തമിഴകം ഇനി മന്നാര്‍കുടി മാഫിയാ സഖ്യത്തിനു സ്വന്തം

ജയലളിതയുടെ മരണത്തെ തുടര്‍ന്നു ശശികല വീണ്ടും മന്നാര്‍കുടി സഖ്യവുമായുള്ള ബന്ധം വിളക്കി ചേര്‍ത്തിരിക്കുകയാണ്. ജയലളിതയുടെ ജീവിത കാലത്ത് ബന്ധുക്കളില്‍ നിന്നു അകന്നുനിന്നതു ശശികലയുടെ നാടകമാണോ എന്നു സംശയിക്കുന്നവരുണ്ട്. അഞ്ച് വര്‍ഷക്കാലം ജയലളിതയുടെ കണ്‍വെട്ടത്തു നിന്നു മാറി നിന്ന ശശികലയുടെ ഭര്‍ത്താവ് നടരാജനും മറ്റും രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു കിടത്തിയപ്പോള്‍ മൃതദേഹത്തിനരികില്‍ നിന്നുമാറാതെ നിന്നതു ഭാവിയിലേക്കുള്ള സൂചനയായി കണ്ടവരുണ്ട്. മറീനാ ബീച്ചിലെ ശവസംസ്‌കാര ചടങ്ങിനു ശേഷം ശശികല പോയസ് ഗാര്‍ഡനിലേക്കു തിരിച്ചുപോകുമ്പോള്‍ ഭര്‍ത്താവ് നടരാജനും കൂടെയുണ്ടാ യിരുന്നു.
Posted on: January 3, 2017 6:06 am | Last updated: January 3, 2017 at 12:15 am
SHARE
ശശികലയും ജയലളിതയും

തമിഴ്‌നാട് ഭരണകക്ഷിയായ അണ്ണാ ഡി എം കെയെ ഇനി മന്നാര്‍കുടി മാഫിയ സഖ്യം നയിക്കും. ജയലളിതയുടെ മരണത്തെ തുടര്‍ന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശശികലയുടെ വായുവും വെള്ളവും മന്നാര്‍കുടി സഖ്യമാണ്. പാര്‍ട്ടിയുടെ നിറനിലമായിരുന്ന ജയലളിതയുടെ നിഴലായി ശശികല തുടരുമ്പോഴും മന്നാര്‍കുടി മാഫിയ സഖ്യം സംസ്ഥാനത്തിനകത്തും പുറത്തും ആശിച്ചതെല്ലാം നേടിയിരുന്നു. എന്നാല്‍ ഇടക്കാലത്ത് ജയലളിത ചുകപ്പ് കാര്‍ഡ് ഉയര്‍ത്തിയതോടെ സഖ്യം തിരശ്ശീലക്കു പിന്നിലേക്കു മറഞ്ഞു. എന്നാല്‍ ശശികലയുടെ സ്ഥാനലബ്ധിയോടെ ഇനി എല്ലാം സുഗമം.

തഞ്ചാവൂര്‍ ജില്ലയിലെ മന്നാര്‍കുടിയില്‍ 1956 ലായിരുന്നു ശശികലയുടെ ജനനം. കര്‍ഷകനായ വിവേകാന്ദന്റെയും കൃഷ്ണവേണിയുടെയും മകള്‍. കള്ളാര്‍ സമുദായംഗം. ‘കള്ളന്മാരുടെ കൂട്ടായ്മ’ എന്ന പേരിലാണ് കള്ളാര്‍ സമുദായം നാട്ടില്‍ അറിയപ്പെട്ടിരുന്നത്. ശശികല ജയലളിതയുടെ വലം കയ്യായതോടെ കള്ളാര്‍ സമുദായം എ ഡി എം കെയുടെ ശക്തിദുര്‍ഗമെന്ന നിലയില്‍ അറിയപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ശശികല വിവാഹിതയാകുന്നതുവരെ ആരാലും അറിയപ്പെട്ടിരുന്നില്ല. ഡി എം കെ യുവനേതാവായ നടരാജനുമായി 1974ലായിരുന്നു ശശികലയുടെ വിവാഹം.

സംസ്ഥാന പബ്ലിക് റിലേഷന്‍ വിഭാഗത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന നടരാജനെ അടിയന്തരാവസ്ഥകാലത്തു ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഭര്‍ത്താവിന് ജോലിനഷ്ടപ്പെട്ട സാഹചര്യത്തില്‍ കുടുംബം പുലര്‍ത്താനായി ശശികല വീഡിയോ പാര്‍ലര്‍ തുടങ്ങി. പ്രദേശത്തെ വിവാഹങ്ങളും മറ്റും ചിത്രീകരിക്കാന്‍ ശശികല നേരിട്ടുതന്നെ പോയിത്തുടങ്ങി. അക്കാലത്ത് കടലൂര്‍ കലക്ടറായിരുന്ന വി എസ് ചന്ദ്രലേഖയുമായി ശശികലയുടെ ഭര്‍ത്താവ് നടരാജന് സുഹൃദ്ബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രനുമായി ചന്ദ്രലേഖക്കും നല്ല അടുപ്പമായിരുന്നു. പാര്‍ട്ടി പരിപാടികള്‍ ചിത്രീകരിക്കുവാനുള്ള ജോലി ചന്ദ്രലേഖ മുഖേനെ എം ജി ആറില്‍ നിന്നും ശശികല നേടിയെടുത്തു. എ ഐ ഡി എം കെ യുടെ പ്രചാരണ വിഭാഗം ചുമതല ഇക്കാലത്ത് ജയലളിതക്കായിരുന്നു. ശശികല ജയലളിതയുമായി ബന്ധം സ്ഥാപിക്കുന്നത് ഇവിടെ നിന്നാണ്. ആ ബന്ധം നാള്‍ക്കുനാള്‍ വളര്‍ന്നു. എം ജി ആറിന്റെ മരണത്തെത്തുടര്‍ന്നു പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ജയലളിതക്കു താങ്ങും തണലും നല്‍കുന്നതില്‍ ശശികലയും കുടുംബവും മുമ്പില്‍ നിന്നു. ശശികലയുടെ സഹോദരന്‍ ഡോ. വിനോദിന്റെ വീട്ടിലാണ് അക്കാലത്ത് ജയലളിത കുറച്ചുകാലം താമസിച്ചത്.

ജയലളിത മുഖ്യമന്ത്രിയായതോടെ ശശികലയുടെ കുടുംബം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായി മാറി. ഇതോടെ ‘മന്നാര്‍കുടി മാഫിയസഖ്യം’ എന്ന പേരും നാട്ടുകാര്‍ ശശികലയുടെ കുടുംബത്തിനുപതിച്ചു നല്‍കി. ശശികല, ഭര്‍ത്താവ് നടരാജന്‍; നടരാജന്റെ സഹോദരന്‍ ദിവാകരന്‍ പഴനിവേലു; ശശികലയുടെ സഹോദരി വനിതയുടെ മക്കളായ ദിനകരന്‍, സുധാകരന്‍, ഭാസ്‌കരന്‍; ശശികലയുടെ സഹോദരന്‍ സുന്ദരത്തിന്റെ മകന്‍ ഡോ.വെങ്കിടേഷന്‍; നടരാജന്റെ സഹോദരന്മാരായ രാമചന്ദ്രന്‍, സഹദേവന്‍ തങ്കമണി, ഇളയച്ചന്‍ രാവണന്‍; ശശികലയുടെ മറ്റൊരു സഹോദരി ഇളവരശിയുടെ മകന്‍ കാലിയപെരുമാള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മന്നാര്‍കുടി മാഫിയസഖ്യം സംസ്ഥാനത്ത് തഴച്ചുവളര്‍ന്നു. ഭൂമികൈയേറ്റം, തട്ടികൊണ്ടുപോകല്‍, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ ഈ സഖ്യത്തിന്‍മേല്‍ ചാര്‍ത്തപ്പെട്ടു.

ശശികലയുടെ സഹോദരി വനിതയുടെ മകന്‍ സുധാകരനെ ജയലളിത ദത്തുപുത്രനായി വളര്‍ത്തി. 1996ല്‍ നടന്ന ഈ ദത്തുപുത്രന്റെ വിവാഹമാമാങ്കം വാര്‍ത്തകളില്‍ ഇടംപിടിച്ചതായിരുന്നു. ശശികലയുടെ ബന്ധുക്കളില്‍ പലരെയും പാര്‍ട്ടിയുടെയും സര്‍ക്കാര്‍ ബോര്‍ഡുകളുടെയും മറ്റും നേതൃസ്ഥാനങ്ങളില്‍ ജയലളിത നിയോഗിച്ചു. ശശികലയുടെ സഹോദരി പുത്രന്‍ ദിനകരനെ പെരിയകുളം പാര്‍ലിമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തി വിജയിപ്പിക്കുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ മാത്രമല്ല സിംഗപ്പൂര്‍ മലേഷ്യ, ദുബൈ എന്നിവിടങ്ങളിലും മന്നാര്‍കുടി സഖ്യത്തിനു ആസ്തികളുണ്ടെന്നാണ് പറയപ്പെടുന്നത്. ജയലളിതയെ രോഗബാധിതയായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ ശശികല ആരെയും അനുവദിച്ചില്ല എന്ന ആരോപണം നിലവിലുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍ക്കു പോലും സന്ദര്‍ശനം നിഷേധിച്ചു. ജയലളിത ആരോഗ്യവതിയായിരിക്കുമ്പോഴും ശശികലയുടെ അനുമതി കൂടാതെ അവരെ കാണാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. എന്നാല്‍, ഇടക്കാലത്ത് ഇതിനൊരു മാറ്റം വന്നു. താനറിയാതെ ശശികലയും കൂട്ടരും ചില ഇടപാടുകള്‍ നടത്തുന്നതായും തനിക്കെതിരെ ചരടുവലി നടത്തുന്നതായും സംശയിച്ച ജയലളിത ശശികല ഉള്‍പ്പെടെ പതിമൂന്നുപേരെ പാര്‍ട്ടിയില്‍ നിന്നു ആജീവനാന്ത കാലത്തേക്കു പുറത്താക്കി. പുറത്താക്കപ്പെട്ട മുഴുവന്‍ പേരും ശശികലയുടെ ബന്ധുക്കളായിരുന്നു. 2011 ഡിസംബര്‍ 19നാണ് ഈ പുറത്താക്കല്‍ നടപടിയുണ്ടായത്. എന്നാല്‍ നൂറു ദിവസം തികയുംമുമ്പേ ശശികല തിരിച്ചു ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി. ഭര്‍ത്താവ് നടരാജനുള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ജയലളിത ശശികലയെ തിരിച്ചുവിളിച്ചതത്രെ. ഇതു ശരിവെക്കുന്ന രീതിയിലാണ് ശശികലയുടെ പിന്നീടുള്ള പ്രവര്‍ത്തനം. അവര്‍ കുടുംബാംഗങ്ങളില്‍ നിന്നു പൂര്‍ണമായും വിട്ടുനിന്നു. എന്നാല്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്നു ശശികല വീണ്ടും മന്നാര്‍കുടി സഖ്യവുമായുള്ള ബന്ധം വിളക്കി ചേര്‍ത്തിരിക്കുകയാണ്. ജയലളിതയുടെ ജീവിത കാലത്ത് ബന്ധുക്കളില്‍ നിന്നു അകന്നുനിന്നതു ശശികലയുടെ നാടകമാണോ എന്നു സംശയിക്കുന്നവരുണ്ട്. ശശികലയുടെ അറിവോടെ വിഷം നല്‍കി ജയലളിതയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവും മന്നാര്‍കുടി മാഫിയ സഖ്യത്തിന്റെ തിരിച്ചുവരവിലേക്കു വിരല്‍ ചൂണ്ടുന്നതായി സംസാരമുണ്ട്. അഞ്ച് വര്‍ഷക്കാലം ജയലളിതയുടെ കണ്‍വെട്ടത്തു നിന്നു മാറി നിന്ന ശശികലയുടെ ഭര്‍ത്താവ് നടരാജനും മറ്റും രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു കിടത്തിയപ്പോള്‍ മൃതദേഹത്തിനരികില്‍ നിന്നുമാറി നില്‍ക്കാതെ അവിടെ തന്നെ നിന്നതു ഭാവിയിലേക്കുള്ള സൂചനയായി കണ്ടവരുണ്ട്. മറീനാ ബീച്ചിലെ ശവസംസ്‌കാര ചടങ്ങിനു ശേഷം ശശികല പോയസ് ഗാര്‍ഡനിലേക്കു തിരിച്ചുപോകുമ്പോള്‍ ഭര്‍ത്താവ് നടരാജനും കൂടെയുണ്ടായിരുന്നു.

ശശികലയുടെ ഭര്‍ത്താവ് എന്നതിലുപരി നടരാജന് ഒരു പൂര്‍വ ചരിത്രമുണ്ട്. ഡി എം കെ മുന്‍ നേതാവായിരുന്ന നടരാജന്‍ കരുണാനിധിയുടെ വാത്സല്യഭാജനമായിരുന്നു. ശശികലയുമായി നടരാജന്റെ വിവാഹം കരുണാനിധിയുടെ ആശിര്‍വാദത്തോടെയായിരുന്നു നടന്നത്. ഡി എം കെ നേതൃത്വത്തില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരനേതാക്കളില്‍ ഒരാളായിരുന്നു നടരാജന്‍. സര്‍ക്കാര്‍ സര്‍വീസില്‍ നടരാജനു താല്‍ക്കാലിക നിയമനം ലഭിച്ചത് കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. എന്നാല്‍ പിന്നീട് നടരാജന്‍ ജയലളിതയുടെ അടുപ്പക്കാരനായി. ഇക്കാലത്ത് തിരഞ്ഞെ ടുപ്പില്‍ മത്സരിക്കാന്‍ സീറ്റു വാഗ്ദാനം നല്‍കി പണം പറ്റിയെന്ന കേസില്‍ നടരാജനെ കരുണാനിധിയുടെ പോലീസ് അറസ്റ്റ് ചെയ്തു.1989ലായിരുന്നു അറസ്റ്റ്. അറസ്റ്റിനെ തുടര്‍ന്നു നടത്തിയ റെയ്ഡില്‍ നടരാജന്റെ വീട്ടില്‍ നിന്നു വ്യാജ ലെറ്റര്‍ പോലീസിനു ലഭിക്കുകയുണ്ടായി. നിയമസഭാംഗത്വം രാജിവെച്ചുകൊണ്ടുള്ള ജയലളിതയെഴുതിയതെന്നു തോന്നിപ്പിക്കുന്ന വ്യാജലെറ്ററാണ് അന്ന് പോലീസിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here