പണം പിന്‍വലിക്കലിനുള്ള നിയന്ത്രണങ്ങള്‍ വിപണി വിലയിരുത്തിയ ശേഷം നീക്കും: ധനമന്ത്രി

Posted on: January 4, 2017 9:44 pm | Last updated: January 5, 2017 at 12:12 pm

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പിന്‍വലിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വിവിധ ഘട്ടങ്ങളിലായാണ് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ ഘട്ടം ഘട്ടമായി മാത്രമേ അത് പിന്‍വലിക്കാനും സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം എന്ന് മുതല്‍ നിയന്ത്രണങ്ങള്‍ നീങ്ങുമെന്നത് സംബന്ധിച്ച് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

അസാധു നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ശാഖകളില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി നോട്ട് മാര്‍ച്ച് 31 വരെ മാറ്റി വാങ്ങാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള നിബന്ധനകള്‍ ആര്‍ബിഐ ആണ് തീരുമാനിച്ചത്. അതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

നിലവില്‍ ഒരു അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്. എടിഎമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന പരിധി കഴിഞ്ഞ ദിവസം 4500 രൂപയായി ഉയര്‍ത്തുകയും ചെയ്തിരുന്നു.