ഭാര്യയോട് ഒന്നും ഉരിയാടാതെ 20 വര്‍ഷം നീണ്ട പിണക്കം

Posted on: January 3, 2017 8:01 am | Last updated: January 3, 2017 at 12:02 am
SHARE
ടി വി ഷോക്കിടെ ഒറ്റോയും ഭാര്യ യുമിയും

ടോക്കിയോ: ദമ്പതികള്‍ക്കിടയില്‍ സൗന്ദര്യ പിണക്കം സ്വാഭാവികമാണ്. അതിന്റെ പേരില്‍ ദിവസങ്ങളോളം മിണ്ടാതിരിക്കല്‍ പറഞ്ഞുകേള്‍ക്കാത്ത കാര്യമാണ്. എന്നാല്‍, ജപ്പാനില്‍ ഒരു ഭര്‍ത്താവ് തന്റെ ഭാര്യയുമായി സംസാരിച്ചിട്ട് 20 കൊല്ലമായി. തന്നേക്കാളും ഭാര്യ തങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നുണ്ടെന്ന തോന്നലാണ് ഈ നീണ്ട മൗനത്തിന് കാരണമായത്. അവിശ്വസ്‌നീയവും രസകരവുമായ കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാകട്ടെ ഇവരുടെ മകനും. ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്ന ഈ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.

ദക്ഷിണ ജപ്പാനിലെ നാറയിലെ ഒറ്റോ കറ്റയാമയാണ് തന്റെ ഭാര്യ യുമിയോട് 20 കൊല്ലമായി മൗന വ്രതത്തിലായിട്ട്. ടി വി ഷോയിലേക്ക് 18കാരനായ മകന്‍ യൂഷിക്കാണ് ഇക്കാര്യം വെളിപ്പെടുത്തി കത്തെഴുതിയത്. തന്റെ മാതാപിതാക്കള്‍ പരസ്പരം സംസാരിക്കുന്നത് താന്‍ കണ്ടില്ലെന്നും ഇവരെ സംസാരിക്കപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നുമായിരുന്നു യൂഷിക്കിന്റെ ആവശ്യം. യൂഷിക്കിന്റെ കത്തിലെ രഹസ്യം അറിയാനായി ടി വി ചാനല്‍ രംഗത്തെത്തിയതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്.

ഒരു പാര്‍ക്കില്‍ വെച്ച് ടി വി ഷോയിലെ അവതാരകര്‍ ഇവര്‍ക്ക് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെങ്കിലും പരസ്പരം ഉരിയാടാതെ അവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ ചോദിച്ച കാര്യങ്ങളോട് പ്രതികരിക്കാതെ ഭര്‍ത്താവ് തലയാട്ടുക മാത്രമാണ് ചെയ്തത്.
മാതാപിതാക്കള്‍ പരസ്പരം സംസാരിക്കുന്നത് കാണാന്‍ പാര്‍ക്കില്‍ യൂഷിക്ക് ഉള്‍പ്പെടെയുള്ള മൂന്ന് മക്കളും വന്നിരുന്നു. എന്നാല്‍ നിരാശയോടെ അവര്‍ മടങ്ങി. തങ്ങളുടെ മാതാപിതാക്കളെ സംസാരിപ്പിക്കാനുള്ള അവസാന ശ്രമമാണിതെന്ന് അവര്‍ പറഞ്ഞു. തനിക്ക് ഭാര്യയുമായി സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഒരുതരം അസൂയ തന്നെ പിടികൂടിയെന്നും ഒറ്റോ പറഞ്ഞു.