മഹേന്ദ്രസിംഗ് ധോണി ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു

Posted on: January 4, 2017 9:11 pm | Last updated: January 5, 2017 at 11:05 am
SHARE

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന, ട്വന്റി20 ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞു. ഇക്കാര്യം ധോണി ബി സി സി ഐയെ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 ടീം സെലക്ഷന്‍ നടക്കാനിരിക്കെയാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്.

അതേ സമയം കളിക്കാരന്‍ എന്ന നിലയില്‍ ടീം ഇന്ത്യയുടെ സെലക്ഷനില്‍ തന്നെ പരിഗണിക്കാമെന്ന് ധോണി വ്യക്തമാക്കി. രാജ്യത്തെ ക്രിക്കറ്റിനായി ഇക്കാലമത്രയും ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി വഹിച്ച പങ്ക് നിസ്തുലമാണെന്നും മൂന്ന് ഫോര്‍മാറ്റിലും ധോണി തന്റെതായ നേതൃത്വമികവ് പ്രദര്‍ശിപ്പിച്ചെന്നും ബി സി സി ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്‌റി പറഞ്ഞു. 2014 ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ധോണിയുടെ പിന്‍ഗാമിയായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധോണിയുടെ ഈ പിന്‍മാറ്റം തന്നെ കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അവരോധിക്കാനുള്ള ബി സി സി ഐയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ തുടര്‍ വിജയങ്ങളുമായി ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നിരുന്നു.
പുതിയ കാലഘട്ടത്തിന്റെ ക്യാപ്റ്റന്‍ എന്ന നിലക്ക് കോഹ്‌ലി ടീമിനെ എല്ലാ ഫോര്‍മാറ്റിലും നയിക്കണമെന്ന നിര്‍ദേശം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതില്‍ വിദേശ താരങ്ങള്‍ വരെ ഉള്‍പ്പെടും.

2004 ലാണ് ധോണി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത്. 2007 ല്‍ പ്രഥമ ഐ സി സി ടി20 ലോകകപ്പ് ഇന്ത്യ നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സി കരിയറിലെ ആദ്യ പൊന്‍തൂവലായി. 2011 ല്‍ ഏകദിന ലോകകപ്പ് കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ ഉയര്‍ത്തി. 2013 ല്‍ മൂന്ന് ഫോര്‍മാറ്റിലും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന പദവി ധോണി സ്വന്തമാക്കി.