ബാങ്കില്‍ നിന്ന് കിട്ടിയത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത രണ്ടായിരം രൂപ നോട്ട്; നോട്ട് വ്യാജമല്ലെന്ന് ബാങ്ക്; കര്‍ഷകര്‍ കുഴങ്ങി

Posted on: January 4, 2017 10:08 pm | Last updated: January 4, 2017 at 10:08 pm
SHARE

ഷോപൂര്‍: മധ്യപ്രദേശിലെ രണ്ട് കര്‍ഷകര്‍ക്ക് എസ്ബിഐ ശാഖയില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ഗാന്ധിജിയുടെ ചിത്രം പതിച്ചിട്ടില്ലാത്ത രണ്ടായിരം രൂപ നോട്ടുകള്‍. ബിച്ചുഗൗഡി ഗ്രാമത്തിലെ ലക്ഷ്മണ്‍ മീന, കടുക്കേരയിലെ ഗുര്‍മീദ് സിംഗ് എന്നീ കര്‍ഷകര്‍ക്കാണ് വിചിത്ര നോട്ട് ലഭിച്ചത്. നോട്ടുമായി ബാങ്കില്‍ തിരിച്ചെത്തിയ കര്‍ഷകരോട് നോട്ട് വ്യാജമല്ലെന്നും പ്രിന്റിംഗില്‍ സംഭവിച്ച അബദ്ധമാണ് ചിത്രം പതിയാതിരിക്കാന്‍ കാരണമെന്നുമായിരന്നു അധികൃതരുടെ മറുപടി. നോട്ട് മാറ്റി നല്‍കാന്‍ അവര്‍ തയ്യാറായതുമില്ല.

ലക്ഷ്മണ്‍ മീന എന്ന കര്‍ഷകനാണ് ആറായിരം രൂപ പിന്‍വലിച്ചപ്പോള്‍ ഗാന്ധിജിയുടെ ചിത്രമില്ലാത്ത മൂന്ന് രണ്ടായിരം രൂപ നോട്ടുകള്‍ ആദ്യം ലഭിച്ചത്. രണ്ടായിരം രൂപ നോട്ട് ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഇയാള്‍ ഭാവ വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ തന്നെ നോട്ട് വാങ്ങി വീട്ടില്‍ പോകുകയും ചെയ്തു. വീട്ടിലെത്തി നോട്ട് മകനെ കാണിച്ചപ്പോഴാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടാണ് തനിക്ക് ലഭിച്ചതെന്ന് ഇയാള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് കള്ളനോട്ടാണെന്ന ധാരണയില്‍ ഇയാള്‍ ബാങ്കില്‍ ഓടിയെത്തി. ബാങ്ക് അധികൃതരോട് വിഷയം സംസാരിച്ചുവെങ്കിലും അവര്‍ ചെവികൊള്ളാന്‍ തയ്യാറായില്ല. ബാങ്ക് അധികൃതരുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ഗുര്‍മീത് സിംഗും സമാനമായ നോട്ടുമായി എത്തിയത്. ഇതോടെ വെട്ടിലായ ബാങ്കുകാര്‍ നോട്ടില്‍ അച്ചടി പിശക് സംഭവിച്ചതാണെന്ന് വ്യക്തമാക്കി തടിയൂരുകയായിരുന്നു.