Connect with us

Kannur

പിഞ്ചുമകളെ നിലത്തടിച്ചുകൊന്ന പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

Published

|

Last Updated

തലശ്ശേരി: വികലാംഗയായ ഏക മകളെ കാലില്‍പ്പിടിച്ച് നിലത്തടിച്ചു കൊന്നുവെന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കടവത്തൂര്‍ തെണ്ടപ്പറമ്പിലെ തോറിക്കണ്ടിയില്‍ അബ്ദുല്ലയാണ്(40) ശിക്ഷിക്കപ്പെട്ടത്. ആറ് വയസ്സുകാരിയായ മകള്‍ ആയിശയെ അബ്ദുല്ല കൊലപ്പെടുത്തിയെന്ന് തലശ്ശേരി ഒന്നാം അഷീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ശ്രീകല സുരേഷ് കണ്ടെത്തിയിരുന്നു.

2010 ജനുവരി 15ന് രാത്രിയിലാണ് സംഭവം. നേരത്തെ ഗള്‍ഫിലായാരുന്ന അബ്ദുല്ല നാട്ടിലെത്തി ഒരു വര്‍ഷം തികയുന്നതിനിടയിലായിരുന്നു മകളെ വീട്ടിനുള്ളില്‍ വെച്ച് അരും കൊല ചെയ്തത്. വികലാംഗയായ ആയിശയുടെ ചികിത്സക്കായി ഏറെ പണം ചെലവഴിച്ചിട്ടും ഭേദമാകാത്തിനാല്‍ അബ്ദുല്ല ദുഃഖിതനായിരുന്നുവത്രെ. സംഭവ ദിവസം വീട്ടില്‍ വാക്കുതര്‍ക്കം നടക്കുന്നതിനിടയില്‍ സമനില തെറ്റിയ നിലയില്‍ മകളെ നിലത്തടിക്കുകയായിരുന്നു. കുട്ടിയുടെ തല പിളര്‍ന്നു. ഉമ്മ നസീറ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെല്ലാം കേസ് വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. ദൃക്‌സാക്ഷികള്‍ കൂറുമാറിയതോടെ കൊലക്കേസിന്റെ വിധിതന്നെ മാറുമെന്ന നിലയിലായപ്പോള്‍ കൂറുമാറിയവരെ ക്രോസ് വിസ്താരം നടത്തിയും സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ കോര്‍ത്തിണക്കിയും കുറ്റ കൃത്യത്തിന്റെ ഗൗരവം അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ജെ ജോണ്‍സണ്‍ കോടതിയെ ബോധ്യപ്പെടുത്തി. വികലാംഗയായ കുട്ടി ഇല്ലാതായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ പ്രതിയും ഭാര്യയും കൂറുമാറിയ മറ്റു ബന്ധുക്കളുമാണെന്ന് എ പി പി കോടതിയില്‍ തെളിയിച്ചു. ഒരിക്കല്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ ശേഷം കോടതി പിന്നീടും വാദം കേട്ട അപൂര്‍വതയും ആയിശ കൊലക്കേസിനുണ്ട്. പ്രതി പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.