വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി തര്‍ക്കം; ലീഗില്‍ ഭിന്നത

Posted on: January 3, 2017 3:46 pm | Last updated: January 3, 2017 at 3:46 pm

താനൂര്‍: മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ഭവന നിര്‍മാണ ഉപഭോക്താക്കളുടെ സര്‍വേ ഉദ്ഘാടന യോഗത്തില്‍ സ്ഥലം എം എല്‍ എയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി മുനിസിപ്പല്‍ മുസ്‌ലിം ലീഗില്‍ ഭിന്നത. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് സര്‍വേ. കഴിഞ്ഞ 28നായിരുന്നു താനൂര്‍ ചെള്ളിക്കാട് ഭവന നിര്‍മാണ സര്‍വെ ഉദ്ഘാടന വേദി സംഘടിപ്പിച്ചത്. വേദിയില്‍ അധ്യക്ഷനായി താനൂര്‍ എംഎല്‍ എ. വി അബ്ദുര്‍റഹ്മാനെയും ഉദ്ഘാടകനായി പാര്‍ലമെന്റ് അംഗം ഇ ടി മുഹമ്മദ് ബശീര്‍ എം പിയെയും പങ്കെടുപ്പിക്കണമെന്നത് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റിയിലെ ഭരണ പ്രതിപക്ഷത്തുള്ള മുഴുവന്‍ കൗണ്‍സിലര്‍മാര്‍ പങ്കെടുക്കേണ്ട വേദിയില്‍ നിന്നും എട്ടോളം മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നത് ചര്‍ച്ചാ വിഷയമായി.

എം എല്‍ എയെ പങ്കെടുപ്പിക്കുന്നതില്‍ വൈസ് ചെയര്‍മാന്‍ അതിമോഹം കാട്ടിയെന്നാരോപിച്ചാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നതെന്ന് നാട്ടുകാര്‍ പറയപ്പെടുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും മുനിസിപ്പാലിറ്റിയും സംയുക്തമായി ഫണ്ടു നല്‍കികൊണ്ടാണ് ഈ പദ്ധതി പ്രകാരം ഭവന നിര്‍മാണം സാധ്യമാക്കുവാന്‍ കഴിയുകയുള്ളൂവെന്നതാണ് ഭരണ പ്രതിപക്ഷത്തുകാരുടെ വാദം.

അത് പ്രകാരം ഈ പദ്ധതിയില്‍ നിന്നും എം എല്‍ എയെ മാറ്റി നിര്‍ത്താന്‍ സാധ്യമല്ലെന്നാണ് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ലീഗിലെ ഒരു പക്ഷത്തിന്റെ നിലപാട്. എന്നാല്‍ 65 വര്‍ഷത്തെ മുസ്‌ലിം ലീഗ് പാരമ്പര്യത്തെ കാറ്റില്‍ പറത്തി താനൂരിന്റെ ചരിത്രം മാറ്റി രചിച്ചുകൊണ്ട് ചെങ്കോട്ട സ്ഥാപിച്ച എംഎല്‍ എയാണ് വി അബ്ദുറഹിമാനെന്നും അദ്ദേഹത്തെ താനൂര്‍ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഒരു ഉദ്ഘാടന വേദിയിലും പങ്കെടുപ്പിക്കുവാന്‍ അനുവദിച്ചുകൂടാ എന്ന ദാര്‍ഷ്ഠ്യദയാണ് മറു ഭാഗത്തിന്റെ നിലപാടെന്നാണ് നാട്ടുകാര്‍ വിലയിരുത്തുന്നത്.2500ല്‍ പരം കുടുംബങ്ങള്‍ക്ക് വീണുകിട്ടിയ നിധിയാണ് ഈ പദ്ധതിയെന്നും സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയുടെ പൂര്‍ണത താനൂര്‍ മുനിസിപ്പാലിറ്റിക്ക് ലഭിക്കണമെന്നതിന് ഭരണ പ്രതിപക്ഷങ്ങള്‍ ഒത്തൊരുമ വേണമെന്നും അല്ലാത്തമുറക്ക് വൈസ് ചെയര്‍മാന്‍ സ്ഥാനം മുന്നോട്ടു നയിക്കുവാന്‍ തയ്യാറല്ലന്നും വൈസ് ചെയര്‍മാന്‍ സി എം അശ്‌റഫ് ലീഗ് നേതാക്കള്‍ക്ക് രാജിക്കത്ത് നല്‍കിയതായാണ് സൂചന.