മരുന്നുകളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുന്നു

Posted on: January 5, 2017 7:28 am | Last updated: January 4, 2017 at 11:29 pm
SHARE

തിരുവനന്തപുരം: കാന്‍സര്‍ പോലുള്ള ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ തന്നെയാണ് ആശുപത്രികളില്‍ നിന്ന് ലഭിക്കുന്നതെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. രോഗീ സൗഹൃദ ആശുപത്രി സംരംഭം (ആര്‍ദ്രം മിഷന്‍) നടത്തിപ്പിന്റെ പുരോഗതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ രണ്ട് വീതം ജില്ലാ, ജനറല്‍ ആശുപത്രികളടക്കം 17 ജില്ലാ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തിക ഒഴികെ 1430 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.
എ ഐ എം എസ് (എയിംസ്) മാതൃകയില്‍ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നവീകരിക്കും. ഇതിന്റെ പ്രാരംഭ നടപടിയായി ഏപ്രില്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുകളിലും ജൂലൈ മാസത്തോടെ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഓണ്‍ലൈന്‍ ഒ പി ടിക്കറ്റിംഗ് നടപ്പാക്കും. ജില്ലാ ആശുപത്രികളുടെ നിലവാരമുയര്‍ത്തുന്നതിന് 63.63 കോടി രൂപയും താലൂക്ക് ആശുപത്രികളുടെ നിലവാരമുയര്‍ത്തുന്നതിന് 185.35 കോടി രൂപയും എട്ട് മെഡിക്കല്‍ കോളജുകളുടെ നിലവാരമുയര്‍ത്തുന്നതിന് 5335.84 കോടി രൂപയും ചെലവു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ആധുനീകരിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, നവീകരിച്ച കൗണ്ടറുകള്‍, ഒ പി കംപ്യൂട്ടറൈസേഷന്‍, ടോക്കണ്‍ സംവിധാനം, വെയ്റ്റിംഗ് ഏരിയകളില്‍ ഇരിപ്പിടങ്ങളും കുടിവെള്ളം- ടോയ്‌ലെറ്റ് സൗകര്യങ്ങളും, ലൊക്കേഷന്‍ മാപ്പുകള്‍, ഡ്രൈനേജുകള്‍ എന്നീ സൗകര്യങ്ങള്‍ നടപ്പാക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും. സമീപമുള്ള മുഴുവന്‍ കുടുംബങ്ങളുടെയും ആരോഗ്യ കാര്യങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും. ജീവിത ശൈലീ രോഗങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുപുറമേ, ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം, ആശുപത്രി ഉപകരണങ്ങള്‍, ഡോക്ടര്‍മാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവ ലഭ്യമാക്കുകയും ചെയ്യും. ഒരു വികസന ബ്ലോക്കില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററെങ്കിലും ഫാമിലി ഹെല്‍ത്ത് സെന്ററാക്കും. ഡോക്ടര്‍മാര്‍, സ്റ്റാഫ്, നഴ്‌സ്, ജെ പി എച്ച് എന്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് പുതിയ സംവിധാനമനുസരിച്ചുള്ള പരിശീലനം നല്‍കും. ഇത്തരത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തേണ്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി- സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എട്ട് ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് ആരംഭിച്ചുവെന്നും താലൂക്ക് ആശുപത്രികള്‍ നവീകരിക്കാനും ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കും.

കാഷ്വാലിറ്റികളില്‍ ലെവല്‍ ടു ട്രോമ കെയര്‍ സൗകര്യങ്ങള്‍ ഒരുക്കും. സി ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള ആധുനിക ലാബോറട്ടറി, രോഗ നിര്‍ണയ സംവിധാനങ്ങള്‍ എന്നിവയും ആംബുലന്‍സ് സര്‍വീസുകളും ആരംഭിക്കും. ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്ന നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here