പുകമഞ്ഞ്: ഡല്‍ഹിയെ കാത്തിരിക്കുന്ന കൊച്ചി

വളരെയേറെ മരങ്ങള്‍ ഉള്ള ഡല്‍ഹിയിലെ അവസ്ഥ ഇതാണെങ്കില്‍ മരങ്ങള്‍ വെട്ടിമാറ്റിയ കേരളത്തിലെ നഗരങ്ങളില്‍ പുകമഞ്ഞ് ഉണ്ടായാല്‍ ജീവിതം നരകതുല്യമായിരിക്കും. പ്രതിദിനം 15 ലക്ഷത്തിലധികം വാഹനങ്ങള്‍ കയറിയിറങ്ങുന്ന റോഡുകള്‍, കെട്ടിടങ്ങളില്‍ നിന്നും റോഡുകളില്‍ നിന്നുമുള്ള താപതരംഗം, വാഹന പുക, കെട്ടിട നിര്‍മാണത്തിലെ പൊടിപടലങ്ങള്‍, മെട്രോറെയില്‍, ജനറേറ്ററുകളില്‍ നിന്നുള്ള പുക, പൊടി, മലിനവായു എന്നിവയും പകല്‍ സമയത്തെ കടുത്ത ചൂട്, രാത്രികാലങ്ങളിലെ തണുപ്പ്, മഞ്ഞ്, വായു സഞ്ചാരം തടഞ്ഞ് മറൈന്‍ ഡ്രൈവില്‍ പണി തീര്‍ത്തിട്ടുള്ള അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയുമെല്ലാം കൊച്ചിയില്‍ സാധാരണ പുകമഞ്ഞിനും ഫോട്ടോ കെമിക്കല്‍ പുകമഞ്ഞിനും സാധ്യത ഉയര്‍ത്തുന്നു.
Posted on: January 3, 2017 6:00 am | Last updated: January 3, 2017 at 12:14 am
SHARE

പുകമഞ്ഞിനെയും വായു മലിനീകരണത്തെയും നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളവും കണ്ട് മനസ്സിലാക്കേണ്ടതാണ്. ജീവവായു ദുഷിച്ചാല്‍ ജനജീവിതം അസാധ്യമാണെന്ന് ഡല്‍ഹിയിലെ പുകമഞ്ഞ് നമ്മെ പഠിപ്പിച്ചു. തീവണ്ടി, വിമാനം, റോട്ടിലെ വാഹനങ്ങള്‍ എല്ലാം പുകമഞ്ഞിന്റെ രൂക്ഷത മൂലം നിലച്ചു. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടന്നു. ജനങ്ങള്‍ മാസ്‌ക് ധരിച്ച് നടന്നു. ഓക്‌സിജന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ശ്വാസകോശ രോഗങ്ങള്‍ കാരണം ജനം ആശുപത്രി വരാന്തകള്‍ പോലും കീഴടക്കി. ആസ്ത്മാ രോഗികള്‍ക്ക് നാടുവിട്ടോടേണ്ടിവരുന്ന അവസ്ഥ. ചുമയും അലര്‍ജിയും കൊണ്ട് ജനം പൊറുതിമുട്ടി. എങ്ങും രോഗാതുരമായ അന്തരീക്ഷം. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് വരെ ശ്വാസ തടസ്സം. പ്രായമായവരും രോഗികളും വിശ്രമജീവിതം നയിക്കുന്നവരും ദുരിതത്തിലായ ദിനങ്ങള്‍.

ഇരുപത് ദശലക്ഷം ജനസംഖ്യയുള്ള രാജ്യ തലസ്ഥാനത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടിവന്നു. പൊടിപടലങ്ങളുടെ തോത് 2. 5 മൈക്രോ മാറ്ററാണ് ഡല്‍ഹിയിലെ വായുവില്‍. ലോകത്ത് മലിനീകരണം കൊണ്ട് വീര്‍പ്പ് മുട്ടുന്ന 153 വന്‍ നഗരങ്ങളില്‍ ഡല്‍ഹിയുടെ സ്ഥാനം 53 ആണ്. കല്‍ക്കരി താപനിലയങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പുക, കെട്ടിട നിര്‍ണ സമയത്തെയും പൊളിക്കുന്ന വേളയിലെയും പൊടി പടലങ്ങള്‍, വൈക്കോല്‍ കത്തിക്കല്‍, നഗരമാലിന്യം കത്തിക്കല്‍, പ്ലാസ്റ്റിക് കത്തിക്കല്‍, ദീപാവലി വെടിമരുന്ന് പ്രയോഗം, ഇഷ്ടിക ചൂളകള്‍, വ്യവസായ ശാലകള്‍ എന്നിവയെല്ലാം ഡല്‍ഹിയിലെ പുക മഞ്ഞിന് ആക്കം കൂട്ടി. അന്തരീക്ഷത്തില്‍ വാതകങ്ങള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടു. അതിന് തെര്‍മല്‍ ഇന്‍വെര്‍ഷന്‍ എന്ന പ്രതിഭാസവും കാരണമായി.

വേനല്‍ കാലത്തിന് ശേഷം മഞ്ഞുകാലം തുടങ്ങുന്ന ഘട്ടങ്ങളിലാണ് തെര്‍മല്‍ ഇന്‍വെര്‍ഷന്‍ പ്രത്യക്ഷപ്പെടാറുള്ളതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. വേനല്‍ കാലത്തുണ്ടാകുന്ന ചൂടിന്റെ കാഠിന്യത്താല്‍ അന്തരീക്ഷത്തിന് മുകളില്‍ ചൂടുവായുവിന്റെ ഒരു വിതാനം കുടുങ്ങിക്കിടക്കുകയും മഞ്ഞുകാലം ആരംഭത്തില്‍ അന്തരീക്ഷ ഊഷ്മാവ് പൊടുന്നനെ കുറയുകയും ചെയ്യുമ്പോള്‍ തണുത്ത ഭൗമ ഉപരിതലത്തിലെ തണുത്ത വായുവിന് കാറ്റ് വഴി അന്തരീക്ഷ വായുവുമായി കലര്‍ന്ന് പോകുന്നതിന് കഴിയാതെ വരുന്ന ഒരു അവസ്ഥ സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടാകുക. ഇതോടെ തണുത്ത അന്തരീക്ഷവായുവിന് മുകളില്‍ കുടുങ്ങിക്കിടക്കുന്ന ചൂടുള്ള വായുവിന്റെ പ്രതലം അന്തരീക്ഷത്തിലുണ്ടാകുന്ന മലിനവായുവിനെ ഭൗമ ഉപരിതലത്തിലേക്ക് തിരിച്ച് തള്ളിവിടുന്ന അവസ്ഥ സൃഷ്ടിക്കുന്നു. ഇതിനെയാണ് തെര്‍മല്‍ ഇന്‍വെര്‍ഷന്‍ എന്ന് വിളിക്കുന്നത്.
ഇത് ദുഷിച്ച വായുവിനെ ഭൗമ ഉപരിതലത്തില്‍ തന്നെ കെട്ടിനിര്‍ത്തുന്നതിന് ഇടവരുത്തുന്നു. ഇത് കാറ്റും വായു സഞ്ചാരവും നിലച്ച മട്ടിലാക്കുന്നു. ഇത് ദുഷിച്ച വായു ശ്വസിക്കേണ്ട അവസ്ഥ ജീവജാലങ്ങള്‍ക്കുണ്ടാക്കുന്നു. അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ട് നിറയുന്നു. ഇതിന്റെ കൂടെ മൂടല്‍മഞ്ഞ് കൂടി പ്രത്യക്ഷമാകുമ്പോള്‍ മഞ്ഞില്‍ പുകകലര്‍ന്ന് പുക മഞ്ഞിന് ഇടവരുത്തുന്നു. ദിവസങ്ങളോളം ഈ പ്രതിഭാസം തുടര്‍ന്നേക്കാം. ആസ്ത്മ, ശ്വാസ തടസ്സം, ചുമ, അലര്‍ജി കണ്ണ് എരിച്ചില്‍ ശ്വാസ കോശ രോഗങ്ങള്‍ എന്നിവ ഈ ഘട്ടത്തിലെ രോഗങ്ങളാണ്.
തെര്‍മല്‍ ഇന്‍വെര്‍ഷന്‍ വഴി വായു സഞ്ചാരം നിലക്കുമ്പോള്‍ വാഹനപുക അന്തരീക്ഷത്തില്‍ അധികമാകുന്നതിന് കാരണമാകും. ഇത് അന്തരീക്ഷത്തിലെ ഹൈഡ്രോ കാര്‍ബണുകളുടെയും നൈട്രജന്റെ ഓക്‌സൈഡുകളുടെയും തോത് വര്‍ധിപ്പിക്കുകയും ഇത് പ്രകാശ രാസപ്രതിപ്രവര്‍ത്തനത്തിന് വഴിയൊരുക്കുകയും ചെയ്യും. വായുവിലെ ഹൈഡ്രോ കാര്‍ബണുകളും നൈട്രജന്റെ ഓക്‌സൈഡുകളും സൂര്യരശ്മിയുടെ സാന്നിധ്യത്തില്‍ പ്രതിപ്രവര്‍ത്തിച്ച് കാര്‍ബണ്‍മോണോക്‌സൈഡും ഓസോണും ഉണ്ടാകുന്ന രാസപ്രവര്‍ത്തനം നടക്കും. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. തലവേദന, കണ്ണെരിച്ചില്‍, ചുമ, തൊണ്ടവരണ്ടുപോകല്‍, ശ്വാസതടസ്സം, രക്തസമ്മര്‍ദവര്‍ധന, തലകറക്കം, കാഴ്ച കുറയല്‍ തുടങ്ങിയ വിവിധ രോഗങ്ങളിലേക്കാണ് ഫോട്ടോ കെമിക്കല്‍ സ്‌മോഗ് ചെന്നെത്തിക്കുക. അന്തരീക്ഷ വായു ശ്വസിക്കാന്‍ കൊള്ളാത്ത അവസ്ഥയിലെത്തിക്കുന്ന പുകമഞ്ഞാണിത്.

വളരെയേറെ മരങ്ങള്‍ ഉള്ള, പ്രാണവായു തരാന്‍ പര്യാപ്തമായ വന്‍മരങ്ങള്‍ ഉള്ള ഡല്‍ഹിയിലെ അവസ്ഥ ഇതാണെങ്കില്‍ മരങ്ങള്‍ വെട്ടിമാറ്റിയ കേരളത്തിലെ നഗരങ്ങളില്‍ പുകമഞ്ഞ് ഉണ്ടായാല്‍ ജീവിതം നരകതുല്യമായിരിക്കും. ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കും. പുകമഞ്ഞ് സൃഷ്ടിക്കപ്പെടാന്‍ ഏറെ സാധ്യത കൊച്ചിയിലാണ്. സാധാരണ പുകമഞ്ഞിനും ഫോട്ടോകെമിക്കല്‍ പുകമഞ്ഞിനും കൊച്ചിയില്‍ സാധ്യതയുണ്ട്. പ്രതിദിനം 15 ലക്ഷത്തിലധികം വാഹനങ്ങള്‍ കയറിയിറങ്ങുന്ന റോഡുകള്‍, കെട്ടിടങ്ങളില്‍ നിന്നും റോഡുകളില്‍ നിന്നുമുള്ള താപതരംഗം, വാഹന പുക, കെട്ടിട നിര്‍മാണത്തിലെ പൊടിപടലങ്ങള്‍, മെട്രോറെയില്‍, ജനറേറ്ററുകളില്‍ നിന്നുള്ള പുക, പൊടി, മലിനവായു എന്നിവയും പകല്‍ സമയെത്ത കടുത്ത ചൂട്, രാത്രികാലങ്ങളിലെ തണുപ്പ്, മഞ്ഞ്, വായു സഞ്ചാരം തടഞ്ഞ് മറൈന്‍ ഡ്രൈവില്‍ പണി തീര്‍ത്തിട്ടുള്ള അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയെല്ലാം കൊച്ചിയില്‍ സാധാരണ പുകമഞ്ഞിനും ഫോട്ടോ കെമിക്കല്‍ പുകമഞ്ഞിനും സാധ്യത ഉയര്‍ത്തുന്നു. മറ്റു നഗരങ്ങളില്‍ ഇല്ലാത്ത വിധം നഗര റോഡുകളില്‍ പ്ലാസ്റ്റിക് അടക്കമുള്ള ചവര്‍ കത്തിക്കല്‍, വാഹനങ്ങള്‍ പുറം തള്ളുന്ന കറുത്ത പുക, പെട്രോള്‍- ഡീസല്‍ വാഹനങ്ങളില്‍ മണ്ണെണ്ണ, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി ഓടിക്കുന്നത് എന്നിവയെല്ലാം കൊച്ചി നഗരത്തിലെ പുകമഞ്ഞിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്.
കൊച്ചിയിലെ മനുഷ്യരുടെ കഷ്ടതകള്‍ നാം മനസ്സിലാക്കണം. അത്തരം സാഹചര്യത്തിലേക്ക് കൊച്ചിയെ തള്ളിവിടരുത്. നഗരത്തിലെ വായുമലിനീകരണ തോത് അളക്കുന്ന ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് നടത്താതായിട്ട് 15 വര്‍ഷം കഴിഞ്ഞു. നഗരങ്ങളിലെ വായു മലിനീകരണ നിയന്ത്രണത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ വിധിക്ക് വിട്ട് നല്‍കിയിരിക്കുന്ന അവസ്ഥയാണിന്ന് കൊച്ചിയില്‍. ട്രാഫിക് ബ്ലോക് ഒഴിവാക്കാനും നിര്‍മാണ മേഖലയില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നും വായു മലിനീകരണം ഒഴിവാക്കാനും നടപടി സ്വീകരിക്കേണ്ടതുണ്ട്. കറുത്ത പുക തുപ്പി റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്ന ലോറികളും ഓട്ടോകളും പിക്കപ്പ് വാനുകളും കണ്ടുകെട്ടിയില്ലെങ്കില്‍ കൊച്ചി പുകമഞ്ഞിന്റെ പിടിയിലാകുന്ന ദിനങ്ങള്‍ അതിവിദൂരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here