Connect with us

Kerala

മോദി ജനദ്രോഹത്തില്‍ റെക്കോര്‍ഡിടുന്നു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: നോട്ട് പരിഷ്‌കരണത്തിലൂടെ സാധാരണക്കാരുടെ ജീവിതത്തില്‍ കടന്നാക്രമണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പെട്രോളിയം വില അടിക്കടം വര്‍ധിപ്പിച്ച് ജനദ്രോഹത്തില്‍ റെക്കോര്‍ഡിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെ വില ഒരു മാസത്തിനിടയില്‍ മൂന്ന് തവണ വര്‍ധിപ്പിച്ചത്.

ഡീസല്‍ വില രണ്ട് തവണയും വര്‍ധിപ്പിച്ചു. ഇതിന് പുറമെ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധിപ്പിച്ചു. ഏഴ് മാസത്തിനിടയില്‍ എട്ടാം തവണയാണ് പാചക വാതകത്തിന് വിലവര്‍ധിപ്പിച്ചത്. ഒരു ന്യായീകരണവും ഈ വര്‍ധനവുകള്‍ക്കില്ല. കുടുംബ ബജറ്റ് താളം തെറ്റി. കഴിഞ്ഞ മാസം ഒന്നിന് ലിറ്ററിന് 69.51 രൂപയായയിരുന്ന പെട്രോള്‍ വില ഇപ്പോഴത്തെ വര്‍ധനവോടെ 74.23 രൂപയായിട്ടാണ് വര്‍ധിച്ചത്.

ഒരു മാസത്തിനിടയില്‍ പെട്രോള്‍ വില മാത്രം അഞ്ച് രൂപയോളം വര്‍ധിച്ചു. 2014 ജൂണില്‍ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ക്രൂഡ് ഓയിലിന് ബാരലിന് 112 ഡോളറായിരുന്നു. ഇപ്പോഴത്തെ വിലയാകട്ടെ 53 ഡോളറും. അന്ന് പെട്രോളിന് 74.37 രൂപയായിരുന്നു വില. ഇപ്പോള്‍ ക്രൂഡ് വില ഇത്രയേറെ ഇടിഞ്ഞു താണിട്ടും വില അത് തന്നെ. ക്രൂഡിന്റെ വിലത്തകര്‍ച്ച കാരണം എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍ നട്ടം തിരിയുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന് അടിക്കടി വില കയറ്റുന്നത്.

നരേന്ദ്ര മോദി സര്‍ക്കാറിന് മാത്രമേ കരുണയുടെ ലവലേശമില്ലാതെ ജനങ്ങളെ ഇങ്ങനെ കൊള്ളയടിക്കാനാകൂവെന്നും ചെന്നിത്തല പറഞ്ഞു.

 

Latest