പുതിയ ഇന്ത്യന്‍ രൂപ നോട്ടുകള്‍ ഖത്വറില്‍ എത്തിയില്ല

Posted on: January 4, 2017 7:40 pm | Last updated: January 4, 2017 at 7:40 pm
SHARE

ദോഹ: രാജ്യത്ത് മണി എക്‌സ്‌ചേഞ്ചുകളില്‍ ഇനിയും ആവശ്യത്തിന് ഇന്ത്യന്‍ രൂപ നോട്ടുകള്‍ എത്തിയില്ല.
500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവായതിനെത്തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ നോട്ടുകള്‍ ഇല്ലാതായ എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി ഒന്നോടെ പുതിയ നോട്ടുകളെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയില്ല. എന്നു ലഭ്യമാകുമെന്ന് വിവരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് എക്‌സ്‌ചേഞ്ച് പ്രതിനിധികള്‍ പറഞ്ഞു.

എക്‌സ്‌ചേഞ്ചുകള്‍ക്ക് ഔദ്യോഗികമായി സര്‍ക്കാറില്‍ നിന്നും നോട്ടുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിവരില്‍ നിന്നും ലഭിച്ച അപൂര്‍വം നോട്ടുകള്‍ ഉള്ളതായി ചില എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഔദ്യോഗിക ചാനലുകളില്‍ നിന്നും ഇതുവരെ പുതിയ നോട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍ ജീവനക്കാരന്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നും വന്നവര്‍ മാറാനായി കൊണ്ടു വന്ന പുതിയ നോട്ടുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നോട്ടുകള്‍ തീര്‍ന്നാല്‍ എക്‌സ്‌ചേഞ്ചുകള്‍ ഉപഭോക്താക്കളെ തിരിച്ചയക്കുകയാണ്. നാട്ടില്‍ പോകുന്നവര്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയാലുള്ള ആവശ്യങ്ങള്‍ക്കുള്ള പണത്തിനായി എക്‌സ്‌ചേഞ്ചുകളല്‍ എത്തുന്നുണ്ട്.
ഔദ്യോഗികമായി നോട്ടുകള്‍ ലഭിക്കാതെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ കറന്‍സി മാറ്റിക്കൊടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് എക്‌സ്‌ചേഞ്ചുകള്‍ പറയുന്നു. നോട്ടു മാറ്റത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നേരിടുന്ന പ്രതിസന്ധി തീര്‍ന്നതിനു ശേഷമേ വിദേശത്തേക്ക് നോട്ടുകള്‍ എത്തൂ എന്നാണ് എക്‌സ്‌ചേഞ്ച് പ്രതിനിധികള്‍ പറയുന്നത്. അതുവരെ നോട്ട് ആവശ്യപ്പെട്ടു വരുന്നരെ മടക്കി അയക്കേണ്ടി വരും. നാട്ടില്‍ പോയാല്‍ നോട്ട് കിട്ടില്ലെന്ന ആശങ്കകൂടിയുള്ളതിനാല്‍ എക്‌സ്‌ചേഞ്ചുകളില്‍ നോട്ട് ആവശ്യപ്പെട്ടു വരുന്നവര്‍ കൂടുതലാണ്.
തങ്ങള്‍ക്ക് ഏതാനും 2000 രൂപയുടെ പുതിയ നോട്ടുകള്‍ ലഭിച്ചതായും മറ്റു കറന്‍സികളൊന്നും കൈവശമില്ലെന്നും അല്‍ ദാര്‍ എക്‌സ്‌ചേഞ്ച് പ്രതിനിധി പറഞ്ഞു. ചെറിയ നോട്ടുകളാണ് ആളുകള്‍ അധികവും ചോദിച്ചു വരുന്നത്. എന്നാല്‍ ചെറിയ നോട്ടുകള്‍ തീരേ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ തോതില്‍ മാത്രമാണ് ഇന്ത്യന്‍ രൂപ നോട്ടുകള്‍ ലഭ്യമുള്ളൂ എന്നും ഇത് 2000 രൂപയുടെതു മാത്രമാണെന്നും ട്രസ്റ്റ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ കെ എന്‍ എസ് ദാസ് പറഞ്ഞു. എന്നാല്‍ പുതിയ ഇന്ത്യന്‍ കറന്‍സി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യു എ ഇ എക്‌സ്‌ചേഞ്ച് പ്രതിനിധി പറയുന്നത്. എന്നു ലഭിക്കുമെന്നതു സംബന്ധിച്ച് കമ്പനിക്ക് ഒരു വിവരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകാതെ തന്നെ ചെറുതും വലുതുമായ തുകയുടെ നോട്ടുകള്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ലഭ്യമാകുമെന്ന പ്രത്യാശയില്‍ കാത്തിരിക്കുകയാണ് മാനേജ്‌മെന്റുകളും ഉപഭോക്താക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here