Connect with us

Editorial

സമാജ്‌വാദികളുടെ വടംവലി

Published

|

Last Updated

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സമാജ് വാദി പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷമാവുകയാണ്. മേധാവിത്വത്തിന് വേണ്ടി പിതാവും പുത്രനും തമ്മിലുള്ള വടംവലിയാണ് ഇപ്പോള്‍ നടക്കുന്നത്. അച്ചടക്കലംഘനം ആരോപിച്ചു മകനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും രാംഗോപാല്‍ യാദവിനെയും മുലായം പുറത്താക്കിയതാണ് പ്രതിസന്ധിക്ക് കാരണം. തന്റെ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ചു മുലായം ഏകപക്ഷീയമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികക്കെതിരെ അഖിലേഷ് മറ്റൊരു പട്ടിക പുറത്തിറക്കിയതാണ് മുലായമിനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറക്കാക്കിയ മുലായം തൊട്ടടുത്ത ദിവസം തന്നെ തിരിച്ചെടുക്കുകയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയും ചെയ്തു. മകന്‍ തന്നേക്കാള്‍ വളര്‍ന്നുവെന്ന തിരിച്ചറിവാണ് പുനഃരാലോചനക്ക് മുലായമിനെ നിര്‍ബന്ധിതനാക്കിയത്. അതേസമയം പുറത്താക്കല്‍ നടപടിക്ക് ശേഷം അഖിലേഷും മുലായമും വെവ്വേറെ യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ അഖിലേഷിന്റെ യോഗത്തിലാണ് ബഹുഭൂരിപക്ഷം എല്‍ എമാരും നേതാക്കളും പങ്കെടുത്തത്. 229 എസ് പി എം എല്‍ എമാരില്‍ 200ലേറെ പേര്‍ അഖിലേഷിന്റെ പിന്നില്‍ അണിനിരന്നപ്പോള്‍ ഇരുപതോളം പേര്‍ മാത്രമാണ് മുലായമിനോട് കൂറുപുലര്‍ത്തിയത്.
സംസ്ഥാന ഘടകം തന്റെ കൈപ്പിടിയിലാണെന്ന് ബോധ്യമായതോടെ ദേശീയ നേതൃത്വവും കൈപ്പിടിയിലൊതുക്കാനുള്ള നീക്കമായിരുന്നു പിന്നീട് അഖിലേഷ് നടത്തിയത്. അഖിലേഷിന്റെ വലംകൈയായ രാംഗോപാല്‍ യാദവ് ഞായറാഴ്ച ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു നിലവിലുള്ള ദേശീയ അധ്യക്ഷന്‍ മുലായമിന് പകരം അഖിലേഷിനെ തിരഞ്ഞെടുത്തു. രാംഗോപാലിനെ പാര്‍ട്ടിയില്‍ നിന്ന് വീണ്ടും പുറത്താക്കിയാണ് മുലായം ഇതിനോട് പ്രതികരിച്ചത്. ഈ ദേശീയ കണ്‍വെന്‍ഷന്‍ അസാധുവാണെന്ന് പ്രഖ്യാപിച്ചു മുലായം സിംഗ്. ഇരുവിഭാഗവും വേറിട്ടു തിരഞ്ഞടുപ്പിനെ നേരിടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

നോട്ട് വിഷയം സൃഷ്ടിച്ച മോദിവിരുദ്ധ വികാരം യു പി തിരഞ്ഞെടുപ്പില്‍ എങ്ങനെ മറികടക്കാമെന്ന് തലപുകഞ്ഞാലോചിച്ചു വരുന്ന ബി ജെ പിക്ക് അനുഗ്രഹമാണ് എസ് പിയിലെ ഭിന്നിപ്പ്. അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഒറ്റക്കെട്ടായി മത്സരിച്ചാല്‍, എസ് പിക്ക് വീണ്ടും ഭരണം പിടിച്ചെടുക്കാനാകുമെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. മുലായത്തിന്റെ തണലിലാണ് അഖിലേഷ് നേതൃത്വത്തിലും മുഖ്യമന്ത്രി സ്ഥാനത്തും എത്തിയതെങ്കിലും ഇന്നദ്ദേഹം മുലായമിനോളം തന്നെ വളരുകയും ജനപ്രീതിയില്‍ പിതാവിനെ കവച്ചു വെക്കുകയും ചെയ്തിട്ടുണ്ട്. സംഘടനാ പാടവത്തിലും അഖിലേഷ് മോശമല്ല. അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രങ്ങളാണ് 2012ല്‍ എസ് പിയെ അധികാരത്തിലെത്തിച്ചതെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വിലയിരുത്തിയതാണ്. ഈ അനുകൂല സാഹചര്യത്തില്‍ ഒരുമിച്ചുനിന്ന് തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തേണ്ടിടത്താണ് മുലായമും അഖിലേഷും കൊമ്പുകോര്‍ക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് അഖിലേഷിന്റെ നീക്കം. രാഹുല്‍ ഗാന്ധിയുമായി ഉറ്റബന്ധം സൂക്ഷിക്കുന്ന അഖിലേഷ് പ്രിയങ്ക ഗാന്ധിയുമായും നല്ല സൗഹൃദത്തിലാണ്. തിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ജനകീയതയും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവും മുതലെടുക്കാന്‍ മുന്നണിക്കാവും. നോട്ട് നിരോധത്തിലൂടെ പ്രതിച്ഛായ തകര്‍ന്ന ബി ജെ പിക്ക് ഇത് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. ആര്‍ എസ് എസ് അടുത്തിടെ നടത്തിയ സര്‍വേയില്‍ ജനങ്ങളില്‍ ബഹുഭൂരിഭാഗവും നോട്ട് വിഷയത്തില്‍ അസംതൃപ്തരാണെന്നും തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും കണ്ടെത്തിയിരുന്നു. എസ് പിയിലെ പിളര്‍പ്പ് ഈ പ്രതിസന്ധി തരണം ചെയ്യാന്‍ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. യു പി രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകങ്ങളാണ് ന്യൂനപക്ഷങ്ങളും ദളിതുകളും. 2012ലെ തിരഞ്ഞെടുപ്പില്‍ എസ് പിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായത് ഈ വോട്ടുകളാണ്. പാര്‍ട്ടി പിളര്‍ന്നാല്‍ സമാജ്‌വാദി പാര്‍ട്ടിക്ക് പിന്നിലുള്ള മുസ്‌ലിംകള്‍ ബി എസ് പിക്കൊപ്പം നീങ്ങാനാണ് സാധ്യത. എസ് പിക്ക് കഴിഞ്ഞ തവണ ലഭിച്ചിരുന്ന ദളിത് വോട്ടുകളില്‍ ഒരു പങ്ക് ബി ജെ പി ക്യാമ്പിലെത്തുകയും ചെയ്യും. മതേതര രാഷ്ട്രീയം എസ് പിയിലെ ചേരിപ്പോരും പിളര്‍പ്പും ആശങ്കയോടെയാണ് കാണുന്നത്. ഒന്നര പതിറ്റാണ്ടിന് ശേഷം യു പി ഭരണം വീണ്ടും ബി ജെ പിയുടെ കൈകളിലെത്തിച്ചാല്‍ മുലായമിനും അഖിലേഷിനുമായിരിക്കും അതിന്റെ ഉത്തരവാദിത്വം. മുലായം വിഭാഗം അമര്‍സിംഗിന്റെയും അഖിലേഷ് പക്ഷം രാംഗോപാല്‍ യാദവിന്റെയും നിയന്ത്രണത്തിലുള്ള ഉപജാപക സംഘത്തിന്റെ പിടിയിലാണിപ്പോള്‍. ഇവരുടെ പിടിയില്‍ നിന്ന് മോചിതമായി സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള വിവേകം മുലായമും അഖിേലഷും പ്രകടിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയായിരിക്കും പരിണതി.

Latest