Connect with us

Kerala

മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വൈകി: ജേക്കബ് തോമസിന് വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം

Published

|

Last Updated

ജേക്കബ് തോമസ്്

തിരുവനന്തപുരം: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിച്ചതിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് തവണ പരാതി ലഭിച്ചിട്ടും ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് തയാറായില്ലെന്നും കോടതി വിമര്‍ശിച്ചു. മൂന്നാം തവണ കേസ് കോടതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് അന്വേഷണം തുടങ്ങാന്‍ വിജിലന്‍സ് തയാറായത്. മന്ത്രിയായിരുന്ന ഇപി ജയരാജനും ഐജി ആര്‍.ശ്രീലേഖക്കുമെതിരായ അന്വേഷണം വൈകി. ഇത് തെറ്റായ കീഴ് വഴക്കമാണെന്നും കോടതി പറഞ്ഞു.

തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നെന്ന പരാതിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ നടക്കുന്ന ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 17ന് മുന്‍പ് ത്വരിത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ഭര്‍ത്താവും കാപ്പക്‌സ് മുന്‍ ചെയര്‍മാനുമായ തുളസീദരക്കുറുപ്പ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്.

അതേസമയം മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിച്ച വിജിലന്‍സ് നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ താളത്തിനൊത്ത് വിജിലന്‍സ് തുള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. സുപ്രധാന കേസുകളില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ഇന്ന് വൈകുന്നേരം നാലിനു വിളിച്ചിരിക്കുന്നത്.