സാഫ് വനിതാ ഫുട്‌ബോള്‍: ഇന്ത്യ ഫൈനലില്‍

Posted on: January 3, 2017 5:25 am | Last updated: January 3, 2017 at 12:26 am
SHARE

സിലിഗുരി: സാഫ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. ആദ്യപകുതിയില്‍ 1-0ന് മുന്നിലായിരുന്നു ആതിഥേയരായ ഇന്ത്യ. കമല ദേവി (45), ഇന്ദുമതി (58), സസ്മിത മാലിക്ക് (83) എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. എഴുപത്തഞ്ചാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ സബിത്ര ഭന്ദാരിയാണ് നേപ്പാളിന്റെ ആശ്വാസ ഗോളടിച്ചത്.

ആദ്യപകുതി തീര്‍ത്തും ഏകപക്ഷീയമായിരുന്നു. പന്ത് കൂടുതല്‍ നേരം കൈവശം വെച്ച ഇന്ത്യ തന്നെയായിരുന്നു മുഴുവന്‍ ആക്രമണങ്ങളും നടത്തിയത്. നേപ്പാളിന്റെ ഹാഫില്‍ തമ്പടിച്ചു കൊണ്ടായിരുന്നു എല്ലാ നീക്കങ്ങളും. പക്ഷേ, മേധാവിത്വം അടിവരയിടുന്ന ഗോള്‍ മാര്‍ജിനല്ല ആദ്യപകുതിയുടേത്. കമല ദേവിയാണ് നേപ്പാള്‍ വലയില്‍ ആദ്യം പന്തെത്തിച്ചത്. ഈ ഗോളിന്റെ മുന്‍തൂക്കത്തിലാണ് പകുതിക്ക് പിരിഞ്ഞത്. രണ്ടാം പകുതിയില്‍ കുറേക്കൂടി വ്യക്തമായ ഗെയിം പ്ലാന്‍ ഇന്ത്യയുടെ കളിയില്‍ കണ്ടു.
നിരന്തരം ആക്രമിച്ചു കളിക്കുന്നത് പകരം ഗോള്‍ കണ്ടെത്താനുള്ള വഴി തുറക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ പ്ലാന്‍ ചെയ്തു. അമ്പത്തെട്ടാം മിനുട്ടില്‍ ലോംഗ് ബോള്‍ കണ്‍ട്രോള്‍ ചെയ്ത് ഇന്ദുമതി ഓഫ്‌സൈഡ് കെണി പൊട്ടിച്ച് വല കുലുക്കിയത് പ്ലാനിംഗിന്റെ ഉദാത്ത മാതൃക. മൂന്നാം ഗോള്‍ കോര്‍ണര്‍ കിക്കില്‍ നിന്ന്.

നേപാള്‍ ഗോളി അഞ്ജിലയെ നിസഹായയാക്കി സസ്മിതയുടെ ഹെഡര്‍ വലയില്‍ കയറി. ഒത്തൊരുമയുടെ ജയമാണിതെന്ന് ഇന്ത്യന്‍ ടീം കോച്ച് സാജിദ് ദര്‍ പറഞ്ഞു.