Connect with us

National

ദേശീയ അധ്യക്ഷ പദവി ഒഴിയാന്‍ ഉപാധിയുമായി അഖിലേഷ് യാദവ്‌

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ട്ടി നേതാവ് മുലായം സിംഗുമായി കൂടിക്കാഴ്ച നടത്തി. അഖിലേഷിന്റെ മുഖ്യ എതിരാളിയും പിതൃസഹോദരനുമായ ശിവപാല്‍ യാദവിനെ കേന്ദ്ര നേതൃത്വത്തിലേക്ക് മാറ്റിയാല്‍ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ ഒഴിയാമെന്ന് അഖിലേഷ് ഉപാധി വെച്ചതായാണ് വിവരം.
നിയമസഭാതിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എതിര്‍പ്പാണ് മുലായംസിംഗ് യാദവും അഖിലേഷ് യാദവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തേക്ക് വന്നത്.

അതിനിടെ സൈക്കിള്‍ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഖിലേഷ് യാദവും സംഘവും തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. 90 ശതമാനം എംഎല്‍എമാരും അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്നും അഖിലേഷ് നയിക്കുന്ന പാര്‍ട്ടിയെ യഥാര്‍ത്ഥ എസ്പി ആയി കാണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചുവെന്നും മുലായത്തിന്റെ സഹോദരനുമായ മുതിര്‍ന്ന എസ്പി നേതാവുമായ രാം ഗോപാല്‍ യാദവ് പറഞ്ഞു.

സൈക്കിള്‍ ചിഹ്നവും പാര്‍ട്ടിയുടെ പേരും ആസ്തിയും തന്റെ പക്ഷത്തിന് വേണമെന്ന് ആവശ്യപ്പെട്ട് മുലായം സിംഗും ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.