കരിപ്പൂരില്‍ യാത്ര പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു: മന്ത്രി ജലീല്‍

Posted on: January 3, 2017 12:34 am | Last updated: January 3, 2017 at 12:34 am
SHARE

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്ന് പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീല്‍ . കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരില്‍ റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ ഈ മാസം ആദ്യത്തോടെ പൂര്‍ത്തിയാകുമെന്നാണ് എയര്‍ പോര്‍ട്ട് അതോറിറ്റി പറയുന്നത്.

ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്ന് തന്നെ പുനഃസ്ഥാപിക്കുന്നതിനുള്ള ആലോചനകള്‍ സജീവമാണ്. എന്നാല്‍, ഇത് ഹജ്ജ് കമ്മിറ്റിയുടെയോ സംസ്ഥാന സര്‍ക്കാറിന്റെ യോ നിയന്ത്രണത്തിലുള്ളതല്ല. ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നാകുമെന്ന് സര്‍ക്കാറിന് തിട്ടപ്പെടുത്തി പറയാനാകില്ല. ഈ മാസം അവസാനത്തോടെ കേന്ദ്ര ഹജ്ജ് കാര്യ മന്ത്രിയെയും വ്യോമയാന മന്ത്രിയെയും നേരിട്ട് കാണുന്നുണ്ട് ഹജ്ജ് യാത്ര കരിപ്പൂരില്‍ പുനഃസ്ഥാപിക്കുന്നതിന് ആവതെല്ലാം ചെയ്യും.
വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലെങ്കില്‍ കരിപ്പൂരില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിഭാഗത്തില്‍ പെട്ട വിമാനങ്ങളുപയോഗിച്ച് ഹജ്ജ് സര്‍വീസ് നടത്തുന്നതിനെ പറ്റിയും കേന്ദ്രത്തെ ബോധ്യപ്പെടുത്തും.
ഹജ്ജ് ഹൗസിനോട് ചേര്‍ന്നുള്ള അനക്‌സ് ബില്‍ഡിംഗിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തിയിട്ടുണ്ട്. വനിതകള്‍ക്കുള്ള നിസ്‌കാര ഹാള്‍, വിശ്രമ കേന്ദ്രം, ഭക്ഷണ ഹാള്‍ തുടങ്ങിയവ ഈ ബഹുനില കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരികയാണ്. വിവിധ ഭാഗങ്ങളില്‍ ഭൂമിയുടെ സ്വഭാവമനുസരിച്ച് തുക നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാണ്. മൂന്ന് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ നല്‍കുമെന്ന് പറഞ്ഞത് ഭൂമിയുടെ സ്വഭാവം നോക്കിയാണ്. ഇതില്‍ മാറ്റമില്ല. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നിന് കേന്ദ്ര സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശങ്ങളുണ്ട്.- മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here