Connect with us

International

അഴിമതി: നെതന്യാഹുവിനെ ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

ജറൂസലം: അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലീസ് ചോദ്യംചെയ്‌തേക്കുമെന്ന് ഇസ്‌റാഈല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചു തന്നെയായിരിക്കും ചോദ്യം ചെയ്യലെന്ന് ഇസ്‌റാഈല്‍ ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന്റെ സ്വഭാവം സംബന്ധിച്ച് വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല.

രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികളില്‍ നിന്ന് ഉപഹാരങ്ങളും മറ്റ് ആനുകൂല്യങ്ങളും നെതന്യാഹുവും കുടുംബവും കൈപ്പറ്റിയത് സംബന്ധിച്ചായിരിക്കും പ്രധാന ചോദ്യം ചെയ്യലെന്ന് ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഏറെ ഗൗരവമാര്‍ന്ന രണ്ടാമത്തെ അന്വേഷണത്തില്‍ നെതന്യാഹുവിനെയാണ് പ്രധാനമായും സംശയിക്കുന്നതെന്നും അടുത്ത ആഴ്ചയോടെ ഇത് സംബന്ധിച്ച് ക്രിമിനല്‍ അന്വേഷണം നടന്നേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം രണ്ട് വ്യവസായികളില്‍ നിന്ന് ഉപഹാരങ്ങള്‍ സ്വീകരിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച നെതന്യാഹു ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.

283 ദശലക്ഷം യൂറോയുടെ അഴിമതി നടത്തിയതിനെത്തുടര്‍ന്ന് എട്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച പ്രമുഖ ഫ്രഞ്ച് വ്യവസായി അമോദ് മിമ്രാനില്‍ നിന്ന് പണം കൈപ്പറ്റിയതായി നെതന്യാഹു സമ്മതിച്ചിരുന്നു. നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തില്ലാതിരുന്ന 2001ല്‍ പൊതുപ്രവര്‍ത്തനത്തിനായിട്ടാണ് 40,000 ഡോളര്‍ മിമ്രാനില്‍നിന്നും കൈപ്പറ്റിയതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ജര്‍മന്‍ കമ്പനിയില്‍ നിന്ന് മുങ്ങിക്കപ്പല്‍ വാങ്ങിയതിലും ക്രമക്കേട് നടന്നുവെന്ന് ആരോപണമുണ്ട്.

Latest