Connect with us

Ongoing News

വനിതാ സാഫ് കപ്പ് കിരീടം ഇന്ത്യക്ക്

Published

|

Last Updated

സിലിഗുരി: തുടരെ നാലാം തവണയും സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. കലാശപ്പോരില്‍ ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യന്‍ വനിതകള്‍ നിലനിര്‍ത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ അപരാജിതരായി പത്തൊമ്പത് മത്സരങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കി. പതിനെട്ട് ജയവും ഒരു സമനിലയും.

ദാംഗ്മി ഗ്രേസ്, സസ്മിത മാലിക്, ഇന്ദുമതി എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. സിറാത് ജഹാന്‍ ഷോനയാണ് ബംഗ്ലാദേശിന്റെ ആശ്വാസ ഗോള്‍ നേടിയത്.
പന്ത്രണ്ടാം മിനുട്ടിലാണ് ഗ്രേസിലൂടെ ഇന്ത്യ ലീഡെടുക്കുന്നത്. ബംഗ്ലാദേശ് പ്രതിരോധത്തിലെ പിഴവ് കൊണ്ട് മാത്രം വീണ ഗോളായിരുന്നു ഇത്. സ്‌ട്രൈക്കറുടെ കാലില്‍ തട്ടിത്തെറിച്ച പന്ത് പതിയെ വലയില്‍ ഉരുണ്ട് കയറി. തടയാന്‍ ഗോളിക്കോ ഡിഫന്‍ഡര്‍മാര്‍ക്കോ സാധിച്ചില്ല. ആദ്യ ഇരുപത് മിനുട്ടില്‍ നാല് കോര്‍ണറുകളാണ് ഇന്ത്യ നേടിയെടുത്തത്. ആക്രമണത്തിന്റെ മൂര്‍ച്ചയേറിക്കൊണ്ടിരിക്കെ കളിയുടെ ഒഴുക്കിന് വിപരീതമായി നാല്‍പതാം മിനുട്ടില്‍ ബംഗ്ലാദേശ് സമനില ഗോള്‍ നേടി. എന്നാല്‍, രണ്ടാം പകുതിയില്‍ മികച്ച നീക്കങ്ങളുമായി ബംഗ്ലാദേശ് പ്രതിരോധ നിരയെ സമ്മര്‍ദത്തിലാഴ്ത്താന്‍ ഇന്ത്യ നിരന്തരം ശ്രമിച്ചു. അറുപതാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോള്‍ ഇന്ത്യയുടെ പ്രയത്‌നത്തിന്റെ ഫലം. ബാലയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച സ്‌പോട് കിക്ക് സസ്മിത മാലിക്ക് അനായാസം വലയിലെത്തിച്ചു. എഴുപതാം മിനുട്ടില്‍ ബംഗ്ലാദേശിന് സമനില ഗോളിനുള്ള അവസരമുണ്ടായെങ്കിലും അത് ഗോളായില്ല. ഇന്ധുമതിയിലൂടെ മൂന്നാം ഗോള്‍ നേടി ഇന്ത്യ എതിരാളികളെ മാനസികമായി തളര്‍ത്തി, കിരീടം ഉറപ്പിച്ചു.

Latest