ബെംഗളൂരു പീഡനം; നാലു പേര്‍ പിടിയില്‍

Posted on: January 4, 2017 6:31 pm | Last updated: January 4, 2017 at 6:31 pm
SHARE

ബെംഗളുരു: പുതുവത്സര രാത്രിയില്‍ ബെംഗളുരുവിലെ കമ്മനഹള്ളിയില്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ പിടിയിലായി. പുതുതായി നിയമിതനായ പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാനഭംഗത്തിനും കവര്‍ച്ചയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. എംജി റോഡിലെ 45 സിസിടിവി കാമറകള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഈസ്റ്റ് ബംഗളുരുവിലെ കമ്മനഹള്ളിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. കമ്മനഹള്ളിയിലെ ഒരു വീടിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പുതുവര്‍ഷം പിറന്നു കുറച്ചുസമയത്തിനുശേഷം നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌കൂട്ടറിലെത്തിയ രണ്ടു യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ അപമാനിക്കാനും കയറിപ്പിടിക്കാനും ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വഴിയിലൂടെ പോകുന്നവര്‍ ഇത് കാണുന്നുണ്ടെങ്കിലും ഒരാളും പെണ്‍കുട്ടിയെ സഹായിക്കാനായി എത്തിയില്ല.

നേരത്തെ, പുതുവത്സര രാത്രിയില്‍ ബ്രിഗേഡ് റോഡിലും എംജി റോഡിലും സ്ത്രീകള്‍ കൂട്ടമായി അപമാനിക്കപ്പെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.