ഹോട്ടല്‍ ഉടമക്ക് നേരെ അക്രമം; ഒരാള്‍ പിടിയില്‍

Posted on: January 3, 2017 3:45 pm | Last updated: January 3, 2017 at 4:46 pm

വേങ്ങര: എ ആര്‍ നഗര്‍ കൊളപ്പുറത്ത് ഹോട്ടല്‍ ഉടമക്ക് നേരെ അക്രമം. അല്‍ അമീന്‍ ഹോട്ടല്‍ ഉടമ പി സി അബ്ദുല്‍ അലിക്ക് നേരെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അക്രമം ഉണ്ടായത്. നവവത്സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ഹോട്ടല്‍ നേരത്തെ അടക്കുകയായിരുന്നു.

ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് ഹോട്ടലിലെത്തി രണ്ടുപേ ര്‍ ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലുടമയുമായി കയര്‍ക്കുകയും പിന്നീട് ഇരുമ്പുവടിയുമായി വന്ന് അടിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. വലതുകാലിന്റെ എല്ല് തകര്‍ന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ ആദ്യം തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. നാട്ടുകാര്‍ അക്രമികളിലൊരാളെ പിടികൂടി പോലീസിലേല്‍പ്പിച്ചിട്ടുണ്ട്. ഹോട്ടലുടമയെ അക്രമിച്ച് മാരകമായി മുറിവേല്‍പ്പിച്ചതിന് എ ആര്‍ നഗര്‍ ചെണ്ടപ്പുറായ മണ്ണില്‍തൊടിക അശ്‌റഫി(36)നെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു.