1,190 മീറ്റര്‍ ഉയരത്തില്‍ ‘ദ ടവര്‍’ ബുര്‍ജ് ഖലീഫയെക്കാള്‍ 362 മീറ്റര്‍ അധികം

Posted on: January 4, 2017 9:59 pm | Last updated: January 6, 2017 at 4:25 pm
‘ദി ടവര്‍ രൂപരേഖ’ (മധ്യത്തില്‍ ഏറ്റവും ഉയരത്തില്‍)

ദുബൈ: കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ദുബൈയുടെ മറ്റൊരു സ്വപ്‌ന പദ്ധതിയായ ‘ദ ടവറി’ന്റെ ഉയരം 1,190 മീറ്ററായിരിക്കുമെന്ന് പ്രാദേശിക അറബ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ദുബൈ ക്രീക്കില്‍ നിര്‍മാണം ആരംഭിച്ച ‘ദ ടവര്‍’ 21-ാം നൂറ്റാണ്ടിന്റെ ‘ടൂറിസം ഐകണ്‍’ എന്ന് വിലയിരുത്തപ്പെടുന്ന നിര്‍മിതിയാണ്. ബുര്‍ജ് ഖലീഫയേക്കാള്‍ നൂറ് മീറ്ററായിരിക്കും ഇതിന് കൂടുതലുണ്ടാവുകയെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. ദി ടവറിന്റെ 760 മീറ്റര്‍ ഉയരത്തിലായിരിക്കും നഗരവീക്ഷണത്തിന് സൗകര്യമൊരുക്കുക. ബുര്‍ജ് ഖലീഫയില്‍ ഇത് 660 മീറ്റര്‍ ഉയരത്തിലാണ്. ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറില്‍ പൈലിംഗ് ജോലികള്‍ പൂര്‍ത്തിയായി. ഒന്നാംഘട്ടം നടപ്പുവര്‍ഷം പൂര്‍ത്തിയാകും. 360 കോടി ദിര്‍ഹമാണ് ഒന്നാംഘട്ടത്തിന്റെ ചെലവ്. എക്‌സ്‌പോ 2020 ആകുമ്പോഴേക്കും പദ്ധതി അന്തിമമായി പൂര്‍ത്തിയാകുമെന്നാണ് പദ്ധതി ഉടമസ്ഥരായ ഇമാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.