വോട്ടിനു മതം: അപ്രായോഗികമായ വിധി

Posted on: January 5, 2017 6:05 am | Last updated: January 5, 2017 at 11:49 am
SHARE

മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടുതേടുന്നത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നു. ഇവ ചൂഷണം ചെയ്ത് വോട്ടു തേടിയ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കാമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ച് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് മതനിരപേക്ഷ പ്രക്രിയയാണ്. അതനുസരിച്ചുള്ള നടപടിക്രമം പാലിക്കേണ്ടത് അനിവാര്യമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു- സുപ്രധാനമായ വിധിന്യായത്തില്‍ ഭരണഘടനാബെഞ്ച് ചൂണ്ടിക്കാണിക്കുന്നു .

ഏഴംഗ ബെഞ്ചില്‍ മൂന്ന് ന്യായാധിപര്‍ വിയോജിച്ചു. ഈ വിധി ഭരണഘടനാവകാശങ്ങളെ ഹനിക്കുന്നതാണ് എന്നവര്‍ അഭിപ്രായപ്പെടുന്നു. ജനപ്രാതിനിധ്യ നിയമം 123 (3) ഉപവകുപ്പിലെ ‘വ്യക്തിയുടെ മതത്തിന്റെ പേരിലുള്ള പ്രചാരണം’ എന്ന പരാമര്‍ശത്തിന്റെ പേരിലാണ് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായത്. ഈ പരാമര്‍ശത്തില്‍, എല്ലാ വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും മതവും ജാതിയും സമുദായവും ഉള്‍പ്പെടുമെന്ന നിലപാടാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എം ബി ലോക്കൂര്‍, എസ് എ ബോബ്‌ഡെയും എല്‍ നാഗേശ്വരറാവുവും സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയാണ്. ഏത് മതത്തിന്റെപേരില്‍ ആര് ആര്‍ക്കുവേണ്ടി പ്രചാരണം നടത്തിയാലും നിയമവിരുദ്ധമാണ്. എന്നാല്‍, വ്യക്തിയുടെ മതമെന്ന പരാമര്‍ശം സ്ഥാനാര്‍ഥിയുടെ മതമായി കണ്ടാല്‍ മതിയെന്നായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരുടെ നിലപാട്. മതം തിരഞ്ഞെടുപ്പില്‍ ഇടപെടണമോ എന്ന വിഷയം പരിശോധിക്കുന്ന ഭരണഘടനാബെഞ്ച് 1995ലെ സുപ്രീം കോടതിയുടെ വിവാദഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തള്ളിയിരുന്നു എന്നതും പ്രധാനപ്പെട്ട വസ്തുതയാണ്.

വോട്ട് പിടിത്തത്തിനു മതം ഉപയോഗിച്ചാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ അഴിമതി (corrupt practices) എന്ന വകുപ്പില്‍പ്പെടുത്തി കേസെടുത്തു, തിരഞ്ഞെടുപ്പ് റദ്ദാക്കുക വരെ ചെയ്യാം എന്നതാണ് കോടതി വിധിയുടെ കാതല്‍. തിരഞ്ഞെടുപ്പ് സമയത്തു മതവും അതില്‍ നിന്നുയരുന്ന സാമുദായിക വികാരവും ചൂഷണം ചെയ്തു തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ THE REPRESENTATION OF THE PEOPLE ACT, 1951 പ്രകാരം കുറ്റകൃത്യം ചെയ്തവരായി കണക്കാക്കും. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ടു തേടരുതെന്ന സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍, അതിന്റെ പ്രായോഗികതയെക്കുറിച്ചു സന്ദേഹമുണ്ട്. കാരണം, ഇന്നു ജാതിയുടെയും മതത്തിന്റെയും പേരിലാണു മിക്കവാറും രാഷ്ട്രീയ പാര്‍ട്ടികളും വോട്ട് തേടുന്നത്. ഏറ്റവും ചുരുങ്ങിയത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെങ്കിലും സ്വാധീനിക്കുന്നുണ്ട് എന്നതില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും മാറി നില്‍ക്കാനാവില്ല. ജാതിപ്പാര്‍ട്ടികള്‍, രാഷ്ട്രീയ പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളത്തില്‍പ്പോലുമുണ്ട്.
മാത്രമല്ല, മതങ്ങള്‍ക്കും മതനേതാക്കള്‍ക്കും നമ്മുടെ നാട്ടില്‍ പ്രസക്തിയുണ്ട്. മണിപവറും മാന്‍പവറും മസില്‍പവറുമാണ് ഇവിടെ നടക്കുന്നത്. ഇതൊഴിവാക്കി ജനാധിപത്യം നടപ്പാക്കാനാകില്ല എന്നതാണ് പ്രായോഗിക യാഥാര്‍ഥ്യം. മതത്തിനു പുറമെ വംശം, വര്‍ണം, ഭാഷ എന്നീ അടിസ്ഥാനത്തിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ലെന്നാണ് നാല് ജഡ്ജിമാര്‍ വിധിച്ചത്.
എന്നാല്‍, ഈ വിധി തെറ്റായ ഫലം ഉളവാക്കാന്‍ ഇടയുള്ളതാണെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ സംവരണം തിരഞ്ഞെടുപ്പ് വിഷയമായി പറഞ്ഞാല്‍പോലും കോടതി വിധിക്ക് എതിരാണെന്നുവരാം. ഇതുകൂടി കണക്കിലെടുത്താണ് മൂന്ന് ജഡ്ജിമാരുടെ വിയോജിപ്പ് എന്നതാണ് വിയോജന കുറിപ്പിനെ ശ്രദ്ധേയമാക്കുന്നത്. പാര്‍ലിമെന്റാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്ന വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരുടെ കാഴ്ചപ്പാടാണ് ഈ വിധിയുടെ അന്തഃസത്തയേക്കാള്‍ ജനാധിപത്യപരമായും, നിയമപരമായും കൂടുതല്‍ അന്തസ്സാര്‍ന്നതായി ഉയര്‍ന്നുനില്‍ക്കുന്നത്. മതവും രാഷ്ട്രീയവും വേറിട്ടു കാണണമെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് അധമമായ രീതിയാണെന്നുമുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍തന്നെ ഭാഷ, ജാതി, വര്‍ണം എന്നിവയെ ഇക്കൂട്ടത്തില്‍ ചേര്‍ക്കാമോ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ഇതിനെ ഇന്ത്യന്‍ സാഹചര്യത്തില്‍ നിസ്സാരമായി കാണാന്‍ കഴിയില്ല. കാരണം ഇന്ത്യയിലെ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും നിലപാടുതറകള്‍ പോലും ഇത്തരം ജാതി മത വര്‍ണ കീഴാള- സവര്‍ണ അവസ്ഥകളില്‍ രൂപപ്പെട്ടതാണ്. ഈ രാജ്യത്ത് പൗരോഹിത്യം കഴിഞ്ഞാല്‍ മതവും ജാതിയും ദുരുപയോഗം ചെയ്യുന്നത് ഇവിടുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതൊരുപക്ഷേ, ഒരു സുപ്രീംകോടതി വിധിക്കു പോലും ഇല്ലാതാക്കാന്‍ കഴിയാത്ത രാഷ്ട്രീയ യാഥാര്‍ഥ്യവുമാണ് .

മായാവതിയുടെ വോട്ടു ബേങ്കില്‍ ബഹുഭൂരിപക്ഷം ദളിതുകളാണ്. ആദിവാസികള്‍ മറ്റൊരു ഉദാഹരണം. അവര്‍ നേരിടുന്ന സാമൂഹികവിവേചനവും മറ്റും ഉന്നയിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അതിനുകൂടി ഫലത്തില്‍ കോടതിവിധി നിയന്ത്രണം കൊണ്ടുവരുന്നു. പുറമേക്ക് പറയുന്നില്ലെങ്കില്‍ പോലും കേരളത്തിലെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സംഘടനകള്‍ സമുദായത്തിന്റെ താത്പര്യങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരും തിരഞ്ഞെടുപ്പിനെ നേരിടുന്നവരുമാണ്. കേരളാ കോണ്‍ഗ്രസുകളുടെത് ക്രിസ്ത്യന്‍ താത്പര്യങ്ങളാണ് എന്നതും വസ്തുതയാണ്. തമിഴ് നാട്ടില്‍ നാളിതുവരെ ദ്രാവിഡ രാഷ്ട്രീയത്തിനല്ലാതെ പറയത്തക്ക വേരോട്ടം ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധിയുടെ സൂക്ഷ്മ വ്യാഖ്യാനത്തില്‍ ദ്രാവിഡപരമായി വര്‍ഗവത്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ പൈതൃകത്തെ അന്നാട്ടിലെ പ്രസ്ഥാനങ്ങള്‍ക്ക് ത്യജിക്കേണ്ടതായി വരും. അത് തീര്‍ത്തും അസാധ്യമാണ് എന്നതിനാല്‍ ഉപരിപ്ലവകരമായി വിപ്ലവകരമെന്നു തോന്നുന്ന ഈ കോടതിവിധി ഫലത്തില്‍ ഒരു സംവാദത്തിനു വിഷയീഭവിച്ചേക്കാം എന്നതില്‍ക്കവിഞ്ഞു അപ്രായോഗികമാണ് എന്ന് വ്യക്തമാണ്.
ഹിന്ദുത്വം സംബന്ധിച്ച് 1995ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടീസ്റ്റ സെതല്‍വാദ് ഉള്‍െപ്പടെ ഹരജി നല്‍കിയിരുന്നു. ഹിന്ദു എന്നത് മതമല്ലെന്നും ജീവിതരീതിയാണെന്നുമുള്ള ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് സംബന്ധിച്ചായിരുന്നു ഹരജികള്‍. എന്നാല്‍ 1995ലെ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയാണ് ചെയ്തത്. മത നേതാക്കള്‍ അനുയായികളോട് രാഷ്ട്രീയകക്ഷികള്‍ക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശിക്കുന്നത് ജനപ്രാതിനിധ്യനിയമലംഘനമാണോയെന്ന കാര്യമാണ് പരിശോധിക്കുന്നതെന്നും ഹിന്ദുത്വം എന്താണെന്ന് ഇഴകീറി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. ഈ നിലപാട് അവ്യക്തവും ഫലത്തില്‍ തീവ്ര ഹൈന്ദവ വലതുപക്ഷ രാഷ്ട്രീയ ധാരയെ സഹായിക്കുന്നതുമാണ്. എങ്ങനെയെന്നാല്‍ കേരളാ കോണ്‍ഗ്രസുകാര്‍ പരസ്യമായി ക്രിസ്ത്യന്‍ രാഷ്ട്രീയം പറയാന്‍ പ്രയാസപ്പെടുമ്പോള്‍, മുസ്‌ലിം രാഷ്ട്രീയം ഉന്നയിക്കാന്‍ ലീഗടക്കമുള്ള രാജ്യത്തെ സാമുദായിക പാര്‍ട്ടികള്‍ കോടതിയുടെയും ഇലക്ഷന്‍ കമ്മീഷന്റെയും തിട്ടൂരം മുന്നിലുള്ളപ്പോള്‍, ‘ഹിന്ദുത്വം മതമല്ല, ജീവിതരീതിയും സംസ്‌കാരവുമാണെ’ന്ന നിരീക്ഷണത്തിന്റെ സൗജന്യങ്ങള്‍ ഉപയോഗിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് നിര്‍ലോഭം വലതുപക്ഷ സവര്‍ണ ബ്രാഹ്മണ്യ വര്‍ഗീയ ഹൈന്ദവത ഉപയോഗിക്കാം എന്നതാകും ദുരന്തം.
പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വം മതമല്ല ജീവിതരീതിയാണ് എന്നത് ചേലുള്ള ഒരു പ്രയോഗമാണ്. പക്ഷേ, രാഷ്ട്രീയ പ്രയോഗ പരിസരങ്ങളില്‍ അതൊരു മതം തന്നെയാണ് എന്ന് കാണാം. ആ വസ്തുതാബോധ്യത്തില്‍ നിന്ന് തെന്നിമാറി ഹൈന്ദവ ഫാസിസത്തിന്റെ കാലത്തു ഒരു ജുഡീഷ്യല്‍ നിരീക്ഷണമുണ്ടാകുമ്പോള്‍ അത് നിര്‍ഭാഗ്യകരം എന്നേ പറയാന്‍ കഴിയൂ.

എന്തായാലും, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാത്രമല്ല, ജീവശ്വാസത്തില്‍ പോലും അടിമുടി മതത്തിലും, സാമുദായികതയിലും കുളിച്ചു നില്‍ക്കുന്ന ഒരു മഹാരാജ്യത്ത് ഈ കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതില്‍ ഏറിയും കുറഞ്ഞും നന്മകളും തിന്മകളും ഉണ്ടാകുമെന്നത് മറ്റൊരു യാഥാര്‍ഥ്യം. യു പി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് വിധി എന്നതും ശ്രദ്ധേയം. ജാതിയും വര്‍ണവുമെല്ലാമാണ് ഈ സംസ്ഥാനങ്ങളില്‍ എക്കാലവും പ്രധാന പ്രമേയം എന്നത് ഇതിനിടയില്‍ ഒരു കറുത്ത ഹാസ്യമാകുന്നുമുണ്ട്.