അധികാരത്തിന്റെ 11-ാം വര്‍ഷം; എമിറേറ്റ്‌സ് ഫുഡ് ബേങ്ക് പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്‌

Posted on: January 4, 2017 9:51 pm | Last updated: January 5, 2017 at 4:36 pm

ദുബൈ: പാവപ്പെട്ടവരുടെ വിശപ്പകറ്റാനുള്ള പുതിയൊരു പദ്ധതിയുടെ പ്രഖ്യാപനവുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബൈ എമിറേറ്റിന്റെ ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ വാര്‍ഷികം പ്രമാണിച്ചാണ് ശൈഖ് മുഹമ്മദ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

രാജ്യത്തിനകത്തും പുറത്തുമുള്ള പാവപ്പെട്ടവര്‍ക്ക് അന്നദാനം സാധ്യമാകുന്ന ‘എമിറേറ്റ്‌സ് ഫുഡ് ബേങ്ക്’ പദ്ധതിയാണ് ശൈഖ് മുഹമ്മദ് ഇന്നലെ പ്രഖ്യാപിച്ചത്. വിശക്കുന്നവന് അന്നദാനം നടത്തുന്നതിന്റെ വിലയും പുണ്യവും സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിലൂടെ സമ്പന്നരില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള പാവപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനുമുള്ള പദ്ധതിയാണ് എമിറേറ്റ്‌സ് ഫുഡ്‌ബേങ്ക് എന്ന് ശൈഖ് മുഹമ്മദ് വിശദീകരിച്ചു.

പദ്ധതിയിലെ പങ്കാളിത്തംകൊണ്ട് പ്രധാനമായും ലക്ഷ്യംവെക്കുന്നത് രാജ്യത്തെ ഹോട്ടലുകള്‍, ഭക്ഷ്യനിര്‍മാണ സ്ഥാപനങ്ങള്‍, കാര്‍ഷിക സംരംഭങ്ങള്‍, ആതിഥ്യ സേവന സ്ഥാപനങ്ങള്‍, വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍, മറ്റു ദാന സന്നദ്ധര്‍ തുടങ്ങിയവരെയാണ്. മേല്‍വിഭാഗങ്ങളില്‍നിന്ന് വിവിധതരം ഭക്ഷ്യസാധനങ്ങള്‍ നിശ്ചിത സമിതിയുടെ മേല്‍നോട്ടത്തില്‍ ശേഖരിക്കുകയും രാജ്യത്തിനകത്തും പുറത്തുമുള്ള ജീവകാരുണ്യ സംഘടനകളിലൂടെ അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് പദ്ധതി.
രാജ്യത്തെ വന്‍കിട ഹോട്ടല്‍, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍, ഭക്ഷ്യോത്പന്ന സാധനങ്ങള്‍ തുടങ്ങിയവയുമായി ഇക്കാര്യത്തില്‍ എമിറേറ്റ്‌സ് ഫുഡ് ബേങ്ക് കൈകോര്‍ക്കുമെന്ന് പദ്ധതി റിപ്പോര്‍ട്ട് ചെയ്തു. യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം വിശദീകരിച്ചു. ദാനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു മഹത്തായ സംരംഭത്തിന് തുടക്കം കുറിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. ഏതൊരു മനുഷ്യന്റെയും ഏറ്റവും പ്രഥമവും പ്രധാനവുമായ പ്രശ്‌നം വിശപ്പും ആവശ്യം ഭക്ഷണവുമാണ്. അതിനാല്‍തന്നെ അതിന് പരിഹാരമുണ്ടാക്കുന്നത് ഏറ്റവും വലിയ ദാനവുമാണ്. രാജ്യത്തെ സഹൃദയര്‍ക്കും ജീവകാരുണ്യസംഘടനകള്‍ക്കും ഇത് നല്ലൊരവസരമാണ്. അന്നദാനം യു എ ഇ ജനതയുടെ പരമ്പരാഗത സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ് എന്നത്, എമിറേറ്റ്‌സ് ഫുഡ് ബേങ്ക് പദ്ധതി വലിയ വിജയത്തിലെത്തുമെന്നതിലെ പ്രതീക്ഷയാണെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.

ശൈഖ് മുഹമ്മദ് ദുബൈ എമിറേറ്റിന്റെ ഭരണസാരഥ്യത്തിലെത്തിയതിന്റെ 11-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മേഖലയിലെ ഏറ്റവും വലിയതായേക്കാവുന്ന അന്നദാന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. തന്റെ സഹോദരനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായിരുന്ന ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്യാണത്തെ തുടര്‍ന്ന് 2006 ഫെബ്രുവരി നാലിനാണ് ശൈഖ് മുഹമ്മദ് ദുബൈ ഭരണാധികാരിയായി നിയമിതനായത്.