്യമായ മുറക്ക് ബാങ്കുകളില്‍ നിന്ന് ട്രഷറികളിലേക്ക് പണം എത്തിച്ചതിനാല്‍ ആദ്യദിനത്തിലും കൂടുതല്‍ പ്രതിസന്ധിയുണ്ടായില്ല. എന്നാല്‍ തിരുവനന്തപുരം അടക്കം ചിലയിടങ്ങളില്‍ പണം എത്താത്തതിനാല്‍ പെന്‍ഷന്‍ വിതരണം തടസപ്പെട്ടിരുന്നു. അതേസമയം, വേണ്ടത്ര കറന്‍സി ലഭിച്ചില്ലെങ്കില്‍ വരുംദിനങ്ങളില്‍ പ്രതിസന്ധിക്കു സാധ്യതയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.