Connect with us

National

സാഹസിക പ്രകടനങ്ങളുമായി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മേള

Published

|

Last Updated

മൈസൂരു: മൈസൂരുവില്‍ നടക്കുന്ന ദേശീയ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മേളയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സാഹസിക പ്രകടനങ്ങള്‍ ശ്രദ്ധേയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 25000ത്തോളം വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന മേളയിലെ നാലാം ദിവസമായ ഇന്നലെയാണ് വ്യത്യസ്തമായ സാഹസിക പ്രകടനങ്ങള്‍ അരങ്ങേറിയത്. ഭാവി തലമുറയുടെ കരുത്തും ധൈര്യവും സാഹസികതയോടുള്ള താത്പര്യവും പ്രകടമാകുന്നതായിരുന്നു ഇനങ്ങള്‍.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സണ്‍ഫഌവര്‍ ഷോ അവതരിപ്പിച്ചപ്പോള്‍ ഹരിയാന വിദ്യാര്‍ഥികള്‍ മരത്തില്‍ ഇലകള്‍ പോലെ തൂങ്ങിക്കിടന്നുള്ള സാഹസിക പ്രകടനമാണ് അവതരിപ്പിച്ചത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സ്തൂപത്തിന് മുകളില്‍ ദേശീയ പതാക കെട്ടി അതിന് കീഴെ തൂങ്ങിയത് ശ്രദ്ധയാകര്‍ഷിച്ചു. മിസോറാമുകാര്‍ കരാട്ടെയും രാജസ്ഥാനികള്‍ യുദ്ധമുറയുടെ വിവിധ ഭാവങ്ങളും പ്രദര്‍ശിപ്പിച്ചു.
മൈസൂരു നഞ്ചന്‍കോട് ആഡക്കനഹള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് പതിനേഴാമത് ദേശീയ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മേള ഉദ്ഘാടനം ചെയ്തത്. ആട്ടവും പാട്ടും പഠനവുമൊക്കെയായി മൈസൂരുവിന് ഹരം പകര്‍ന്ന മേള നാളെ സമാപിക്കും. നല്ല നാളേക്കായി നമുക്കൊത്തുകൂടാം എന്ന പ്രമേയത്തില്‍ ആഡക്കനഹള്ളിയിലെ മുന്നൂറ് ഏക്കര്‍ ഭൂമിയില്‍ 2500 ടെന്റുകള്‍ കെട്ടിയാണ് വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഇടകലര്‍ന്നുള്ള കൗമാരങ്ങള്‍ ഒരു വേദിക്ക് കീഴെ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് എത്തുന്നത്.

Latest